രാജ്യത്തിന്‍റെ ഡിജിറ്റൽ സംവിധാനങ്ങളെയും ടെലികോം, ബാങ്കിംഗ് പോലുള്ള സുപ്രധാന വ്യവസായങ്ങളെയും സംരക്ഷിക്കുക, ദേശീയ സൈബർ കരുത്ത് വർധിപ്പിക്കുക, വിശ്വസനീയമായ എഐയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പങ്കാളിത്തത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.

തിരുവനന്തപുരം: ക്ലൗഡ് സുരക്ഷയിലെ അഗ്രഗണീയരായ സ്‌കെയ്‌ലറും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെലും ചേര്‍ന്ന് എഐ & സൈബര്‍ ത്രെട്ട് റിസര്‍ച്ച് സെന്‍റര്‍ ആരംഭിക്കുന്നു. രാജ്യത്തിന്‍റെ ഡിജിറ്റൽ സംവിധാനങ്ങളെയും ടെലികോം, ബാങ്കിംഗ് പോലുള്ള സുപ്രധാന വ്യവസായങ്ങളെയും മേഖലകളെയും സംരക്ഷിക്കുക, ദേശീയ സൈബർ കരുത്ത് വർധിപ്പിക്കുക, വിശ്വസനീയമായ എഐയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പങ്കാളിത്തത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.

സൈബര്‍ സുരക്ഷയില്‍ നിര്‍ണായക പങ്കാളിത്തം

സൈബര്‍ സുരക്ഷയില്‍ സ്വകാര്യ മേഖല, പൊതുമേഖല, അക്കാദമിക രംഗം, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള സഹകരണത്തിനുള്ള പ്ലാറ്റ്‌ഫോമായി ഈ ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കും. ഈ സംയുക്ത കേന്ദ്രം രാജ്യത്തിന്‍റെ സൈബര്‍ പ്രതിരോധത്തെ ശാക്തീകരിക്കുക, വികസിത ഭാരതത്തിലേക്കും സമാധാനപരവും സുരക്ഷിതവും ഡിജിറ്റലായി സ്വയംപര്യാപ്‌തവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ പിന്തുണയ്ക്കാനുള്ള ഭാവി പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്ത്യയില്‍, ഇന്ത്യയ്ക്കുവേണ്ടി' രൂപകല്‍പന ചെയ്‌തതാണെന്ന് എയര്‍ടെല്‍ അധികൃതര്‍ വ്യക്തമാക്കി.

'ഞങ്ങളുടെ ഉപഭോക്താക്കളേയും രാജ്യത്തിന്‍റെ ഡിജിറ്റല്‍ സംവിധാനങ്ങളേയും സുരക്ഷിതമാക്കുക എന്നതാണ് എയര്‍ടെല്ലിന്‍റെ പ്രതിജ്ഞാബദ്ധത. സ്‌കെയ്‌ലറുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ വളരുന്ന ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എഐ ശേഷികളേയും സൈബര്‍സുരക്ഷാ ഗവേഷണത്തേയും സംയോജിപ്പിക്കും'- ഭാരതി എയര്‍ടെല്ലിന്‍റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming