മൂന്ന് പന്തുകളുടെ ഇടവേളയില്‍ മാര്‍നസ് ലാബുഷെയ്നിനെയും(19), കാമറൂണ്‍ ഗ്രീനിനെയും(0)മടക്കിയ ജോഫ്ര ആര്‍ച്ചറാണ് ഓസീസിനെ ഞെട്ടിച്ചത്.
അഡ്‌ലെയ്ഡ്: ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയതിന് പിന്നാലെ ആഷസില്‍ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തി ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസിനായി അഞ്ചാമനായി ക്രീസിലിറങ്ങിയ ഗ്രീന്‍ നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഗ്രീനിനെ ബ്രെയ്ഡന്‍ കാര്‍സാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇന്നലെ ഐപിഎല്‍ താരലേലത്തില്‍ 25.20 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ ഗ്രീന്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായിരുന്നു.
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റൺസെന്ന നിലയിലാണ്. 71 റൺസോടെ ഉസ്മാന്‍ ഖവാജയും 37 റണ്‍സോടെ അലക്സ് ക്യാരിയും ക്രീസില്‍. ഒരു ഘട്ടത്തില്‍ 94-4 എന്ന സ്കോറില്‍ തകര്‍ന്ന ഓസീസിനെ ക്യാരിയും ഖവാജയും ചേര്‍ന്ന അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കരകയറ്റിയത്.
മൂന്ന് പന്തുകളുടെ ഇടവേളയില്‍ മാര്‍നസ് ലാബുഷെയ്നിനെയും(19), കാമറൂണ്‍ ഗ്രീനിനെയും(0)മടക്കിയ ജോഫ്ര ആര്‍ച്ചറാണ് ഓസീസിനെ ഞെട്ടിച്ചത്. നേരത്തെ ഓപ്പണർ ജേക്ക് വെതറാള്‍ഡിനെയും(18) ആര്‍ച്ചര്‍ മടക്കിയിരുന്നു. 10 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ബ്രെയ്ഡന്‍ കാര്‍സും മടക്കി. അസുഖബാധിതനായതിനാല്‍ സ്റ്റീവ് സ്മിത്ത് ഇന്ന് ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലില്ല. പാറ്റ് കമിന്‍സ് നായകനായി തിരിച്ചെത്തിയപ്പോള്‍ സ്പിന്നര്‍ നഥാന്‍ ലിയോണും ഓസീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.


