ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം. ഇങ്ങനൊരു പറച്ചിലുണ്ട്. മഹാരാഷ്ട്രയുടെ ആധപിത്യത്തിന് മുകളില്‍ സഞ്ജു സാംസണ്‍ പ്രയോഗിച്ചതും ഇതേ മരുന്നായിരുന്നു, അത് ഫലം കാണുകയും ചെയ്തു
ഇടം കയ്യൻ സ്പിന്നര്‍ വിക്കി ഓട്ട്‌സ്വാളിന്റെ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്തിലൊരു കട്ട് ഷോട്ടിന് ശ്രമം. നൂലിഴയില്‍ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയാണ്. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ സൗരഭ് നവാലയുടെ കൈകളില്‍. സെഞ്ച്വറിയിലേക്ക് അനായാസം നീങ്ങിയിരുന്ന ആ ഇന്നിങ്സിന് പൊടുന്നനെ മഹാരാഷ്ട്ര ഫുള്‍സ്റ്റോപ്പിടുകയാണ്. സഞ്ജു സാംസണ്‍ 63 പന്തില്‍ 54 റണ്‍സുമായി പുറത്ത്. പവലിയനിലേക്കുള്ള തലകുനിച്ചുള്ള യാത്രയില് സഞ്ജുവിന്റെ മുഖത്ത് നിരാശയിങ്ങനെ തളം കെട്ടി നില്‍ക്കുകയാണ്.
മടക്കവഴിയില്‍ തനിക്ക് തെറ്റിയതെന്തെന്ന ചിന്തയായിരിക്കാം ആ ഷോട്ട് ഒന്ന് കൂടി ആവര്‍ത്തിച്ച് നോക്കാൻ സഞ്ജുവിനെ പ്രേരിപ്പിച്ചത്. ആ പുറത്താകലായിരുന്നു. നിര്‍ണായകനിമിഷം. ടെസ്റ്റ് ക്രിക്കറ്റിന്റെ വാതില്‍ ഏറെക്കുറെ അടഞ്ഞ മട്ടാണ്. പക്ഷേ, ആ 63 പന്തില്‍ ക്ലാസിക്ക് ഷോട്ടുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ക്രിക്കറ്റിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലും തനിക്ക് വഴക്കമുണ്ടെന്ന് പറഞ്ഞ 63 പന്തുകള്‍. ആ ഇന്നിങ്സിലേക്ക് ആദ്യം.
രഞ്ജി ട്രോഫി 2025-26 സീസണിലെ എലൈറ്റ് ഗ്രൂപ്പ് ബിയിലെ കേരള മഹാരാഷ്ട്ര മത്സരം. എം ഡി നിധീഷിന്റെ വേഗപ്പന്തുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ മഹാരാഷ്ട്ര ഒതുങ്ങിയത് 239 റണ്‍സില്‍. നിര്‍ണായകമായ പോയിന്റ് നേടാൻ സ്വന്തം മണ്ണില്‍ ശക്തരായ നിരയ്ക്കെതിരെ അവസരമൊരുങ്ങി മുൻ സീസണിലെ രണ്ടാം സ്ഥാനക്കാര്‍ക്ക്. പക്ഷേ, കാര്യവട്ടത്തെ വിക്കറ്റില്‍ അടിമുടി പരീക്ഷണമാണ് നേരിടേണ്ടിവന്നത്.
നന്നായി തുടങ്ങിയ രോഹൻ കുന്നുമ്മല്‍ മടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയ്ക്കെതിരെ ആദ്യ മണിക്കൂറിലേക്ക് എത്തുമ്പോഴേക്കും 35 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീണു. രജനീഷ് ഖുര്‍ബാനിയും ജലജ് സക്സേനയുമാണ് കേരളത്തിന്റെ മുൻനിരയുടെ മുനയൊടിച്ചത്. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ തെളിഞ്ഞും ഒളിഞ്ഞും നില്‍ക്കുന്ന മാനത്തിന് കീഴില്‍ ഒരു രക്ഷാദൗത്യത്തിനാണ് കളമൊരുങ്ങിയത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ അക്ഷമ മാറ്റി നിര്‍ത്തണം, നിലയുറപ്പിക്കണം, ടീമിനെ ലീഡിലേക്ക് എത്തിക്കണം. സഞ്ജുവിന് മുന്നില്‍ കടമ്പകള്‍ ഏറെയായിരുന്നു.
ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം. ഇങ്ങനൊരു പറച്ചിലുണ്ട്. മഹാരാഷ്ട്രയുടെ ആധപിത്യത്തിന് മുകളില്‍ സഞ്ജു പ്രയോഗിച്ചതും ഇതേ മരുന്നായിരുന്നു. സച്ചിൻ ബേബിയെ സാക്ഷി, പൂര്‍ണമായും സഞ്ജു ബൗളര്‍മാരെ കീഴടക്കുകയായിരുന്നു. ആദ്യ 30 പന്തില്‍ 30 റണ്‍സ്. മുൻസഹതാരമായിരുന്ന ജലജ് സക്സേനയെ അങ്കിത് പന്തേല്‍പ്പിച്ചു സഞ്ജുവിനെ പൂട്ടാൻ, ഫലം അങ്ങ് ഗ്യാലറിയില്‍ ചെന്ന് പതിച്ച പന്തായിരുന്നു. 40 കളിലൊരു സ്ട്രെയിറ്റ് ഡ്രൈവ്, പിന്നീട് സിംഗിളുകള്‍ക്കൊണ്ട് സംയമനം പാലിച്ചു. അതുവരെ ഒരിക്കല്‍പ്പോലും സഞ്ജുവിന്റെ ഏകാഗ്രതയില്‍ വിള്ളല്‍ വീണിരുന്നില്ല.
പക്ഷേ തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ 17-ാം അര്‍ദ്ധ ശതകം താണ്ടിയതിന് ശേഷം സഞ്ജു കൗണ്ടര്‍ അറ്റാക്കിങ്ങിന്റെ രണ്ടാം ഘട്ടത്തിലേക്ക് ചുവടുവെച്ചു. വളരെ കമ്പോസ്ഡായ ഇന്നിങ്സിന്റെ ചടുലത അവിടെ നഷ്ടമാകുകയായിരുന്നു. വൈകാതെ പുറത്താകലും സംഭവിച്ചു. 54 റണ്‍സില്‍ അഞ്ച് ഫോറും ഒരു സിക്സും. സ്ട്രൈക്ക് റേറ്റ് 85. സഞ്ജുവിന്റെ മടക്കത്തിന് ശേഷം പിടിച്ചു നിന്നത് സല്‍മാൻ നിസാര്‍ മാത്രമായിരുന്നു. സ്വന്തം മണ്ണില്‍ 20 റണ്‍സ് ലീഡ് വഴങ്ങിയാണ് കേരളം മൂന്നാം ദിനം കളം വിട്ടത്.
ആഭ്യന്തര ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി ലഭിച്ച തുടക്കം ഒരു വലിയ സ്കോറിലേക്ക് എത്തിക്കാനാകതെ സഞ്ജുവിന് കളം വിടേണ്ടി വന്നുവെന്ന് പറയാം. സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് കരിയറിന്റെ പൊതുസ്വഭാവം പരിശോധിച്ചാല്‍ ഇതു തന്നെയാണ് കാണാനാകുന്നതും.
107 ഇന്നിങ്സുകളില്‍ നിന്ന് 3834 റണ്‍സ്. ശരാശരി 40ന് താഴെയാണ്. 11 സെഞ്ച്വറികള്‍ മാത്രമാണ്. സഞ്ജുവിന്റെ മികവിനോട് ഒട്ടും യോജിക്കാത്ത കണക്കുകള്‍. 13 സീസണുകളില്‍ രണ്ട് തവണ മാത്രമാണ് 500ലധികം റണ്‍സ് നേടിയത്. 50ന് മുകളില്‍ ശരാശരിയെത്തിയ മൂന്ന് സീസണുകളും പേരിലുണ്ട്. ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുക എന്നത് ഒരു വിദൂരസ്വപ്നം തന്നെയാണ്. പക്ഷേ, തനിക്ക് ഈ ഫോര്‍മാറ്റും വഴങ്ങുമെന്ന് സഞ്ജുവിന് തെളിയിക്കാം, പക്ഷേ, അര്‍ദ്ധ സെഞ്ച്വറിയില്‍ ഒതുങ്ങുന്ന ഇന്നിങ്സുകളായിരിക്കരുത് ഇനി ജനിക്കേണ്ടത്. മറിച്ച് മൂന്നക്കങ്ങളുടെ ഘോഷയാത്രയായിരിക്കണം.


