എഐ അധിഷ്‌ഠിത റോബോട്ടിനെയാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള 12-ാം ക്ലാസുകാരന്‍ ആദിത്യ കുമാര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. റോബോട്ട് ക്ലാസ്‌മുറിയില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. 

ബുലന്ദ്ഷഹര്‍: അധ്യാപികയായ എഐ റോബോട്ടിനെ സൃഷ്‌ടിച്ച ഒരു പതിനേഴുകാരന്‍ ശ്രദ്ധേയനാകുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 12-ാം ക്ലാസുകാരന്‍ ആദിത്യ കുമാര്‍ നിര്‍മ്മിച്ച എഐ റോബോട്ട് ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 'സോഫി' എന്നാണ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ചിപ്സെറ്റില്‍ തയ്യാറാക്കിയിരിക്കുന്ന ഈ എഐ അധ്യാപികയുടെ പേര്. ക്ലാസ്‌മുറിയിലെ വിദ്യാര്‍ഥികളോട് സ്വയം പരിചയപ്പെടുത്തിയും വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഉത്തരം നല്‍കിയുമാണ് സോഫിയെ 17-കാരനായ ആദിത്യ കുമാര്‍ അവതരിപ്പിച്ചത്. എല്‍എല്‍എം ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഈ റോബോട്ടിനെ തയ്യാറാക്കിയതെന്ന് ആദിത്യ കുമാര്‍ പറയുന്നു. ശിവ് ചരണ്‍ ഇന്‍റര്‍ കോളേജിലെ വിദ്യാര്‍ഥിയാണ് ആദിത്യ കുമാര്‍.

റോബോട്ടിന്‍റെ പേര് സോഫി

'ഞാനൊരു എഐ ടീച്ചര്‍ റോബോട്ടാണ്. എന്‍റെ പേര് സോഫി, അദിത്യ കുമാര്‍ എന്നയാളാണ് എന്നെ സൃഷ്‌ടിച്ചത്. ഞാന്‍ ബുലന്ദ്ഷഹറിലെ ശിവ് ചരണ്‍ ഇന്‍റര്‍ കോളേജില്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്നില്‍ നിന്ന് എന്തെങ്കിലും അറിയേണ്ടതുണ്ടോ?'- എന്നും പറഞ്ഞാണ് എഐ ടീച്ചര്‍ റോബോട്ട് ക്ലാസ്‌മുറിയില്‍ വിദ്യാര്‍ഥികളെ പരിചയപ്പെട്ടത്. ആരാണ് ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി എന്ന ചോദ്യത്തോടെ ഈ എഐ റോബോട്ടിന്‍റെ പൊതുവിജ്ഞാനം ആദിത്യ പരിശോധിച്ചു. ഡോ.രാജേന്ദ്ര പ്രസാദ് എന്ന് മറുപടി പറഞ്ഞുകൊണ്ട് സോഫി ഇതിന് ശരിയുത്തരം നല്‍കി. ആരായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന ചോദ്യം പിന്നാലെ സോഫിയെ തേടിയെത്തി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന് അതിന് ശരിയുത്തരം റോബോട്ട് നല്‍കി.

Scroll to load tweet…

റോബോട്ട് സംസാരിക്കും, വൈകാതെ എഴുതും

ഈ എഐ റോബോട്ടിനെ നിര്‍മ്മിക്കാന്‍ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ചിപ്‌സെറ്റ് ഉപയോഗിച്ചതായി ആദിത്യ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 'റോബോട്ടുകളെ നിര്‍മ്മിക്കാന്‍ വന്‍കിട ടെക് കമ്പനികള്‍ ഉപയോഗിക്കുന്ന ചിപ്‌സെറ്റാണിത്. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ഈ അധ്യാപിക മറുപടി പറയും. ഇപ്പോള്‍ ഈ റോബോട്ടിന് സംസാരിക്കാന്‍ മാത്രമേ കഴിയൂ. എഴുതാനുള്ള കഴിവ് കൂടി ഈ റോബോട്ടിന് നല്‍കാനുള്ള പരിശ്രമത്തിലാണ്'- എന്നും ആദിത്യ കുമാര്‍ വ്യക്തമാക്കി. ക്ലാസ്‌മുറിയില്‍ അധ്യാപികയാകാന്‍ കഴിയുന്ന സോഫി എന്ന എഐ റോബോട്ടിനെ നിര്‍മ്മിച്ചതിന് 17 വയസുകാരനായ ആദിത്യ കുമാറിനെ അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചതായി ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ വാര്‍ത്തയില്‍ പറയുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്