അല്‍ നസറിനായി 110 മത്‌ മത്സരത്തിനിറങ്ങിയ ക്രിസ്‌റ്റിയാനോ പത്തൊമ്പത്‌ അസിസ്റ്റുകളും 104 ഗോളുകളുമായി അസൂയാവഹമായ കുതിപ്പാണ്‌ നടത്തുന്നത്‌. മുന്‍ ടോപ്‌ സ്‌കോറര്‍ മുഹമ്മദ്‌ അല്‍-സഹ്‌ലവി 205 മത്സരങ്ങളില്‍ നിന്നാണ്‌ 103 ഗോളുകള്‍ നേടിയത്‌. 2009 മുതല്‍ 2019 വരെയായിരുന്നു മുഹമ്മദ്‌ അല്‍-സഹ്ലവി അല്‍നസറിനായി കളിച്ചത്‌.

റിയാദ്‌: സൗദി പ്രോ ലീഗില്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഗോളടിച്ച മത്സരത്തില്‍ അല്‍ നസര്‍ 2-1ന്‌ അല്‍-താവൂനെ പരാജയപ്പെടുത്തി. അമ്പതാം മിനുട്ടിലായിരുന്നു മുഹമ്മദ്‌ സിമാകന്റെ പവര്‍ഫുള്‍ ഷോട്ട്‌ ക്രിസ്‌റ്റിയാനോ വലയിലേക്ക്‌ തിരിച്ചുവിട്ടത്‌. ഈ ഗോളോടെ സൗദി പ്രോലീഗില്‍ അല്‍ നസറിന്റെ എക്കാലത്തേയും ടോപ്‌ സ്‌കോറര്‍ ആയി ക്രിസ്‌റ്റിയാനോ. 104 ഗോളുമായാണ്‌ പോര്‍ച്ചുഗല്‍ നായകന്‍ അല്‍ നസറിന്റെ ടോപ്‌ സ്‌കോറര്‍ ആയത്‌.

അല്‍ നസറിനായി 110 മത്‌ മത്സരത്തിനിറങ്ങിയ ക്രിസ്‌റ്റിയാനോ പത്തൊമ്പത്‌ അസിസ്റ്റുകളും 104 ഗോളുകളുമായി അസൂയാവഹമായ കുതിപ്പാണ്‌ നടത്തുന്നത്‌. മുന്‍ ടോപ്‌ സ്‌കോറര്‍ മുഹമ്മദ്‌ അല്‍-സഹ്‌ലവി 205 മത്സരങ്ങളില്‍ നിന്നാണ്‌ 103 ഗോളുകള്‍ നേടിയത്‌. 2009 മുതല്‍ 2019 വരെയായിരുന്നു മുഹമ്മദ്‌ അല്‍-സഹ്ലവി അല്‍നസറിനായി കളിച്ചത്‌.

ക്രിസ്‌റ്റിയാനോയുടെ മൊത്തം കരിയര്‍ ഗോളുകളുടെ എണ്ണം 978 ആയി. ആയിരം ഗോളുകള്‍ എന്ന നാഴികക്കല്ലാണ്‌ ക്രിസ്‌റ്റിയാനോ ലക്ഷ്യമിടുന്നത്‌. അല്‍ നസറിനായി കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞതില്‍ താന്‍ ആഹ്ലാദവാനാണെന്ന്‌ ക്രിസ്‌റ്റിയാനോ പ്രതികരിച്ചു. ഇതൊരിക്കലും തന്റെ നേട്ടമല്ല, സഹപ്രവര്‍ത്തകരുടെ പിന്തുണ കൊണ്ട്‌ സാധിച്ചതാണ്‌. അവരില്ലാതെ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതുപോലെ ക്ലബ്ബിന്റെ അനുകൂലികള്‍ നല്‍കുന്ന പിന്തുണയും താന്‍ വിലമതിക്കുന്നുവെന്നും, എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ക്രിസ്‌റ്റിയാനോ പറഞ്ഞു. സെപ്‌തംബര്‍ 5ന്‌ 2024-25 ചാമ്പ്യന്‍മാരായ അല്‍ ഇത്തിഹാദുമായാണ്‌ സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ മത്സരം.

അഞ്ച്‌ തവണ ബാലണ്‍ ദ്യോര്‍ ജേതാവായ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്നാണ്‌ സൗദി പ്രോ ലീഗ്‌ ക്ലബ്ബിലെത്തിയത്‌. മാഞ്ചസ്‌റ്ററിന്റെ പരിശീലകന്‍ എറിക്‌ ടെന്‍ ഹാഗ്‌ ക്രിസ്റ്റ്യാനോയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയതോടെ ക്ലബ്ബ്‌ വിടാന്‍ തീരുമാനിക്കുകയായിരുന്നു. 2022 നവംബറില്‍ കരാര്‍ റദ്ദാക്കി ക്രിസ്‌റ്റിയാനോ അല്‍ നസറിലേക്ക്‌ എത്തിയതോടെ സൗദി പ്രോ ലീഗിലേക്കായി ലോകഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധ. നാല്‍പ്പത്തൊന്നാം വയസിലും ഗോളടി തുടരുന്ന ക്രിസ്‌റ്റിയാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ അടുത്തു തന്നെ വിരമിക്കാനിരിക്കുകയാണ്‌.