ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിൽ അടുത്ത സീസൺ മുതൽ പുതിയ നിയമം വരുന്നു. ഡെസിഗ്നേറ്റഡ് ബാറ്റർ, ഡെസിഗ്നേറ്റഡ് ഫീൽഡർ എന്നിങ്ങനെ ഓരോ കളിക്കാരെ ടീമുകൾക്ക് ഉൾപ്പെടുത്താൻ അനുവദിക്കുന്നതാണ് ഈ മാറ്റം.
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ പുതിയ നിമയം വരുന്നു. അടുത്ത സീസണ്‍ മുതല്‍ ഡെസിഗ്നേറ്റഡ് ബാറ്റര്‍, ഡെസിഗ്നേറ്റഡ് ഫീല്‍ഡര്‍ എന്ന രീതിയില്‍ ഒരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീമുകളെ അനുവദിക്കുന്നതാണ് പുതിയ മാറ്റം. ടീം ബാലന്‍സില്‍ സന്തുലിതത്വം ഉറപ്പുവരുത്താനാവുമെന്നു മാത്രമല്ല കളിക്കാരുടെ ജോലിഭാരം കുറച്ച് പരിക്കേൽക്കാനുള്ള സാധ്യത കുറക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്താണ് പുതിയ നിയമം
ഓരോ മത്സരത്തിന്‍റെയും ടോസിന് മുമ്പ് ഡെസിഗ്നേറ്റഡ് ബാറ്റര്‍-ഡെസിഗ്നേറ്റഡ് ഫീല്‍ഡര്‍ എന്നിങ്ങനെ ഓരോ കളിക്കാരെ വീതം ടീമുകള്‍ക്ക് പ്ലേയിംഗ് ഇലവനിലേക്ക് നാമനിര്‍ദേശം ചെയ്യാനാവും. ഡെസിഗ്നേറ്ററഡ് ബാറ്ററായി ടീമിലെത്തുന്ന കളിക്കാരന് ബാറ്റിംഗിന് മാത്രമെ ഇറങ്ങാനാവു. ഈ താരത്തിന് ഫീല്‍ഡിംഗ് ചെയ്യാനോ ബൗള്‍ ചെയ്യാനൊ കഴിയില്ല. അതുപോലെ ഡെസിഗ്നേറ്റഡ് ഫീല്‍ഡറായി ഇറങ്ങുന്ന കളിക്കാരന് ഫീല്‍ഡ് ചെയ്യാനും കീപ്പറാവാനും കഴിയുമെങ്കിലും ബൗള്‍ ചെയ്യാനാവില്ല.
ഐപിഎല്ലില്‍ നിലനില്‍ക്കുന്ന ഇംപാക്ട് സബ് നിയമത്തില്‍ നിന്ന് വ്യത്യസ്തമാണിത്. ഇംപാക്ട് സബ്ബായി പ്ലേയിംഗ് ഇലവനിലെത്തുന്ന കളിക്കാരന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അവകാശമുണ്ട്. എന്നാല്‍ ഇവിടെ ഏത് വിഭാഗത്തിലേക്കാണോ നാമനിര്‍ദേശം ചെയ്യുന്നത്, കളിക്കാരന് അത് മാത്രമെ ചെയ്യാനാവു. എന്നാല്‍ ഡെസിഗ്നേറ്റഡ് കളിക്കാരെ ഉള്‍പ്പെടുത്തണമെന്നത് നിര്‍ബന്ധമല്ല, ഇക്കാര്യം ടീമുകള്‍ക്ക് തീരുമാനിക്കാം.
ഡെസിഗ്നേറ്റഡ് ഫീല്‍ഡറെ ഉള്‍പ്പെടുത്തിയാല്‍ മികച്ചൊരു വിക്കറ്റ് കീപ്പറെയോ ഫീല്‍ഡറെയോ ടീമുകള്‍ക്ക് മുഴുവന്‍ സമയവും ഗ്രൗണ്ടില്‍ ലഭ്യമാവും. ബാറ്റിംഗ് തകര്‍ച്ച നേരിടുന്ന ഘട്ടങ്ങളില്‍ ഡെസിഗ്നേറ്റഡ് ബാറ്ററെ ഗ്രൗണ്ടിലേക്ക് അയച്ച് ബാറ്റിംഗ് കരുത്ത് കൂട്ടാനും ടീമുകള്‍ക്കാവും എന്നതാണ് നേട്ടം. അതുപോലെ ബാറ്റര്‍മാര്‍ക്ക് ഫീല്‍ഡിംഗിനിടെ ഉണ്ടാകുന്ന പരിക്കുകള്‍ ഒഴിവാക്കാനും കഴിയും.


