അമേരിക്കയിലെ എക്‌സ് സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടക്കാട്ടി ആയിരക്കണക്കിന് പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പ്രത്യക്ഷപ്പെട്ടു
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് (പഴയ ട്വിറ്റര്‍) അമേരിക്കയില്‍ സേവനങ്ങളില്‍ തടസം നേരിട്ട ശേഷം തിരിച്ചെത്തി. യുഎസില്‍ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ശനിയാഴ്ച എക്സ് സേവനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് പരാതിപ്പെട്ടത്.
അമേരിക്കയിലെ എക്‌സ് സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടക്കാട്ടി ആയിരക്കണക്കിന് പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ ശനിയാഴ്ച വൈകിട്ട് രേഖപ്പെടുത്തി. യൂസര്‍മാര്‍ സമര്‍പ്പിക്കുന്ന പരാതികളുടെ മാത്രം കണക്കാണിത് എന്നതിനാല്‍, യഥാര്‍ഥത്തില്‍ എക്സ് സേവനങ്ങളില്‍ പ്രശ്നം നേരിട്ടവരുടെ എണ്ണം ഇതിലുമുയരും. മാര്‍ച്ച് ആദ്യം ലോക വ്യാപകമായി എക്‌സ് ആപ്പില്‍ പ്രശ്നങ്ങളില്‍ നേരിട്ടിരുന്നു. അന്നതിനെ സൈബര്‍ ആക്രമണം എന്ന് പഴിക്കുകയാണ് എക്സ് സിഇഒ ഇലോണ്‍ മസ്ക് ചെയ്തത്. ഇതിന് ശേഷം മെയ് മാസത്തിലും എക്സ് സേവനങ്ങളില്‍ തകരാറുകളുണ്ടായി. എക്സിന്‍റെയും എക്സ് എഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും എക്സില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മസ്ക് 2025 മെയ് മാസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എക്സ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ വീണ്ടും തടസങ്ങള്‍ നേരിട്ടിരിക്കുകയാണ്.
എക്‌സില്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കനോ കഴിയുന്നില്ല, ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നിങ്ങനെ നിരവധി പരാതികളാണ് സമീപ കാലങ്ങളിലുണ്ടായത്.
രണ്ട് ദിവസം മുമ്പ് ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസില്‍ തകരാറുണ്ടായിരുന്നു. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങൾ ആഗോളതലത്തില്‍ തടസപ്പെട്ടു. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു. ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലൗഡ് സേവനദാതാക്കളില്‍ ഒരു കമ്പനിയാണ് പ്രശ്നം നേരിട്ട ഗൂഗിള്‍ ക്ലൗഡ്. ലോകമെങ്ങുമുള്ള ക്ലൗഡ് സേവനങ്ങളില്‍ 12 ശതമാനം വിപണി വിഹിതം ഗൂഗിള്‍ ക്ലൗഡിനുണ്ട്.

