ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ, എഫ്33 5ജി, എഫ്33 പ്രോ 5ജി എന്നീ ഫോണുകൾ ഉൾപ്പെടുന്ന എഫ്33 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 7,000 എംഎഎച്ച് ബാറ്ററിയും 50എംപി ക്യാമറയുമുള്ള ഈ ഫോണുകളുടെ വില, ലഭ്യത, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ അറിയാം.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ എഫ്33 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓപ്പോ എഫ്‌33 5ജി, ഓപ്പോ എഫ്33 പ്രോ 5ജി എന്നിവയാണ് ഈ മൊബൈല്‍ നിരയിലുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 6360 മാക്‌സ് ചിപ്‌സെറ്റ്, 7,000 എംഎഎച്ച് ബാറ്ററി, 5ജി പിന്തുണ, 50എംപി റിയര്‍ ക്യാമറ എന്നിവ ഇരു ഫോണുകളുടെയും പൊതു പ്രത്യേകതകളാണ്.

ഓപ്പോ എഫ്‌33 5ജി, ഓപ്പോ എഫ്33 പ്രോ 5ജി വില

ഓപ്പോ എഫ്‌33 5ജി, ഓപ്പോ എഫ്33 പ്രോ 5ജി എന്നിങ്ങനെ രണ്ട് സ്‌മാര്‍ട്ട്‌ഫോണുകള്‍ കൂടി അവതരിപ്പിച്ച് ഇന്ത്യയില്‍ എഫ്-സീരീസ് വ്യാപിപ്പിച്ചിരിക്കുകയാണ് ഓപ്പോ കമ്പനി. ഓപ്പോ എഫ്‌33 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ബേസ് വേരിയന്‍റിന് ഇന്ത്യയില്‍ 31,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 39,999 രൂപയാകും. അതേസമയം, ഓപ്പോ എഫ്33 പ്രോ 5ജിയുടെ 8 ജിബി റാം + 128 ജിബി അടിസ്ഥാന വേരിയന്‍റിന് 37,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 40,999 രൂപ നല്‍കണം. ഓപ്പോ എഫ്‌33 5ജി, ഓപ്പോ എഫ്33 പ്രോ 5ജി ഹാന്‍ഡ്‌സെറ്റുകളുടെ ഇന്ത്യയിലെ പ്രീ-ഓര്‍ഡര്‍ അരംഭിച്ചിട്ടുണ്ട്. ഓപ്പോ എഫ്‌33 5ജി പേള്‍ വൈറ്റ്, ഫോറസ്റ്റ് ഗ്രീന്‍ നിറങ്ങളിലും ഓപ്പോ എഫ്33 പ്രോ 5ജി മിസ്റ്റി ഫോറസ്റ്റ്, സ്റ്റേരി ബ്ലൂ, പാഷന്‍ റെഡ് നിറങ്ങളിലുമാണ് വിപണിയില്‍ ലഭ്യമാവുക.

ഓപ്പോ എഫ്33 പ്രോ 5ജി: പ്രധാന സവിശേഷതകള്‍

6.57-ഇഞ്ച് എച്ച്‌ഡി+ റെസലൂഷനിലുള്ള അമോലെഡ് ഡിസ്‌പ്ലെ സഹിതമുള്ള സ്‌മാര്‍ട്ട്‌ഫോണാണ് ഓപ്പോ എഫ്33 പ്രോ 5ജി. മീഡിയടെക് ഡൈമന്‍സിറ്റി 6360 മാക്‌സ് (6nm) പ്രൊസസറിലുള്ള ഓപ്പോ എഫ്33 പ്രോയില്‍ 50എംപി പ്രധാന റിയര്‍ ക്യാമറ, ഒരു അധിക സെന്‍സര്‍, ഹൈ-റെസലൂഷന്‍ സെല്‍ഫി ക്യാമറ എന്നിവയുണ്ട്. 80 വാട്‌സ് സൂപ്പര്‍വൂക് ഫ്ലാഷ് ചാര്‍ജിംഗും 10 വാട്‌സ് റിവേഴ്‌സ് ചാര്‍ജിംഗും സഹിതമുള്ള 7,000 എംഎഎച്ച് ബാറ്ററി ഫോണിനുണ്ട്. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസിലാണ് പ്രവര്‍ത്തനം. സുരക്ഷയ്‌ക്ക് ഐപി69K റേറ്റിംഗ് ഓപ്പോ എഫ്33 പ്രോ 5ജി ഫോണിന് ലഭിച്ചിട്ടുണ്ട്.

ഓപ്പോ എഫ്‌33 5ജി: പ്രധാന സവിശേഷതകള്‍

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലെയോടെയാണ് ഓപ്പോ എഫ്‌33 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 50എംപി പ്രധാന ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 32എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് സെന്‍സര്‍ പ്രത്യേകതകള്‍. പ്രോ വേരിയന്‍റിന് സമാനമായ പ്രൊസസറാണ് ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 7,000 എംഎഎച്ച് ബാറ്ററിയും അടങ്ങിയിരിക്കുന്നു. റിവേഴ്‌സ് ചാര്‍ജിംഗ് പിന്തുണയുമുണ്ട്. ആന്‍ഡ്രോയ്‌ഡ് അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 16 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming