അഗാര്‍ക്കര്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിന്നോട്ടു പോകുന്ന ആളല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ആ തീരുമാനം എടുക്കാന്‍ അഗാര്‍ക്കറെ ആരെങ്കിലും നിര്‍ബന്ധിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് അറിയേണ്ടത്.

കൊല്‍ക്കത്ത: രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ ബുദ്ധിയാണെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി. രോഹിത്തിനെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാന്‍ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറില്‍ ഗംഭീര്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെന്നും മനോജ് തിവാരി പറഞ്ഞു.

രോഹിത്തിനെ മാറ്റാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്കറിയില്ല. അഗാര്‍ക്കര്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിന്നോട്ടു പോകുന്ന ആളല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ആ തീരുമാനം എടുക്കാന്‍ അഗാര്‍ക്കറെ ആരെങ്കിലും നിര്‍ബന്ധിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് അറിയേണ്ടത്. ഇതിന് പിന്നില്‍ ഒരുപാട് കളികള്‍ നടന്നിട്ടുണ്ട്. ഒന്നും ഒന്നും രണ്ടെന്ന് പറയുന്നതുപോലെ സിംപിളല്ല കാര്യങ്ങള്‍. തീരുമാനമെടുത്തത് അഗാര്‍ക്കറായിരിക്കാം. പക്ഷെ അങ്ങനെ അഗാര്‍ക്കര്‍ക്ക് ഒറ്റക്കൊരു തീരുമാനം എടുക്കാനാവില്ല. അതിന് മുമ്പ് അദ്ദേഹം ഗംഭീറിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടാവുമെന്നുറപ്പ്. അല്ലാതെ സ്വന്തം നിലക്ക് അഗാര്‍ക്കര്‍ക്ക് അത്തരമൊരു നിര്‍ണായക തീരുമാനം എടുക്കാനാവില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ മാറ്റിയതിന് പിന്നില്‍ അഗാര്‍ക്കര്‍ക്കെന്ന പോലെ ഗംഭീറിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും മനോജ് തിവാരി സ്പോര്‍ട്സ് ടോക്കിനോട് പറഞ്ഞു.

രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയ രീതിയെയും തിവാരി ചോദ്യം ചെയ്തു. ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിത്തന്ന രോഹിത്തിനെ അപമാനിക്കുന്നതിന് തുല്യമായിട്ടാണ് എനിക്ക് തോന്നിയത്. രോഹിത് മികവ് തെളിയിച്ച നായകനാണ്. അതുകൊണ്ട് തന്നെ കുറച്ചുകൂടി ബുദ്ധിപരമായി ഇക്കാര്യം കൈകാര്യം ചെയ്യാമായിരുന്നു. 2027ലെ ഏകദിന ലോകകപ്പില്‍ രോഹിത് കളിക്കുമോയെന്ന് എന്തിനാണ് ആളുകള്‍ ഇപ്പോഴും സംശയിക്കുന്നത്. അദ്ദേഹം മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ നേടിയപ്പോള്‍ ഈ സംശയം ഇല്ലായിരുന്നു. ഇത്രയും വലിയൊരു കളിക്കാരനെ ക്യാപ്റ്റനെന്ന നിലയില്‍ കഴിവുതെളിയിച്ചൊരു താരത്തെ മാറ്റേണ്ട എന്ത് കാര്യമാണുണ്ടായിരുന്നതെന്നും മനോജ് തിവാരി ചോദിച്ചു.

രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതോടെ ഏകദിനങ്ങള്‍ കാണാനുള്ള താല്‍പര്യം തന്നെ തനിക്ക് നഷ്ടമായെന്നും മനോജ് തിവാരി പറഞ്ഞു. രോഹിത്തും കോലിയും ഇപ്പോഴും ടീമിലുണ്ടെങ്കിലും ക്യാപറ്റനായിരുന്നപ്പോഴത്തെ ശരീരഭാഷയല്ല ഇപ്പോള്‍ രോഹിത്തിനുള്ളത്. ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഫീല്‍ഡര്‍മാരെ ചീത്തവിളിക്കുകയുമെല്ലാം ചെയ്യുന്ന പഴയ രോഹിത്തിനെ എവിടെയും കാണാനില്ലെന്നും തിവാരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക