നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ അക്കാര്യം എങ്ങനെ ചെറിയ സൂചനകളിലൂടെ മനസിലാക്കാം, ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ട് എങ്ങനെ എളുപ്പത്തില്‍ വീണ്ടെടുക്കാം?

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്. കേവലമൊരു ചാറ്റ് പ്ലാറ്റ്‌ഫോം എന്നതിനപ്പുറം വാട്‌സ്ആപ്പ് പേ അടക്കമുള്ള മൂല്യാധിഷ്‌ഠിത സേവനങ്ങളും വാട്‌സ്ആപ്പിലുണ്ട്. വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ ഐഡന്‍റിറ്റിയും മെസേജുകളും ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്‍റുകളും സാമ്പത്തിക ഇടപാടുകളുമെല്ലാം വലിയ അപകടത്തിലാവും. അതിനാല്‍ തന്നെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമായിരിക്കുക ഉപയോക്താക്കളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ അക്കാര്യം എങ്ങനെ ചെറിയ സൂചനകളിലൂടെ മനസിലാക്കാം, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് എങ്ങനെ എളുപ്പത്തില്‍ വീണ്ടെടുക്കാം?

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ മനസിലാക്കാനുള്ള സൂചനകള്‍

1. നിങ്ങളുടെ വാട്‌സ്ആപ്പ് തനിയെ ലോഗൗട്ട് ചെയ്യപ്പെടും: ചിലപ്പോള്‍ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് തനിയെ ലോഗൗട്ടായിട്ടുണ്ടാകും. അല്ലെങ്കില്‍, ‘ഈ നമ്പറില്‍ വാട്‌സ്ആപ്പ് ലഭ്യമല്ല’ എന്ന മുന്നറിയിപ്പാവും എഴുതിക്കാണിക്കുക. മറ്റൊരു ഡിവൈസില്‍ വേറാരെങ്കിലും നിങ്ങളുടെ വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്‌തിട്ടോ ഉണ്ടാവാം.

2. നിങ്ങള്‍ അയക്കാത്ത മെസേജുകളും ചാറ്റ്‌ബോക്‌സില്‍ കാണിക്കാം: നിങ്ങളുടെ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുമെങ്കിലും അങ്ങനെയൊരു മെസേജും നിങ്ങള്‍ യഥാര്‍ഥത്തില്‍ അയച്ചിട്ടുണ്ടാവില്ല.

3. വാട്‌സ്ആപ്പ് ലിങ്ക് ചെയ്‌ത അണ്‍നോണ്‍ ഡിവൈസ് കാണിക്കും: വാട്‌സ്ആപ്പിലെ സെറ്റിംഗ് തുറന്നാല്‍ ലിങ്ക്ഡ് ഡിവൈസ് എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ നിങ്ങള്‍ക്ക് അപരിചിതമായ ഡിവൈസുകളോ ബ്രൗസറുകളോ ലൊക്കേഷനുകളോ കണ്ടാല്‍ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് അപകടത്തിലാണെന്ന് സംശയിക്കാം.

4. ഫോണിലെ ബാറ്ററി പെട്ടെന്ന് തീരുന്നു, ഫോണ്‍ പെട്ടെന്ന് ചൂടാവുന്നു

സ്‌പൈവെയറുകളോ മാല്‍വെയറുകളോ ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ ആരെങ്കിലും പ്രവേശിച്ചാലോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാലോ ഫോണ്‍ അസ്വാഭാവികമായി ചൂടാവുകയും ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോവുകയുമൊക്കെ ചെയ്യാം. ഫോണില്‍ എന്തോ ബാക്ക്‌ഗ്രൗണ്ട് പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്നാണ് ഇതിനര്‍ഥം.

5. പുതിയ കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും ഓട്ടോമാറ്റിക്കായി ആഡ് ആയിട്ടുണ്ടോ?

സംശയാസ്‌പദമായ കോണ്‍ടാക്റ്റുകളും ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകളും ഗ്രൂപ്പുകളും വാട്‌സ്ആപ്പില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന്. ഇതൊരു സ്‌കാം തട്ടിപ്പാകാം.

വാട്‌സ്ആപ്പ് എങ്ങനെ സുരക്ഷിതമാക്കാം?

1. ടു-സ്റ്റെപ് വെരിഫിക്കേഷന്‍ എനാബിള്‍ ചെയ്യുക

2. ഇടയ്‌ക്കിടയ്‌ക്ക് എല്ലാ ഡിവൈസുകളില്‍ നിന്നും വാട്‌സ്ആപ്പ് ലോഗ്ഔട്ട് ചെയ്യുക.

3.നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ എന്തെങ്കിലും പ്രശ്‌നം തോന്നിയാല്‍ ആപ്പ് റീഇന്‍സ്റ്റാള്‍ ചെയ്യുക. വീണ്ടും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വെരിഫൈ ചെയ്‌ത് അക്കൗണ്ട് പുനഃസ്ഥാപിക്കുക.

4. സുരക്ഷാ പഴുതുകള്‍ ഒഴിവാക്കാന്‍ ഇടയ്‌ക്കിടയ്‌ക്ക് ഫോണും വാട്‌സ്ആപ്പും അപ്‌ഡേറ്റ് ചെയ്യുക

5. പരിചയമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഫോണില്‍ സൂക്ഷിക്കരുത്. എപ്പോഴും മാല്‍വെയര്‍ സ്‌കാനിംഗുകള്‍ നടത്തുക. വിശ്വസനീയമായ ആന്‍റിവൈറസുകള്‍ ഉപയോഗിക്കുക.

6. ഒരിക്കലും വാട്‌സ്ആപ്പ് ഒടിപി ആരുമായി പങ്കുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും പ്രധാനപ്പെട്ടതാണ്. കോളിലൂടെയും മെസേജുകളിലൂടെയും ലിങ്കുകള്‍ വഴിയും വാട്‌സ്ആപ്പ് ഹാക്കര്‍മാര്‍ നിങ്ങളെ സമീപിക്കാം എന്നോര്‍ക്കുക.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്