ഈ സീസണില്‍ മുൻനിരയിലേക്ക് വന്ന ടീമുകള്‍ നോക്കൂ, അവരുടെ ലൈനപ്പുകളില്‍ ഐതിഹാസികമായ ബ്ലു ആൻഡ് ഗോള്‍ഡ് ധരിച്ച ഒരുവനെയെങ്കിലും നിങ്ങള്‍ക്ക് കാണാനാകും


മൈറ്റി ഓസിസിനേക്കുറിച്ച് കേട്ടിട്ടില്ലെ നിങ്ങള്‍. 22 വാരയ്ക്ക് ചുറ്റുമുള്ള മൈതാനത്ത് ഇതിഹാസങ്ങള്‍ക്ക് പിറവികൊടുത്തവര്‍. ലോകക്രിക്കറ്റില്‍ പ്രകമ്പനംകൊള്ളിച്ച പേരുകള്‍ക്ക് ഉദയം നല്‍കിയവര്‍. ഒരിക്കലും ആര്‍ക്കും എഴുതിത്തള്ളാൻ കഴിയാത്ത സംഘം. അങ്ങനെയൊരു കൂട്ടര്‍ ഐപിഎല്ലിലുമുണ്ട്. ടാലന്റ് ഫാക്ടറിയെന്ന് പര്യായം എഴുതുമ്പോഴും അവിടെ ചുരുങ്ങുന്നില്ല ഒന്നും. അവരുടെ കണ്ടെത്തലുകളുടെ മൂല്യം എത്രയോ മുകളിലാണ്. 

ഈ സീസണില്‍ മുൻനിരയിലേക്ക് വന്ന ടീമുകള്‍ നോക്കൂ, അവരുടെ ലൈനപ്പുകളില്‍ ഐതിഹാസികമായ ബ്ലു ആൻഡ് ഗോള്‍ഡ് ധരിച്ച ഒരുവനെയെങ്കിലും നിങ്ങള്‍ക്ക് കാണാനാകും. അവരുടെ തോളിലേറി ടീമുകള്‍ വിജയവര കടന്ന മത്സരങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയും. ഓരോ പേരുകള്‍ക്കും വാംഖ‍ഡെ ആര്‍ത്ത് വിളിച്ച നിമിഷങ്ങളുണ്ട് ഭൂതകാലത്തില്‍. രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും തെല്ലും ശബ്ദമുയര്‍ത്തി തന്നെ വിളിച്ചുപറയാം, ഇത് മുംബൈ ഇന്ത്യൻസിന്റെ പിള്ളേരാടായെന്ന്.

ആ പ്രഖ്യാപനം വന്നില്ലായിരുന്നെങ്കില്‍ എന്ന് മുംബൈ ആരാധകര്‍ ആശിച്ച ഒരു ദിനമുണ്ടായി ഈ ഐപിഎല്ലില്‍. ബേബി എബിഡി എന്ന് വിളിപ്പേരുള്ള ഡിവാള്‍ഡ് ബ്രെവിസ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഞ്ഞ ജഴ്‌സി അണിഞ്ഞ ദിവസം. ടാലന്റുകളുടെ അതിപ്രസരം മൂലം മുംബൈ ഡഗൗട്ടില്‍ നിന്ന് വെല്ലപ്പോഴും മാത്രമായിരുന്നു ബ്രെവിസിന് അവസരം വീണുകിട്ടിയത്. 

മുംബൈക്കായി കളിച്ചത് 10 മത്സരങ്ങള്‍ മാത്രം. തിരിച്ചടികളില്‍ നിന്ന് നാണക്കേടിലേക്ക് വീണ ചെന്നൈ ഒന്ന് നടുനിവര്‍ത്തിയത് ബ്രെവിസിന്റെ വരവിന് ശേഷമായിരുന്നു. മധ്യനിരയിലെ വിശ്വാസമായി, ആറ് മത്സരങ്ങളില്‍ നിന്ന് 225 റണ്‍സ് 180 സ്ട്രൈക്ക് റേറ്റില്‍ നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറികളും സീസണില്‍ സ്വന്തമാക്കി. അതും അതിവേഗം തന്നെ.

ഇനി മുംബൈയുടെ പോക്കറ്റ് ഡൈനാമേറ്റ്, ഇഷാൻ കിഷൻ. മുംബൈക്കൊപ്പം ഏഴ് സീസണുകള്‍ കളിച്ച ഇഷാൻ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു. സെഞ്ച്വറിയോടെ സീസണ്‍ തുടങ്ങിയെങ്കിലും പിന്നീട് നിറം മങ്ങി. പക്ഷേ, അവസാന മത്സരങ്ങളില്‍ ഫോം വീണ്ടെടുത്ത് തിരിച്ചുവരവ്. 14 മത്സരങ്ങളില്‍ നിന്ന് 354 റണ്‍സ്, ഇതില്‍ 158 റണ്‍സും അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് മാത്രമാണ്. അവ മൂന്നും കമ്മിൻസും സംഘവും വിജയിക്കുകയും ചെയ്തു.

