അശ്ലീല ഡീപ്‌ഫേക്കുകള്‍ നിര്‍മ്മിക്കാനും പങ്കുവെക്കാനും ഉപഭോക്താക്കളെ അനുവദിച്ചതിനെ തുടർന്ന് ഇലോണ്‍ മസ്‌കിന്‍റെ ഗ്രോക്ക് ആപ്പിന് ആപ്പിള്‍ താക്കീത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. മതിയായ മാറ്റങ്ങള്‍ ആപ്പില്‍ വരുത്തിയില്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഗ്രോക്കിനെ പുറത്താക്കുമെന്നായിരുന്നു താക്കീത്.
കാലിഫോര്‍ണിയ: ഡീപ്‌ഫേക്ക് വിവാദത്തില്‍ ഇലോണ്‍ മസ്‌കിന്‍റെ ഗ്രോക്ക് ആപ്പിന് ആപ്പിള്‍ കമ്പനി താക്കീത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഗ്രോക്കിനെ പുറത്താക്കും എന്നായിരുന്നു ആപ്പ് സ്റ്റോര്‍ ഉടമകളായ ആപ്പിളിന്‍റെ മുന്നറിയിപ്പ്. ആപ്പ് സ്റ്റോറിന്‍റെ ചട്ടങ്ങള്‍ ഗ്രോക്ക് ആപ്പ് ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഗ്രോക്ക് നിര്‍മ്മാതാക്കളായ എക്‌സ്എഐക്കെതിരെ ആപ്പിള്‍ അധികൃതരുടെ താക്കീതെന്ന് എന്‍ബിസി ന്യൂസിനെ ഉദ്ദരിച്ച് 9To5Google റിപ്പോര്‍ട്ട് ചെയ്‌തു. മസ്‌കിന് കീഴിലുള്ള ഗ്രോക്ക് ആപ്പ് അനവധി അശ്ലീല ഡീപ്‌ഫേക്കുകള്‍ സൃഷ്‌ടിക്കാനും അത്തരം ഉള്ളടക്കങ്ങള്‍ മസ്‌കിന്‍റെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കാനും ഉപഭോക്താക്കളെ അനുവദിച്ചത് ഈ വര്‍ഷാദ്യം വലിയ വിവാദമായിരുന്നു.
അശ്ലീല ഡീപ്‌ഫേക്കുകള്‍: വിവാദങ്ങളില്‍പ്പെട്ട ഗ്രോക്ക് ആപ്പ്
സ്‌ത്രീകളുടെയും പ്രായപൂര്‍ത്തിയാവാത്തവരുടെയും അശ്ലീല ഡീപ്‌ഫേക്കുകള്‍ ഗ്രോക്ക് ആപ്പ് വഴി വ്യാപകമായി നിര്‍മ്മിക്കപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അന്ന് ഗ്രോക്കിന്‍റെ മാതൃകമ്പനിയായ എക്‌സ്എഐക്കും ഉടമ ഇലോണ്‍ മസ്‌കിനും നേരെയുണ്ടായത്. ഡീപ്‌ഫേക്ക് വിഷയത്തില്‍ ഇന്ത്യയിലടക്കം ഗ്രോക്കും മസ്‌കും പ്രതിരോധത്തിലായിരുന്നു. എക്‌സ്‌എഐക്കെതിരെ വിവിധ രാജ്യങ്ങള്‍ നിയമ നടപടികള്‍ ആരംഭിച്ചിരുന്നു. സമാനമായി, ആപ്പ് സ്റ്റോറിന്‍റെ നിയമാവലികള്‍ ലംഘിച്ചതിന് ഗ്രോക്ക്, എക്‌സ് ആപ്പുകളോട് വിശദീകരണം ആപ്പ് സ്റ്റോര്‍ ഉടമസ്ഥരായ ആപ്പിള്‍ അന്ന് ആരാഞ്ഞിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോണ്ടന്‍റ് മോഡറേഷന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ഇരു ആപ്പുകളോടും ആപ്പ് സ്റ്റോര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല, ഇരു ആപ്പുകളിലെയും പ്രശ്‌നങ്ങള്‍ യുഎസ് സെനറ്റര്‍മാരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്‌തു ആപ്പ് സ്റ്റോര്‍ അധികൃതര്‍ എന്നും വാര്‍ത്തയില്‍ പറയുന്നു.
കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ആപ്പ് സ്റ്റോര്‍ കടുപ്പിച്ചതോടെ, അപ്‌ഡേറ്റ് ചെയ്‌ത ഗ്രോക്ക്, എക്‌സ് ആപ്പ് പതിപ്പുകള്‍ കമ്പനി ആപ്പിളിന് മുന്നില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പരിഷ്‌കരിച്ച ആപ്പ് ആദ്യഘട്ടത്തില്‍ തള്ളിയ ആപ്പിള്‍, കൂടുതല്‍ മാറ്റങ്ങള്‍ ആപ്പുകളില്‍ വേണമെന്ന് നിര്‍ബന്ധിച്ചു. ഇതിന് ശേഷം, കാര്യമായ സുരക്ഷാ സംവിധാനങ്ങളോടെയുള്ള ആപ്പ് വേഷനുകള്‍ എക്‌സ് ആപ്പും ഗ്രോക്ക് ആപ്പും സമര്‍പ്പിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്. ഗ്രോക്ക് എഐയുടെ ഇമേജ്-ജനറേഷന്‍ ടൂളിലേക്കുള്ള ആക്‌സസ് കുറയ്‌ക്കുന്നതും യഥാര്‍ഥ ആളുകളുടെ ചിത്രങ്ങളില്‍ എഡിറ്റിംഗ് പരിമിതപ്പെടുത്തുന്നതും ഈ അപ്‌ഗ്രേഡിലുണ്ടായിരുന്നു.



