രോഹിതിന്റെയോ കോഹ്ലിയുടെയോ സ്റ്റാർഡം അയാള്‍ക്കില്ലാതെ പോയതാണോ പ്രശ്നം, ഇരുവർക്കും ലഭിച്ച അനേകം അവസരങ്ങള്‍ മുഹമ്മദ് ഷമിക്ക് എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു
മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്, അത് സാധ്യമാകാത്തത്ര ദൂരത്തിലാണോ? ന്യൂസിലൻഡ് പരമ്പരയ്കക്ക് മുന്നോടിയായി അന്തരീക്ഷത്തില്‍ ഷമിയുടേ പേരോളം മറ്റാരുടേയും ഉയര്‍ന്ന് കേട്ടിരുന്നില്ല. അയാളുടെ തിരിച്ചുവരവ് ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയിങ്ങനെ നിറഞ്ഞുനിന്നു. പക്ഷേ, ബിസിസിഐ പട്ടിക പുറത്തിറക്കിയപ്പോള്‍ എത്ര പരതിയിട്ടും ആ പേര് മാത്രം ഉണ്ടായിരുന്നില്ല. രോഹിത് ശര്‍മയുടേയോ വിരാട് കോഹ്ലിയുടെയോ സ്റ്റാര്‍ഡം അയാള്‍ക്കില്ലാതെ പോയതാണോ പ്രശ്നം, രോഹിതിനും കോഹ്ലിക്കും തെളിയിക്കാൻ ലഭിച്ച അവസരങ്ങള്‍ ഷമിക്ക് എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു. 2025 ചാമ്പ്യൻസ് ട്രോഫിയായിരുന്നോ ഷമിയുടെ അവസാന അന്താരാഷ്ട്ര മത്സരം. അങ്ങനെ ചോദ്യങ്ങള്‍ പലതാണ്.
ഏകദിന ലോകകപ്പുകളില്‍ സാക്ഷാല്‍ ഗ്ലെൻ മഗ്രാത്തിനേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റിലും ശരാശരിയിലും ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകള്‍. 2023ല്‍ അയാളുടെ വേഗപ്പന്തുകള്‍ സമ്മാനിച്ചത് അതിനിര്‍ണായക നിമിഷങ്ങള്‍. നീലയിലൊടുവിലെത്തിയ ചാമ്പ്യൻസ് ട്രോഫിയില്‍പ്പോലും ഒൻപത് വിക്കറ്റുമായി പട്ടികയില്‍ മൂന്നാമൻ. പകരം വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യൻ ടീമില്‍ എത്തിയ മറ്റേതൊരു താരത്തേക്കാള്‍ മികവും കൈവശമുണ്ട്. ഷമിയുടെ ശാരീരികക്ഷമതയായിരുന്നു ബിസിസിഐക്ക് മുന്നില്‍ ചോദ്യചിഹ്നമായി നിലനിന്നതെന്ന് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു, ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായി ഷമി തെളിയിക്കണമെന്ന നിര്‍ദേശവും അഗാര്‍ക്കര്‍ മുന്നോട്ടുവെച്ചു.
അഗാര്‍ക്കറുടെ മുന്നിലുണ്ടായിരുന്ന ആശങ്ക കായികക്ഷമതയായിരുന്നോവെന്നതില്‍ ഷമിക്ക് തന്നെ സംശയമുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് പരമ്പരകള്‍ക്കിടയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലുള്ള രഞ്ജി ട്രോഫി, സെയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ്, ഏകദിനശൈലിയിലുള്ള വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ ബംഗാളിനായി ഷമി കളത്തിലെത്തി. കായിക ക്ഷമതയില്ലാത്ത താരങ്ങളെ എങ്ങനെ ഒരു ബോര്‍ഡ് കളിക്കാൻ അനുവദിക്കും, അതും തുടര്‍ച്ചയായി മൂന്ന് ടൂര്‍ണമെന്റുകള്‍. മേല്‍പ്പറഞ്ഞ മൂന്ന് ടൂര്‍ണമെന്റുകളിലും ഷമിയുടെ പ്രകടനം കൂടി എടുത്തുവെക്കാം.