നേഹല്‍ വധേര മുംബൈയുടെ ഭാഗമായിരുന്നപ്പോള്‍ രോഹിത് ശര്‍മ പറഞ്ഞ വാക്കുകളുണ്ട്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ നോക്കുക. ബുംറയ്ക്കും ഹാര്‍ദിക്കിനും എന്ത് സംഭവിച്ചോ അത് തന്നെ വധേരയുടെ കാര്യത്തിലും ആവര്‍ത്തിക്കും. ഭാവി സൂപ്പര്‍താരമായിരിക്കും. രോഹിതിന്റെ വാക്കുകള്‍ ശരിവെച്ചു വധേര. പഞ്ചാബിനായി മധ്യനിരയില്‍ മിന്നുന്ന പ്രകടനം. മുൻനിര വീണപ്പോഴെല്ലാം വധേരയുടെ ബാറ്റ് ഉയര്‍ന്നു. 11 ഇന്നിങ്സുകളില്‍ നിന്ന് 296 റണ്‍സ്, രണ്ട് അര്‍ദ്ധ സെഞ്ച്വറി.

ദക്ഷിണാഫ്രിക്കൻ ടി20 ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, ഇന്റര്‍നാഷണല്‍ ലീഗ് ടി20 എന്നിങ്ങനെയുള്ള ടൂര്‍ണമെന്റുകളില്‍ മുംബൈ ഫ്രാഞ്ചൈസിയുടെ ഭാഗമാണ് ടിം ഡേവിഡ്. ഐപിഎല്ലില്‍ മുംബൈക്കൊപ്പം മൂന്ന് സീസണ്‍, ഫിനിഷറെന്ന നിലയില്‍ തിളങ്ങി. രാജസ്ഥാൻ റോയല്‍സിനെതിരെ മൂന്ന് സിക്സര്‍ പായിച്ചതൊക്കെ താരത്തിന്റെ മികവ് പൂര്‍ണമായി കണ്ട മത്സരമാണ്. 

ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പം സമാന റോളാണ് ടിം ഡേവിഡ് വഹിക്കുന്നത്. ഒൻപത് ഇന്നിങ്സുകളില്‍ നിന്ന് 187 റണ്‍സ്. ആറ് മത്സരങ്ങളിലും പുറത്താകാതെ നിന്നു, സ്ട്രൈക്ക് റേറ്റ് 185 ആണ്. ശരാശരി സ്കോറിലേക്ക് ഒതുങ്ങേണ്ടിയിരുന്ന ഗുജറാത്തിനും ഡല്‍ഹിക്കുമൊക്കെ എതിരായ മത്സരത്തില്‍ രക്ഷകനായത് വലം കയ്യൻ ബാറ്ററായിരുന്നു. പഞ്ചാബിനെതിരെ നാണക്കേടില്‍ നിന്നും കരകയറ്റുകയും ചെയ്തു.

ബെംഗളൂരുവിന്റെ കുതിപ്പിന് സീസണില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റൊരു താരമാണ് കൃണാല്‍ പാണ്ഡ്യ. മുംബൈയുടെ കണ്ടെത്തലുകളില്‍ മുൻപന്തിയിലുള്ള ഒരാള്‍. ആറ് സീസണായിരുന്നു രോഹിതിന്റെ സംഘത്തില്‍ കൃണാലുണ്ടായിരുന്നത്. ഇത്തവണ ബെംഗളൂരുവിന് വേണ്ടി 15 വിക്കറ്റുകളും 105 റണ്‍സും നേടി. മുംബൈക്കെതിരായ മത്സരത്തില്‍ നാല് വിക്കറ്റുമായി ബെംഗളൂരുവിന്റെ ജയം ഉറപ്പിച്ചതും കൃണാലായിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ട്രിസ്റ്റൻ സ്റ്റബ്‌സ്. പ്ലേ ഓഫിനരികെ വീണെങ്കിലും ഡല്‍ഹിക്കായി സ്ഥിരത പുലര്‍ത്തിയ താരങ്ങളിലൊരാളാണ് സ്റ്റബ്‌സ്. താരത്തിന്റെ ഐപിഎല്‍ എൻട്രിയും മുംബൈയിലൂടെയായിരുന്നു. ബ്രെവിസിന് ലഭിച്ചത്ര പോലും അവസരം അന്ന് സ്റ്റബ്‌സിന് കിട്ടിയിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണിലും ഡല്‍ഹിക്കായി 300ലധികം റണ്‍സ് സ്റ്റബ്‌സ് നേടി. രണ്ട് വര്‍ഷവും ശരാശരിയും 50 കടന്നു.