വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ആപ്പില്‍ ഒന്നിലേറെ സുരക്ഷാ പഴുതുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരം നല്‍കുമെന്നും സെര്‍ട്-ഇന്‍.
ദില്ലി: രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്-ഇന്‍). വാട്‌സ്ആപ്പില്‍ ഒന്നിലേറെ സുരക്ഷ പഴുതുകള്‍ കണ്ടെത്തിയെന്ന് സെര്‍ട്-ഇന്‍ ഈ മുന്നറിയിപ്പില്‍ പറയുന്നു. ഈ പഴുതുകള്‍ നിങ്ങളുടെ ഡിവൈസുകള്‍ അപകടത്തിലാക്കുമെന്നും ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ഇടയാക്കുമെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഐഒഎസ്, ആന്‍ഡ്രോയ്‌ഡ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഈ സൈബര്‍ ആക്രമണ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.
പ്രത്യേകമായി തയ്യാറാക്കിയ അറ്റ്ച്ച്‌മെന്‍റുകള്‍ അയച്ചു കൊണ്ട് ഹാക്കര്‍മാര്‍ക്ക് വാട്‌സ്ആപ്പിലെ ഈ പിഴവുകള്‍ മുതലെടുക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പില്‍ പറയുന്നു. വാട്‌സ്ആപ്പിലെ ഈ അപകട സാധ്യത അതീവ ഗുരുതരമല്ലെങ്കിലും ഹാക്കര്‍മാര്‍ ഈ അവസരം ദുരുപയോഗം ചെയ്‌തേക്കാം. ഈ സുരക്ഷാ പിഴവുകളിലൂടെ നുഴഞ്ഞുകയറി ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളില്‍ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും, ഡിവൈസുകളിലെ സുരക്ഷാ പരിരക്ഷകൾ മറികടക്കാനും കഴിയുമെന്ന് സെര്‍ട്-ഇന്‍ ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ ഈ പിഴവുകള്‍ മുതലാക്കുന്നു എന്നതനുസരിച്ച് പൂര്‍ണമായും സിസ്റ്റങ്ങള്‍ കയ്യടക്കല്‍, അനധികൃതമായി ആക്‌സസ് നേടല്‍ എന്നിവ ഹാക്കര്‍മാര്‍ ചെയ്‌തേക്കാം. മറ്റ് സോഴ്‌സുകളില്‍ നിന്ന് അപകടകരമായ ഫയലുകള്‍ വാട്‌സ്ആപ്പിലേക്ക് കടത്തിവിടാനും അക്രമകാരികള്‍ക്ക് കഴിയും.
അറ്റാച്ച്‌മെന്‍റുകളും ഫയലുകളും കൈകാര്യം ചെയ്യുന്നതില്‍ വാട്‌സ്ആപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്‌ചകളാണ് ഈ സൈബര്‍ ആക്രമണ സാധ്യതയ്ക്ക് വഴിയൊരുക്കുന്നത്. അറ്റാച്ച്‌മെന്‍റ് ഫയല്‍ നാമങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യുന്നതും മെസേജുകള്‍ അപൂര്‍ണമായി വാലിഡേറ്റ് ചെയ്യുന്നതുമാണ് സൈബര്‍ അക്രമകാരികള്‍ക്ക് അവസരമൊരുക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ അറ്റാച്ച്‌മെന്‍റുകള്‍ അയക്കുന്നതിലൂടെ, ആപ്പ് ഉപയോക്താവിന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആപ്പ് പ്രോസസുകളിലേക്ക് നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാര്‍ക്കാവും.
ഈ സൈബര്‍ അപകട സാധ്യത ഒഴിവാക്കാന്‍ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ വേര്‍ഷനാണ് ഉപയോഗിക്കുന്നതെന്ന് ഉപയോക്താക്കള്‍ ഉറപ്പാക്കണം. കാരണം, ഇത്തരം അപ്‌ഡേറ്റുകളില്‍ സുരക്ഷാ പാച്ചുകള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്താറുണ്ട്. മുടങ്ങാതെ അപ്‌ഡേറ്റുകള്‍ നടത്തുന്നത് വാട്‌സ്ആപ്പിലെ സൈബര്‍ ആക്രമണ സാധ്യത കുറയ്‌ക്കുമെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വ്യക്തമാക്കി.



