ഇന്‍സ്റ്റഗ്രാമില്‍ എഐ ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പ്രൊഫൈലില്‍ 'എഐ ക്രിയേറ്റര്‍ ടാഗ്' ചേര്‍ക്കാന്‍ പുതിയ ഫീച്ചര്‍ വരുന്നു. ഓപ്ഷണലായ ഈ ഫീച്ചര്‍ വഴി എഐ അക്കൗണ്ടുകളെ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനും ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ സ്വീകാര്യത നേടാനും സാധിക്കും.
ഇന്‍സ്റ്റഗ്രാമില്‍ ഇനി മുതല്‍ എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ പതിവായി പോസ്റ്റ് ചെയ്യുന്നവര്‍ക്ക് 'എഐ ക്രിയേറ്റര്‍ ടാഗ്' പ്രൊഫൈലില്‍ ചേര്‍ക്കാനാകും. എഐ ഉള്ളടക്കങ്ങളുള്ള അക്കൗണ്ടുകളെ പ്രത്യേകം തിരിച്ചറിയാന്‍ ആപ്പ് ഉപഭോക്താക്കളെ പ്രാപ്‌തമാക്കുകയാണ് ഇതിലൂടെ ഇന്‍സ്റ്റഗ്രാം അധികൃതരുടെ ലക്ഷ്യം. എഐ ഉപയോഗിച്ച് കോണ്ടന്‍റുകള്‍ ക്രിയേറ്റ് ചെയ്യുന്നവര്‍ക്കും എഡിറ്റ് ചെയ്യുന്നവര്‍ക്കും ഈ ടാഗ് പ്രൊഫൈലിലേക്ക് ചേര്‍ക്കാവുന്ന തരത്തില്‍ ഓപ്ഷനാലാണ് പുത്തന്‍ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ സൃഷ്‌ടിക്കാനും എഡിറ്റിംഗിനുമായി എഐ ടൂളുകളെ ആളുകള്‍ ആശ്രയിക്കുന്നത് വര്‍ധിച്ചതാണ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റ അധികൃതരെ പ്രേരിപ്പിച്ചത്. എഐ ഉള്ളടക്കങ്ങള്‍ തിരിച്ചറിയാന്‍ ഇത് ആപ്പ് ഉപഭോക്താക്കളെ സഹായിക്കും. എന്നിരുന്നാലും, ഐ ക്രിയേറ്റര്‍ ടാഗ് എന്നത് ഓപ്ഷനായ ഒരു ഫീച്ചര്‍ ആയതിനാല്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ എഐ വീഡിയോകളിലും മുന്നറിയിപ്പ് ടാഗ് പ്രത്യക്ഷപ്പെടില്ല. ക്രിയേറ്റര്‍മാര്‍ ടാഗ് നല്‍കുന്ന പ്രൊഫൈലുകളില്‍ നിന്നുള്ള പോസ്റ്റുകളില്‍ മാത്രമേ എഐ ക്രിയേറ്റര്‍ ടാഗ് കാണാനാകൂ. എന്നാല്‍ ഇപ്പോള്‍ പരിമിതമായ ആപ്പ് ഉപഭോക്താക്കള്‍ക്ക് മാത്രം എഐ ക്രിയേറ്റര്‍ ടാഗ് ലഭ്യമാകൂ. വരും ആഴ്‌ചകളില്‍ കൂടുതല്‍ യൂസര്‍മാരിലേക്ക് ഈ സവിശേഷത ഇന്‍സ്റ്റഗ്രാം അധികൃതര്‍ എത്തിക്കും.
നിലവില്‍ ഇന്‍സ്റ്റഗ്രാമിലുള്ള എഐ ഇന്‍ഫോ ടാഗിന് പുറമെയാണ് പുത്തന്‍ ഫീച്ചറിന്‍റെ വരവ്. ഓരോ പോസ്റ്റുകളിലും പ്രത്യേകമായി എഐ ഇന്‍ഫോ ടാഗ് ചേര്‍ക്കുകയാണ് ഇതിന്‍റെ രീതിയെങ്കില്‍ എഐ ക്രിയേറ്റര്‍ ടാഗ് ചേര്‍ക്കേണ്ടത് പ്രൊഫൈലിലേക്കാണ്. എഐ ക്രിയേറ്റര്‍ ടാഗ് ചേര്‍ത്താലും ഇന്‍സ്റ്റ ഫീഡില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന അല്‍ഗോരിതത്തെ ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന ഉള്ളടക്കങ്ങള്‍ സ്ഥിരമായി പോസ്റ്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇന്‍സ്റ്റഗ്രാമിനുള്ളത്. അത്തരം ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ 'എഐ ക്രിയേറ്റര്‍ ടാഗ്' വഴി കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്‍സ്റ്റഗ്രാം തുറന്ന് പ്രൊഫൈലില്‍ പ്രവേശിച്ച് എഡിറ്റ് പ്രൊഫൈല്‍ ഓപ്ഷനില്‍ ടാപ് ചെയ്യുക. അതിന് ശേഷം എഐ ക്രിയേറ്റര്‍ ലേബല്‍ ഓണാക്കുക. ഒരിക്കല്‍ ഈ ഓപ്ഷന്‍ ഓണാക്കിയാല്‍ ഈ ലേബല്‍ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ബയോയിലും പോസ്റ്റുകളുടെയും റീലുകളുടെയും താഴെയുള്ള യൂസര്‍നെയിമിലും പ്രത്യക്ഷപ്പെടും.