രഞ്ജി ട്രോഫിയില്‍ നാല് കളികളില്‍ നിന്ന് 20 വിക്കറ്റുകള്‍. ഒരു അഞ്ച് വിക്കറ്റ് നേട്ടം. സെയ്‌ദ് മുഷ്‌താഖ് അലിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍. നാല് വിക്കറ്റ് കൊയ്തത് രണ്ട് തവണ. നിലവില്‍ പുരോഗമിക്കുന്ന വിജയ് ഹസാരെയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളും ഷമി നേടിയിട്ടുണ്ട്. അവസാനം കളത്തിലെത്തിയ 10 കളികളില്‍ 24 വിക്കറ്റുകള്‍, ഒന്നില്‍ പോലും വിക്കറ്റ് നേടാതെയും ഇരുന്നിട്ടില്ല. ശാരീരികക്ഷമതയും ഫോമും മാത്രമാണോ പ്രശ്നമെന്ന സംശയം ഉയര്‍ന്നാല്‍ തെറ്റുപറയാനാകില്ല. കാരണം, രണ്ട് കോളത്തിലും ടിക്ക് ഇടാൻ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷമിക്ക് സാധിച്ചിട്ടുണ്ട്.
പിന്നെ എന്തായിരിക്കും കാരണമെന്ന് ചോദിച്ചാല്‍ ഷമിക്കപ്പുറം ബിസിസിഐ ചിന്തിച്ചു തുടങ്ങി ഈ കാലയളവില്‍ എന്നുതന്നെയാണ് ഉത്തരം. കഴിഞ്ഞ രണ്ട് ഏകദിന പരമ്പരകളെടുക്കാം. വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിനേയും പരിഗണിക്കാം. മൂന്നിലും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയുടെ സാന്നിധ്യമില്ല. ഓസ്ട്രേലിയൻ പര്യടനത്തില്‍ ഇന്ത്യൻ പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് എന്നിവരായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സിറാജിനെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ന്യൂസിലൻഡ് പരമ്പരയിലേക്ക് സിറാജിന്റെ മടങ്ങിവരവുമുണ്ടായിരിക്കുന്നു, മറ്റ് മാറ്റാങ്ങളൊന്നുമില്ല.
സിറാജിന്റെ സാന്നിധ്യത്തില്‍ ഹര്‍ഷിത് റാണയാണ് രണ്ടാം പേസറായി ഇടം പിടിച്ചത്, ബാക്കപ്പായി പ്രസിദ്ധ് കൃഷ്ണയും. സിറാജിന്റെ അഭാവത്തില്‍ ഹര്‍ഷിതായിരുന്നു ആദ്യ ഓപ്ഷൻ. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഹര്‍ഷിത്, പ്രസിദ്ധ ദ്വയത്തെ നിരന്തരം പരീക്ഷിക്കുന്നതെന്ന് വേണം കരുതാൻ. ദക്ഷിണാഫ്രിക്കയിലെ പേസിന് അനുകൂലമായ വിക്കറ്റുകളില്‍ ഹിറ്റ് ദ ഡെക്ക് ബൗളര്‍മാരാണ് മുൻതൂക്കം നല്‍കുക. ഹര്‍ഷിതും പ്രസിദ്ധും അതിന് ഏറ്റവും അനുയോജ്യരാണെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. പക്ഷേ, ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിനിറങ്ങുമ്പോള്‍ പരിചയസമ്പന്നത പ്രധാനമാണ്.
ഹര്‍ഷിത് ഇതുവരെ 11 ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. പ്രസിദ്ധാകട്ടെ 21 ഏകദിനങ്ങളും. ഇരുവരും വിക്കറ്റുകള്‍ നേടുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാൻ മടിയില്ലാത്തവരാണ്, രണ്ട് പേരുടേയും എക്കണോമി ആറിന് മുകളിലാണ്. ലോകകപ്പിലേക്ക് എത്തുമ്പോള്‍ ബുമ്രയായിരിക്കും പേസ് നിരയെ നയിക്കുക എന്നത് തീര്‍ച്ചയാണ്, രണ്ടാം പേസറായി സിറാജുമുണ്ടാകും. മൂന്നാം സ്ഥാനമായിരിക്കും ഹര്‍ഷതിനോ പ്രസിദ്ധിനോ ലഭിക്കുക. ഹര്‍ഷിതിനാണ് മുൻതൂക്കമെന്ന് സമീപകാലത്ത് താരത്തെ ഉപയോഗിക്കുന്ന വിധം വ്യക്തമാക്കുന്നു.
സമീപകാലത്ത് തുടരുന്ന ട്രെൻഡുകള്‍ വിലയിരുത്തുമ്പോള്‍ ഹര്‍ഷിതിന് കൂടുതല്‍ എക്സ്പോഷര്‍ നല്‍കുകയാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ ഷമിക്ക് മുന്നില്‍ ഏകദിന ടീമിന്റെ വാതില്‍ തുറക്കുക എന്നത് പ്രയാസമാണെന്ന് വേണം കരുതാൻ. രോഹിതും കോഹ്ലിയും ഇന്ത്യക്ക് എന്ത് നല്‍കിയോ അതിലൊട്ടും കുറവ് ഷമിയുടെ പന്തുകള്‍ വരുത്തിയിട്ടില്ല. പക്ഷേ, അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രം.


