ഉറക്ക ഡാറ്റ ഉപയോഗിച്ച് രോഗ സാധ്യതകള്‍ പ്രവചിക്കുന്ന എഐ മോഡല്‍ ഗവേഷകര്‍ വികസിപ്പിച്ചു. ഇത്തരത്തില്‍ 130 രോഗങ്ങള്‍ കൃത്യമായി എഐ മോഡല്‍ കണ്ടെത്തിയതായി ഗവേഷണ ഫലം പറയുന്നു. 

ന്യൂയോര്‍ക്ക്: നിങ്ങളുടെ ഉറക്ക ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി 100-ലധികം രോഗങ്ങളുടെ സാധ്യത പ്രവചിക്കാൻ കഴിയുന്ന പുതിയ ഒരു എഐ മോഡൽ വികസിപ്പിച്ചെടുത്ത് ഗവേഷകർ. സ്ലീപ്പ് എഫ്എം എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് വികസിപ്പിച്ചെടുത്തത്. 65,000 ആളുകളിൽ നിന്നുള്ള ഏകദേശം 600,000 മണിക്കൂർ ഉറക്ക ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ മോഡൽ പരിശീലിപ്പിച്ചത്.

സ്ലീപ്പ്എഫ്എം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഉറക്കത്തിന്‍റെ വിവിധ ഘട്ടങ്ങൾ തിരിച്ചറിയുക, സ്ലീപ് അപ്‍നിയയുടെ തീവ്രത വിലയിരുത്തുക തുടങ്ങിയ സാധാരണ ഉറക്കവുമായി ബന്ധപ്പെട്ട ജോലികളിലാണ് ഈ എഐ ആദ്യം പരീക്ഷിച്ചത് എന്ന് നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർന്ന് ഉറക്ക ഡാറ്റ ഒരു സ്ലീപ്പ് ക്ലിനിക്കിൽ നിന്ന് ശേഖരിച്ച ആരോഗ്യ രേഖകളുമായി സംയോജിപ്പിച്ചു. ഇത്തരത്തിൽ 1,000-ത്തിൽ അധികം രോഗങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. ഉറക്ക ഡാറ്റ മാത്രം ഉപയോഗിച്ച് ഉയർന്ന കൃത്യതയോടെ ഈ 130 രോഗങ്ങളെ പ്രവചിക്കാൻ മോഡലിന് കഴിഞ്ഞു.

ഉറക്ക ഡാറ്റ ഇത്ര പ്രത്യേകതയുള്ളത് എന്തുകൊണ്ട്?

ഉറക്കത്തിൽ ശരീരം നിരവധി സുപ്രധാന സിഗ്നലുകൾ സൃഷ്‌ടിക്കുന്നു. ശരീരം ഏകദേശം എട്ട് മണിക്കൂർ സ്ഥിരതയുള്ള അവസ്ഥയിൽ തുടരുന്നുവെന്നും ഇത് വളരെ സമ്പന്നവും ഉപയോഗപ്രദവുമായ ഡാറ്റ നൽകുന്നുവെന്നും സ്റ്റാൻഫോർഡ് സർവകലാശാലയിലെ സ്ലീപ്പ് മെഡിസിൻ പ്രൊഫസറും മുഖ്യ ഗവേഷകനുമായ ഇമ്മാനുവൽ മിഗ്നോട്ട് പറഞ്ഞു. പോളിസോംനോഗ്രാഫി ഡാറ്റ ഉപയോഗിച്ചാണ് സ്ലീപ്പ്എഫ്എം പ്രവർത്തിക്കുന്നത്. ഇത് ഉറക്ക പരിശോധനയ്ക്കുള്ള മികച്ച നിലവാരമായി കണക്കാക്കപ്പെടുന്നു. ഇതിൽ തലച്ചോറിന്‍റെ പ്രവർത്തനം (EEG), ഹൃദയമിടിപ്പ് (ഇസിജി), പേശി ചലനങ്ങൾ, ശ്വസന രീതി, പൾസും ഓക്‌സിജന്‍റെ അളവും തുടങ്ങിയവ ഉൾപ്പെടുന്നു.

ഈ എഐക്ക് ഏതൊക്കെ രോഗങ്ങൾ കണ്ടെത്താൻ കഴിയും?

അര്‍ബുദം, ഗർഭകാല സങ്കീർണതകൾ, ഹൃദയ-രക്തചംക്രമണ രോഗങ്ങൾ, മാനസിക രോഗം, പാർക്കിൻസൺസ് പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയാഘാതവും ഹൃദയസ്‌തംഭനവും തുടങ്ങിയ രോഗങ്ങൾ കണ്ടെത്താൻ ഈ ഈ എഐ മോഡലിന് കഴിയുമെന്ന് ഗവേഷകർ പറയുന്നു. ഒരു രാത്രിയിലെ ഉറക്കത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് പോലും ഈ എഐ മോഡലിന് ഹൃദയാഘാതം, ഡിമെൻഷ്യ, വൃക്കരോഗം പോലുള്ള ഗുരുതരമായ രോഗങ്ങളുടെ സാധ്യത പ്രവചിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്