മലയാളി താരങ്ങളായ വിഘ്നേഷ് പുത്തൂരിനെ മുംബൈയും സച്ചിൻ ബേബിയെ ഹൈദരാബാദും നിലനിര്‍ത്തിയില്ല. 12 താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്തത്
സഞ്ജു സാംസണിന്റെ മാസ് വരവും രവീന്ദ്ര ജഡേജയുടെ റോയല്‍ മടക്കവും കണ്ട ട്രേഡ് വിൻഡോ. ഒടുവില്‍ ഐപിഎൽ മിനി താരലേലത്തിന് മുന്നോടിയായി സര്‍പ്രൈസുകള്‍ നിറഞ്ഞ റിട്ടൻഷൻ, റിലീസ് പട്ടിക. താരപ്പകിട്ടിനല്ല, കളത്തിലെ മികവിനാണ് മൂല്യമെന്നും പുതുതലമുറയിലേക്ക് ചുവടുമാറ്റാൻ ടീമുകള്‍ ഒരുങ്ങുന്നവെന്നും വ്യക്തം. അടിമുടി തിരുത്തലുകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് ഒരുങ്ങിയപ്പോള്‍, അണുവിട മാറാത്ത സംഘങ്ങളുമുണ്ടിത്തവണ.
ഒരുപതിറ്റാണ്ടിലധികമായി ഐപിഎല്ലിലും വിവിധ ലീഗുകളില്‍ ഫ്രാഞ്ചൈസിക്ക് കീഴില്‍ പന്തും ബാറ്റുമെടുത്ത ആന്ദ്രെ റസലിനെ കൈ വിട്ടിരിക്കുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 37 പിന്നിട്ട റസലിന് 12 കോടി രൂപയായിരുന്നു മൂല്യം. കഴിഞ്ഞ രണ്ട് സീസണിലായി ശരാശരിക്ക് മാത്രം താഴെ തിളങ്ങുന്ന താരമാണ് റസല്‍. വലം കയ്യൻ ബാറ്ററെ മിനി ലേലത്തില്‍ കൊല്‍ക്കത്ത ചെറിയ തുകയില്‍ തിരിച്ചെത്തിക്കാനും സാധ്യതകളുണ്ട്.
കൊല്‍ക്കത്ത നിരയിലെ ഏറ്റവും മൂല്യമേറിയ താരമായിരുന്ന വെങ്കിടേഷ് അയ്യരും റിലീസ് ചെയ്യപ്പെട്ടു. 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ വെങ്കിടേഷ് പോയ സീസണില്‍ 11 കളികളില്‍ നിന്ന് കേവലം 142 റണ്‍സ് മാത്രമായിരുന്നു നേടിയത്. വെങ്കിയെ പര്‍പ്പിളില്‍ അടുത്ത സീസണിലും കാണാൻ കഴിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ക്വിന്റണ്‍ ഡി കോക്കാണ് കൊല്‍ക്കത്ത റിലീസ് ചെയ്ത മറ്റൊരു പ്രധാനി.
ഉടച്ചുവാര്‍ക്കാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് യുവപേസറായ മതീഷ പതിരാനയെ നിലനിര്‍ത്തിയില്ല. 13 കോടി രൂപയാണ് ലങ്കൻ പേസറുടെ മൂല്യം. നിരന്തരമുള്ള പരുക്ക് മൂലം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിയാതെ പോയിരുന്നു. 2025ല്‍ 13 വിക്കറ്റുകള്‍ നേടിയെങ്കിലും എക്കണോമി പത്തിന് മുകളിലായിരുന്നു. കവീസ് ദ്വയമായ രച്ചിൻ രവീന്ദ്ര, ഡെവണ്‍ കോണ്‍വെയാണ് ചെന്നൈ സലാം പറഞ്ഞ മറ്റ് പ്രമുഖര്‍.
ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ നിന്ന് കൂറ്റനടിക്കാരനായ ജേക്ക് ഫ്രേസറും ഫാഫ് ഡുപ്ലെസിസും പടിയിറങ്ങി. മക്‌ഗൂര്‍ക്കിന് ഡല്‍ഹിയിട്ട മൂല്യം ഒൻപത് കോടിയായിരുന്നു. ആറ് കളികളില്‍ നിന്ന് 55 റണ്‍സായിരുന്നു താരം കഴിഞ്ഞ സീസണിലെ നേട്ടം. 42 വയസിനോട് അടുക്കുന്ന ഡുപ്ലെസിയും പോയ സീസണുകളില്‍ തന്റെ പ്രതാപകലം പിന്നിട്ടതിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങിയിരുന്നു.
ഡേവിഡ് മില്ലറിനെ റിലീസ് ചെയ്താണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെ പ്രധാനമാറ്റം. ഏഴരക്കോടി മൂല്യമുള്ള മില്ലറിന്റെ ബാറ്റില്‍ നിന്ന് 151 റണ്‍സായിരുന്നു ലഖ്നൗ ബോര്‍ഡിലേക്ക് പോയ സീസണില്‍ ചേര്‍ക്കപ്പെട്ടത്. 11 കോടിയുടെ മൂല്യം പ്രകടനത്തില്‍ ആവര്‍ത്തിക്കാതിരുന്ന രവി ബിഷ്ണോയിയേയും എട്ട് കോടി രൂപയുടെ തിളക്കമുണ്ടായിരുന്ന ആകാശ് ദീപിനേയും നിലനിര്‍ത്താൻ ലഖ്നൗ തയാറായില്ല.
ബാറ്റുകൊണ്ട് ഇംപാക്റ്റ് സൃഷ്ടിക്കാൻ കഴിയാതെ പോയ ഗ്ലെൻ മാക്സ്‌വെല്ലിനെ പഞ്ചാബ് കിങ്സ് കൈവിട്ടു. 4.2 കോടി രൂപയ്ക്ക് പഞ്ചാബിലേക്ക് മടങ്ങിയെത്തിയ മാക്‌സ്‌വെല്ലിന് ഒരു ദുസ്വപ്നം തന്നെയായിരുന്നു പോയ ഐപിഎല്‍. ഏഴ് കളികളില്‍ നിന്ന് 48 റണ്‍സ് മാത്രം. എന്നാല്‍, നിര്‍ണായക ഇന്നിങ്സുകള്‍ പുറത്തെടുത്ത ഓസീസ് താരം ജോഷ് ഇംഗ്ലിസിനേയും പഞ്ചാബ് നിലനിര്‍ത്താൻ തയാറായില്ല. 2.6 കോടിയായിരുന്നു ഇംഗ്ലിസിന്റെ മൂല്യം.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിരയില്‍ നിന്ന് റിലീസ് ചെയ്യപ്പെട്ട സൂപ്പര്‍ താരം ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണാണ്. 8.75 കോടി രൂപയ്ക്കെത്തിയ ലിവിങ്സ്റ്റണ്‍ 10 കളികളില്‍ നിന്ന് 112 റണ്‍സായിരുന്നു നേടിയത്. ചാമ്പ്യൻഷിപ്പ് നേടിയ സംഘത്തിലെ ദുര്‍ബലകണ്ണിയായിരുന്നു ലിവിങ്സ്റ്റണ്‍.
ആദം സാമ്പയും രാഹുല്‍ ചഹറുമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മിനിലേലത്തിലേക്ക് വിട്ടുനല്‍കിയ പ്രമുഖ താരങ്ങള്‍. മലയാളി താരങ്ങളായ വിഘ്നേഷ് പുത്തൂരിനെ മുംബൈയും സച്ചിൻ ബേബിയെ ഹൈദരാബാദും നിലനിര്‍ത്തിയില്ല.


