പരമ്പര പിടിക്കാന്‍ ഇന്ത്യ നാലാം മത്സരത്തിന് ഇറങ്ങുമ്പോള്‍ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവുമാണ് ശ്രദ്ധാകേന്ദ്രം.

ലക്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരിലെ നാലാം മത്സരം ഇന്ന് ലക്നൗവില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ലക്നൗ ഏക്നാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

സൂര്യക്കം ഗില്ലിനും നിര്‍ണായകം

പരമ്പര പിടിക്കാന്‍ ഇന്ത്യ നാലാം മത്സരത്തിന് ഇറങ്ങുമ്പോള്‍ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവുമാണ് ശ്രദ്ധാകേന്ദ്രം. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍റെയും വൈസ് ക്യാപ്റ്റന്‍റെയും മോശം ഫോമാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ധരംശാലയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയെങ്കിലും ഗില്ലിനും സൂര്യകുമാറിനും ഫോം കണ്ടെത്താനായിരുന്നില്ല. ഗില്‍ 28 പന്തില്‍ 28ഉം സൂര്യകുമാര്‍ യാദവ് 12 ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. ഈ സാഹചര്യത്തില്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ ടീമില്‍ മാറ്റം വരുത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. മലയാളി താരം സഞ്ജു സാംസണ് നാലാം മത്സരത്തിലെങ്കിലും അവസരം കിട്ടുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

ഗില്ലിനൊപ്പം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും മത്സരം നിര്‍ണായകമാണ്. ഇതുവരെ ബാറ്റിംഗില്‍ ഫോമിലാവാന്‍ കഴിയാതിരുന്ന സൂര്യകുമാറിന്‍റെ സ്ഥാനവും വലിയ ചോദ്യചിഹ്നമാണ്. അവസാന കളിച്ച 20 ടി20 മത്സരങ്ങളിലെ 18 ഇന്നിംഗ്സുകളില്‍ നിന്ന് 213 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. ടീമില്‍ മറ്റ് പരീക്ഷണങ്ങൾക്ക് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ടീം ജയിക്കുമ്പോഴും നായകന്‍റെ സംഭാവന വട്ടപൂജ്യമെന്ന വിമര്‍ശനങ്ങള്‍ ഒരുവശത്ത് ശക്തമാകുന്നതും കാണാതിരിക്കാനാവില്ല.

മൂന്നാം മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്നാം മത്സരത്തില്‍ നിന്ന് പരിക്കുമൂലം വിട്ടു നിന്ന അക്സര്‍ പട്ടേല്‍ നാലാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. അക്സര്‍ തിരിച്ചെത്തുമ്പോള്‍ കുല്‍ദീപ് യാദവാകും പുറത്തുപോകുക. വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നാം മത്സരത്തില്‍ നിന്നു വിട്ടുനിന്ന പേസര്‍ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുമ്ര തിരിച്ചെത്തിയാൽ ഹര്‍ഷിത് റാണയാകും പുറത്തിരിക്കേണ്ടി വരിക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗില്‍/സഞ്ജു സാംസൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക