പര്‍വതമേഖലകള്‍ പോലുള്ള പ്രതികൂലമായ പ്രദേശങ്ങളില്‍ എതിരാളികളെ സ്വയം തിരിച്ചറിഞ്ഞ് വെടിയുതിര്‍ക്കാന്‍ ശേഷിയിലുള്ളതാണ് ഈ ആയുധം
ദില്ലി: പ്രതിരോധരംഗത്ത് സ്വയംപര്യാപ്‌തത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ (എല്‍എംജി) വിജയകരമായി പരീക്ഷിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് ഇന്ത്യന്‍ സൈന്യം നെഗെവ് എല്‍എംജി (AI-enabled Negev system) പരീക്ഷിച്ചത് എന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഡെറാഡൂണ്‍ ആസ്ഥാനമായുള്ള പ്രതിരോധ സ്ഥാപനമായ ബിഎസ്എസ് മെറ്റീരിയല്‍ ലിമിറ്റഡാണ് എഐ അധിഷ്ഠിത ഗണ്‍ പ്ലാറ്റ്‌ഫോമിന്‍റെ നിര്‍മ്മാതാക്കള്‍.
പര്‍വതമേഖലകള്‍ പോലുള്ള പ്രതികൂലമായ പ്രദേശങ്ങളില്‍ എതിരാളികളെ സ്വയം തിരിച്ചറിഞ്ഞ് (ഓട്ടോമാറ്റിക് ടാർഗെറ്റ് ഡിറ്റക്ഷൻ) വെടിയുതിര്‍ക്കാന്‍ ശേഷിയിലുള്ളതാണ് ഇന്ത്യ വികസിപ്പിച്ച ഈ എഐ ലൈറ്റ് മെഷീന്‍ ഗണ്‍. ഉയര്‍ന്ന ഭൂപ്രദേശങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ എല്‍എംജി വിജയകരമാകും എന്നാണ് പ്രതീക്ഷ. പരീക്ഷണഘട്ടത്തില്‍ 14,000 അടി ഉയരത്തില്‍ വച്ച് ഈ എഐ അധിഷ്ഠിത ലൈറ്റ് മെഷീന്‍ ഗണ്‍ കൃത്യതയും സ്ഥിരതയും തെളിയിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് കീഴില്‍ ഇന്ത്യന്‍ സേനയെ തദ്ദേശീയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആധുനികവത്ക്കരിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായകമായ പരീക്ഷണമാണ് വിജയത്തിലെത്തിയത്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ വച്ച് ലക്ഷ്യസ്ഥാനം സ്വയം തിരിച്ചറിയാനും വെടിയുതിര്‍ക്കാനും ശേഷിയുള്ളതാണ് ബിഎസ്എസ് മെറ്റീരിയല്‍ വികസിപ്പിച്ച എഐ അധിഷ്ഠിത ലൈറ്റ് മെഷീന്‍ ഗണ്‍. പ്രത്യേകം തയ്യാറാക്കിയ മള്‍ട്ടി-സെന്‍സര്‍ എഐ മൊഡ്യൂളാണ് ഇതിന് പ്രാപ്തമാക്കുന്നത്. കൃത്യതയുള്ള ടാർഗെറ്റിംഗിനായി തെർമൽ, ഒപ്റ്റിക്കൽ സെൻസർ സംയോജനം, എന്‍ക്രിപ്റ്റഡായ റിമോട്ട് കമാന്‍ഡ് ശേഷി തുടങ്ങി അനേകം സവിശേഷതകള്‍ ഈ ആയുധത്തിനുണ്ട്. പാകിസ്ഥാനും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഈ എഐ മെഷീന്‍ ഗണ്ണിനാകും.

