വെബില്‍ നിന്ന് നേരിട്ട് ഗ്രൂപ്പ് ചാറ്റുകളിൽ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറിന്‍റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് അധികൃതര്‍. പരമാവധി 32 പേര്‍ക്കാണ് ഇത്തരം കോളുകളില്‍ പങ്കുചേരാന്‍ കഴിയുക. 

കാലിഫോര്‍ണിയ: തുടര്‍ച്ചയായ അപ്‌ഡേറ്റുകള്‍ കൊണ്ട് അമ്പരപ്പിക്കുന്ന വാട്‌സ്ആപ്പ് അടുത്ത ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്‌സ്ആപ്പ് വെബില്‍ 32 പേരെ വരെ ചേര്‍ത്ത് ഗ്രൂപ്പ് കോള്‍ വിളിക്കാനുള്ള സൗകര്യമാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. മുപ്പത്തിരണ്ട് പേരെ വരെ ചേര്‍ത്തുകൊണ്ട് വോയിസ്, വീഡിയോ കോളുകള്‍ വിളിക്കാനുള്ള സൗകര്യം വാട്‌സ്ആപ്പില്‍ വൈകാതെ എത്തുമെന്ന് വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ പിന്തുടരുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. ഘട്ടം ഘട്ടമായായിരിക്കും ഈ സവിശേഷത വാട്‌സ്ആപ്പ് വെബില്‍ അവതരിപ്പിക്കപ്പെടുക. ഗ്രൂപ്പ് കോളുകള്‍ക്കുള്ള ലിങ്കും ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യവും ഇതിനൊപ്പം വാട്‌സ്ആപ്പ് വെബിലേക്ക് എത്തും.

വാട്‌സ്ആപ്പ് വെബിലേക്ക് പുത്തന്‍ ഫീച്ചര്‍

വെബില്‍ നിന്ന് നേരിട്ട് ഗ്രൂപ്പ് ചാറ്റുകളിൽ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറിന്‍റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് അധികൃതര്‍. പരമാവധി 32 പേര്‍ക്കാണ് ഇത്തരം കോളുകളില്‍ പങ്കുചേരാന്‍ കഴിയുക എന്നാണ് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ അവതരിപ്പിക്കുന്ന ആദ്യ ഘട്ടത്തില്‍ ഈ എണ്ണം വാട്‌സ്ആപ്പ് പരിമിതപ്പെടുത്തിയേക്കും. ഗ്രൂപ്പ് വീഡിയോ, വോയിസ് കോളുകളില്‍ ആദ്യ ഘട്ടത്തില്‍ പങ്കുചേരാന്‍ കഴിയുന്നവരുടെ എണ്ണം എട്ടോ പതിനാറോ ആയിരിക്കും. ഘട്ടം ഘട്ടമായായിരിക്കും ഇത് 32 പേര്‍ എന്ന എണ്ണത്തിലേക്ക് ഉയര്‍ത്തുക. ശബ്‌ദത്തിലടക്കം സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ലാതെ തുടര്‍ച്ചയായി കോളുകള്‍ സാധ്യമാക്കുന്ന തരത്തിലാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ വിഭാവനം ചെയ്യുന്നത് എന്നാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. 2020 മുതല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് 32 പേരെ വരെ ഗ്രൂപ്പ് കോളുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നുണ്ട്.

വാട്‌സ്ആപ്പ് വെബില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുമാകും

കൂടാതെ, വാട്‌സ്ആപ്പ് വെബിലെ ഗ്രൂപ്പ് ചാറ്റിൽ നിന്ന് നേരിട്ട് കോൾ ലിങ്ക് സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചര്‍ അവതരിപ്പിക്കാനും വാട്‌സ്ആപ്പിന് പദ്ധതിയുണ്ട്. ഈ ലിങ്ക് മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെ തൽക്ഷണം കോളിൽ മറ്റുള്ളവര്‍ക്ക് പങ്കുചേരാന്‍ കഴിയും. വോയിസ് കോള്‍ വേണോ, വീഡിയോ കോള്‍ വേണോ എന്ന് യൂസര്‍മാര്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇതിനൊപ്പമുണ്ടാകും. 2025 ഓഗസ്റ്റിൽ ആൻഡ്രോയ്‌ഡ്, ഐഒഎസ് സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കൾക്കായി വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്ന സവിശേഷതയാണിത്. വാട്‌സ്ആപ്പ് വെബില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഫീച്ചറും ഇതിനൊപ്പം വരുമെന്ന് സൂചനയുണ്ട്. തലക്കെട്ടും വിവരണവും കോള്‍ ആരംഭിക്കുന്ന സമയവും അവസാനിക്കുന്ന സമയവും ക്രമീകരിച്ച് കോളുകളുടെ ഷെഡ്യൂള്‍ തയ്യാറാക്കാനാകും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്