വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളുടെ ടാഗ് ചേര്‍ക്കാനുള്ള സൗകര്യം, കസ്റ്റം ടെക്‌സ്റ്റ് സ്റ്റിക്കറുകള്‍, മെച്ചപ്പെട്ട ഇവന്‍റ് റിമൈന്‍ഡറുകള്‍ എന്നിവയാണ് വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍. ഘട്ടം ഘട്ടമായി ഈ സവിശേഷതകള്‍ ലഭ്യമാകും.

കാലിഫോര്‍ണിയ: ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിലെ ഗ്രൂപ്പുകളില്‍ മൂന്ന് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളുടെ ടാഗ് ചേര്‍ക്കാനുള്ള സൗകര്യം, കസ്റ്റം ടെക്‌സ്റ്റ് സ്റ്റിക്കറുകള്‍, മെച്ചപ്പെട്ട ഇവന്‍റ് റിമൈന്‍ഡറുകള്‍ എന്നിവയാണ് എത്തിത്തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍. ഘട്ടം ഘട്ടമായി ഈ സവിശേഷതകള്‍ കൂടുതല്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഗ്രൂപ്പ് ചാറ്റുകള്‍ മാനേജ് ചെയ്യാനും അംഗങ്ങള്‍ക്ക് പിന്തുടരാനും കൂടുതല്‍ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ അപ്‌ഡേറ്റുകള്‍ എന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ലാര്‍ജ് ഫയല്‍ ഷെയറിംഗ്, എച്ച്‌ഡി മീഡിയ, സ്‌ക്രീന്‍ ഷെയറിംഗ്, വോയിസ് ചാറ്റ് തുടങ്ങിയ സവിശേഷതകള്‍ക്ക് പുറമെയാണ് ഈ മൂന്ന് ഫീച്ചറുകള്‍ കൂടി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വരുന്നത്.

വാട്‌സ്ആപ്പിലെ പുത്തന്‍ സവിശേതകള്‍ കൂടുതല്‍ വിശദമായി

1. മെമ്പര്‍ ടാഗ്

ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ക്ക് അവരുടെ ചുമതല രേഖപ്പെടുത്താനുള്ള സൗകര്യമാണ് മെമ്പര്‍ ടാഗ് എന്ന് വിളിക്കപ്പെടുന്നത്. ഉദാ: നിങ്ങള്‍ അംഗമായ ക്രിക്കറ്റ് ടീമിന്‍റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിങ്ങളുടെ പേരിന് നേര്‍ക്ക് ക്യാപ്റ്റന്‍ എന്നോ വിക്കറ്റ് കീപ്പര്‍ എന്നോ ബാറ്റര്‍ എന്നോ ബൗളര്‍ എന്നോ ഓള്‍റൗണ്ടര്‍ എന്ന ചേര്‍ക്കാം. ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓരോ കുട്ടിയുടെയും പേര് സഹിതം അധ്യാപകര്‍ക്ക് മെമ്പര്‍ ടാഗ് നല്‍കാം. നിങ്ങളുടെ പേരിന് തൊട്ട് താഴെയായിരിക്കും ഈ ടാഗ് തെളിയുക. ഇങ്ങനെ നല്‍കുന്ന ടാഗുകള്‍ ആ നിശ്ചിത ഗ്രൂപ്പില്‍ മാത്രമേ തെളിയുകയുള്ളൂ. ഓരോ വാട്‌സ്ആപ്പ് ഗ്രൂപ്പിലും നിങ്ങള്‍ക്ക് വ്യത്യസ്‌ത മെമ്പര്‍ ടാഗുകള്‍ ആഡ് ചെയ്യാന്‍ കഴിയും. ഗ്രൂപ്പ് ചാറ്റില്‍ മെസേജുകളോ വോയിസ് സന്ദേശങ്ങളോ അയക്കുന്നത് ആരെന്ന് എളുപ്പം മനസിലാകാനും ഗ്രൂപ്പ് മോഡറേറ്റര്‍മാര്‍ക്ക് അവരുടെ റോള്‍ നന്നായി നിറവേറ്റാനും ഈ ഫീച്ചര്‍ ഉപകരിക്കും. അംഗങ്ങള്‍ക്ക് പരസ്‌പരം അറിയാത്തതും ഏറെ ആളുകളുള്ളതുമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ ഫീച്ചര്‍ ഏറെ ഗുണം ചെയ്യും.

2. ടെക്‌സ്റ്റ് സ്റ്റിക്കറുകള്‍

നിങ്ങള്‍ക്ക് ടൈപ്പ് ചെയ്‌ത ഏത് വാക്കും സ്റ്റിക്കറുകളാക്കി മാറ്റാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇനിയാകും. ഇങ്ങനെ സൃഷ്‌ടിക്കുന്ന ടെക്സ്റ്റ് സ്റ്റിക്കറുകള്‍ സുഹൃത്തുക്കള്‍ക്ക് അയക്കുകയും, സ്റ്റിക്കര്‍ പാക്കില്‍ നേരിട്ട് സേവ് ചെയ്യുകയുമാവാം. ഗ്രൂപ്പ് സംഭാഷണങ്ങള്‍ കൂടുതല്‍ രസകരമാക്കുന്ന ഈ ഫീച്ചര്‍ വ്യക്തികള്‍ തമ്മില്‍ ആത്മബന്ധം കൂട്ടുന്നതിനും വഴിവെക്കുമെന്നാണ് വാട്‌സ്ആപ്പ് അധികൃതരുടെ പ്രതീക്ഷ.

3. ഇവന്‍റ് റിമൈന്‍ഡറുകള്‍

ഒരു ഗ്രൂപ്പ് ചാറ്റില്‍ ഇവന്‍റ് ക്രിയേറ്റ് ചെയ്യുമ്പോള്‍ ഇനി മുതല്‍ മുന്‍കൂട്ടി കസ്റ്റമൈസ്‌ഡ് റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനാകും. ഇത് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഇവന്‍റ്/മീറ്റിംഗ് എന്നിവ മിസ്സാവാതെ പങ്കെടുക്കാനും അതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും എളുപ്പമാക്കും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്