കായിക മേഖല എന്ന എക്കോസിസ്റ്റമെടുത്താല്‍, അവിടുത്തെ പ്രധാനികളായിരുന്നു ഫാന്റസി ഗെയിമിങ് ആപ്ലിക്കേഷനുകള്‍
ഓണ്‍ലൈൻ ഗെയിമിങ് നിയമം ഇന്ത്യൻ ക്രിക്കറ്റിനേയും താരങ്ങളേയും എങ്ങനെ ബാധിക്കും? ഓണ്‍ലൈൻ ഗെയിമിങ്ങും ഇന്ത്യൻ ക്രിക്കറ്റും തമ്മിലെന്തെന്നല്ലെ? നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്പോണ്‍സർ സ്ഥാനത്തുനിന്ന് ഡ്രീം ഇലവൻ പിന്മാറിയിരുന്നു. കായിക മേഖല എന്ന എക്കോസിസ്റ്റമെടുത്താല്‍, അവിടുത്തെ പ്രധാനികളായിരുന്നു ഫാന്റസി ഗെയിമിങ് ആപ്ലിക്കേഷനുകള്‍, വാതുവെപ്പ് ആപ്പുകള്‍. അതിലെ കൊമ്പന്മാരിലൊരാളാണ് ഡ്രീം ഇലവൻ. കേന്ദ്ര സർക്കാർ നീക്കത്തോടെ ഡ്രീം ഇലവന് മുന്നിലെ ആ വാതില്‍ അടഞ്ഞിരിക്കുകയാണ്.
ഡ്രീം ഇലവൻ മാത്രമല്ല, സമാനമായ രീതികള്‍ പിന്തുടരുന്ന മൈ ഇലവൻ സർക്കിള്‍, വിൻസൊ, എംപിഎല്‍ പോലുള്ള ആപ്പുകളേയും ഇത് ബാധിക്കും. ഇവിടെയാണ് താരങ്ങളിലേക്കുകൂടി നിയമത്തിന്റെ പ്രത്യാഘാതം എത്തുന്നത്. ഐപിഎല്‍ കാലത്തെ പരസ്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ. ഐപിഎല്‍ കരാറുള്ള പ്രധാന താരങ്ങളെല്ലാം മേല്‍പ്പറഞ്ഞ ആപ്പുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി കാണാനാകും.
രോഹിത് ശർമ, ജസ്പ്രിത് ബുമ്ര, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാർദിക്ക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ എന്നിവരാണ് ഡ്രീം ഇലവനുമായി കരാറുള്ള പ്രധാന മുഖങ്ങള്‍. ശുഭ്മാൻ ഗില്‍, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്ക്വാദ്, റിങ്കു സിങ്, സൗരവ് ഗാംഗുലി തുടങ്ങയിവര്‍ മൈ ഇലവൻ സര്‍ക്കിളിനായാണ് സ്ക്രീനുകളില്‍ എത്തിയത്. വിൻസൊ ആപ്പിന്റെ പരസ്യങ്ങളില്‍ എം എസ് ധോണിയേയും എംപിഎല്ലില്‍ വിരാട് കോലിയേയും കാണാം.
കോലിക്ക് ഇത്തരം പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഏകദേശം 10 മുതല്‍ 12 കോടി വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഹിതിനും ധോണിക്കും ആറ് മുതല്‍ ഏഴ് കോടി വരെയും. യുവതാരങ്ങളും കോടി കണക്കുകളില്‍ തന്നെ ഉള്‍പ്പെടുന്നു. നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കരാറുകള്‍ സ്വാഭാവികമായും റദ്ദാക്കപ്പെടും. ഇതോടെ എല്ലാ താരങ്ങള്‍ക്കുംകൂടി പ്രതിവര്‍ഷം 150 മുതല്‍ 200 കോടി രൂപ വരെയാണ് വരുമാനത്തില്‍ നഷ്ടമുണ്ടാകുക.
ഇവിടെ പ്രധാനമായും ബാധിക്കപ്പെടുന്നത് ചുരുങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്നവരെയായിരിക്കും. കോലിയെപ്പോലെ അല്ലെങ്കില്‍ രോഹിതിനെപ്പോലെയുള്ള താരങ്ങള്‍ നിരവധി ബ്രാൻഡുകളുമായി കരാറുള്ളവരാണ്. അവരെ സംബന്ധിച്ച് നഷ്ടമെന്നത് ചെറിയ ശതമാനത്തില്‍ ചുരുങ്ങും. ഗെയിമിങ് ആപ്പുകള്‍ക്ക് പുറമെ മറ്റ് ഒരു ബ്രാൻഡ് മാത്രം കൈവശമുള്ളവരോ, അവര്‍ക്ക് ഇവിടെ നഷ്ടമാകുന്നത് പരസ്യവരുമാനത്തിന്റെ 50 ശതമാനമാണ്. വരുമാനത്തിന്റെ ഇടിവ് ഇതോടെ ഇരട്ടിയാകും.
ഇന്ത്യൻ ക്രിക്കറ്റിനേയും താരങ്ങളേയും മാത്രമല്ല, ഇന്ത്യൻ പ്രീമിയര്‍ ലീഗിനേയും കാര്യമായി തന്നെ നിയമം ബാധിക്കുമെന്ന് തീര്‍ച്ചയാണ്. മൈ ഇലവൻ സര്‍ക്കിള്‍ ഐപിഎല്ലിന്റെ സഹ സ്പോണ്‍സര്‍മാരിലൊരാളാണ്, ഒരു വര്‍ഷം ബിസിസിഐക്ക് ഇതിലൂടെ ലഭിക്കുന്നത് 125 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തെ കരാറാണ് ഐപിഎല്ലും മൈ ഇലവൻ സര്‍ക്കിള്‍ ആപ്പും തമ്മിലുള്ളത്. കരാര്‍ പൂര്‍ത്തിയാക്കാൻ ഇനിയും മൂന്ന് വര്‍ഷം അവശേഷിക്കുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ് ഹൈദരാബാദ് തുടങ്ങിയ ടീമുകളുടെ പ്രധാന സ്പോണ്‍സര്‍ ഡ്രീം ഇലവനാണ്. ജഴ്സികള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. പ്രതിവര്‍ഷം 10 മുതല്‍ 20 കോടി രൂപ വരെ ടീമുകള്‍ക്ക് ലഭിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. പരസ്യമേഖലയ്ക്ക് ഒരു വര്‍ഷം 10,000 കോടി വരെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് 20നായിരുന്നു ലോക്‌സഭയില്‍ ഓണ്‍ലൈൻ ഗെയിമിങ് ബില്‍ അവതരിപ്പിച്ചത്. ഏഴ് മിനുറ്റ് മാത്രം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. അടുത്ത ദിവസം തന്നെ രാജ്യസഭയും ബില്‍ പാസാക്കി. 22ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമായി മാറുകയും ചെയ്തു. വാതുവെപ്പ് ആപ്പുകള്‍ വഴി ഇന്ത്യക്കാര്‍ പ്രതിവര്‍ഷം 15,000 കോടി രൂപ നഷ്ടപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ കണക്കുകള്‍.
ഇത്തരം വാതുവെപ്പ് ആപ്പുകള്‍ അല്ലെങ്കില്‍ പണം നിക്ഷേപിക്കേണ്ട ആപ്പുകള്‍ മാനസികമായും സാമ്പത്തികമായും മനുഷ്യരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ മാത്രം 32 ആത്മഹത്യകളാണ് കഴിഞ്ഞ 31 മാസത്തിനിടെ സംഭവിച്ചത്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നതും.


