ഭാരതി എയര്‍ടെല്ലിന് പിന്നാലെ റിയലന്‍സ് ജിയോയും സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് സേവനം ഇന്ത്യയിലെത്തിക്കാന്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് കമ്പനിയുമായി കരാറിലെത്തിയ വിവരം അറിയിച്ചു

മുംബൈ: ഇന്ത്യയില്‍ ഇലോണ്‍ മസ്കിന്‍റെ സ്‌പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം എത്തിക്കാന്‍ റിലയന്‍സ് ജിയോയും. ഭാരതി എയര്‍ടെല്ലിന് പിന്നാലെയാണ് ജിയോയും സ്പേസ് എക്സുമായി കരാറിലെത്തിയ വിവരം അറിയിച്ചത്. ഗ്രാമപ്രദേശങ്ങള്‍ അടക്കമുള്ള ഉള്‍നാടുകളിലാണ് പ്രധാനമായും സ്റ്റാര്‍ലിങ്ക് വഴി ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ ജിയോ പദ്ധതിയിടുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്പേസ് എക്സിന് പൂര്‍ണ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ ജിയോയും എയര്‍ടെല്ലും വഴി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ഉപയോഗിക്കാനാകൂ.

'എല്ലാ ഇന്ത്യക്കാര്‍ക്കും ഹൈ-സ്പീഡ് ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, ഇന്‍റര്‍നെറ്റ് സേവനം എത്തിക്കുമ്പോള്‍ ഉപയോക്താക്കള്‍ ഏത് ഇടത്താണോ എന്നത് ഞങ്ങളുടെ പ്രശ്നമേയല്ല. തടസങ്ങളില്ലാതെ ഇന്‍റര്‍നെറ്റ് സേവനം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കാനുള്ള ജിയോയുടെ ശ്രമങ്ങളില്‍ നിര്‍ണായകമാണ് സ്‌പേസ് എക്സിന്‍റെ സ്റ്റാര്‍ലിങ്കുമായുള്ള സഹകരണം' എന്നും റിലയന്‍സ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യൂ ഉമ്മന്‍ പറഞ്ഞു. അതേസമയം ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യം വര്‍ധിപ്പിക്കാനുള്ള ജിയോയുടെ പരിശ്രമങ്ങളെ സ്പേസ് എക്സ് പ്രസിഡന്‍റും സിഒഒയുമായ ഗ്വെയ്‌ന്‍ ഷോട്ട്‌വെല്‍ പ്രശംസിച്ചു. 

സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഇലോൺ മസ്‌കിന്‍റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട വിവരം എയർടെൽ ഇന്നലെ ഔദ്യോഗികമായി അറിയിച്ചിരുന്നു. 'ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കും, നിയമപരമായി അനുമതി ലഭിച്ച ശേഷം സ്റ്റാർലിങ്ക് പ്രവർത്തനം തുടങ്ങും, ഗ്രാമീണ മേഖലയിൽ ഇന്‍റർനെറ്റ് വിപ്ലവത്തിന് വഴി തെളിയിക്കുന്ന നീക്കമാണിതെന്നും' എയർടെൽ അവകാശപ്പെട്ടു. യുഎസില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്കും ചർച്ച നടത്തി ആഴ്ചകൾക്ക് മാത്രം ശേഷമാണ് സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയിലേക്ക് എത്തുന്നത്. 

Read more: സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്, ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം