കേന്ദ്രസർക്കാരിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് സൈന്യത്തിന്റെ ഹോംസ്റ്റേ പദ്ധതി നടപ്പാക്കുന്നത്. പ്രദേശവാസികളുടെ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
സഞ്ചാരികൾക്കായി ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ ആരംഭിച്ച് ഇന്ത്യൻ സൈന്യം. ഉത്തരാഖണ്ഡിലെ ഗാർബ്യാങ് ഗ്രാമത്തിലാണ് ഈ സൗകര്യമുള്ളത്. കേന്ദ്രസർക്കാരിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് സൈന്യത്തിന്റെ ഹോംസ്റ്റേ പദ്ധതി നടപ്പാക്കുന്നത്. അതിർത്തി പ്രദേശങ്ങളിലുള്ള സമൂഹങ്ങളുടെ രാഷ്ട്രനിർമ്മാണത്തിനും സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനുമുള്ള സൈന്യത്തിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി ഉയർത്തിക്കാട്ടുന്നത്. വിനോദസഞ്ചാരികൾക്ക് പ്രദേശത്തിന്റെ സംസ്കാരവും പ്രകൃതി സൗന്ദര്യവും അടുത്തറിയാൻ അവസരമൊരുക്കുന്നതിനൊപ്പം പ്രദേശവാസികളുടെ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ഹോംസ്റ്റേ എങ്ങനെ ബുക്ക് ചെയ്യാം?
ഓപ്പറേഷൻ സദ്ഭവനയുടെ ഭാഗമായി വികസിപ്പിച്ച ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ നടത്തുന്നത് പ്രദേശവാസികൾ തന്നെയാണ്. ഇവിടെ താമസിക്കാനെത്തുന്ന സന്ദർശകർക്ക് ഹിമാലയൻ ചുറ്റുപാടുകൾ ആസ്വദിക്കുന്നതിനൊപ്പം പ്രാദേശിക ജീവിതശൈലി അടുത്തറിയാനുള്ള അവസരവും നൽകുന്നു. ഗാർബ്യാങ് വില്ലേജ് കമ്മിറ്റിയാണ് റിസർവേഷനുകൾ കൈകാര്യം ചെയ്യുന്നത്. ഇതിനായി 9410734276, 7579811930, 9596752645 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. താമസത്തിന് ഒരാൾക്ക് ഒരു രാത്രിക്ക് ഭക്ഷണം ഉൾപ്പെടെ 1,000 രൂപയാണ് ഈടാക്കുന്നത്.
എവിടെയാണ് ഗാർബ്യാങ്?
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലാണ് ഗാർബ്യാങ് സ്ഥിതി ചെയ്യുന്നത്. കുമയോൺ സെക്ടറിലെ മനോഹരമായ താഴ്‌വരകളാലും മഞ്ഞുമൂടിയ പർവതങ്ങളാലും ചുറ്റപ്പെട്ട ഒരു ശാന്തസുന്ദരമായ ഗ്രാമമാണിത്. ചൈനയുടെയും നേപ്പാളിൻ്റെയും അതിർത്തിയോട് ചേർന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രധാന തീർത്ഥാടന പാതകളുടെ സ്റ്റാർട്ടിംഗ് പോയിന്റായതിനാൽ ഇവിടം "ശിവ്‌നാഗ്രി ഗുഞ്ചിയിലേക്കുള്ള കവാടം" എന്നാണ് അറിയപ്പെടുന്നത്. ഒരു വഴി ആദി കൈലാസത്തിലേക്കും മറ്റൊന്ന് ഓം പർവതത്തിലേക്കും കാലാപാനിയിലേക്കുമാണ് പോകുന്നത്.
ഗാർബ്യാങ്ങിൽ എത്തുന്നവർക്ക് ചെയ്യാൻ നിരവധി കാര്യങ്ങളുണ്ട്. സമീപത്തുള്ള ചില പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നവർക്ക് ഗാർബ്യാങ് ഒരു പ്രധാന പോയിന്റാണ്. ഇവിടെ നിന്ന്, "ഛോട്ട കൈലാസ്" എന്ന് വിളിക്കുന്ന ആദി കൈലാസത്തിലേക്കും "ഓം" ചിഹ്നത്തിന്റെ ആകൃതിയിലുള്ള പർവതമായ ഓം പർവതത്തിലേക്കുമുള്ള വഴികളിൽ പ്രവേശിക്കാം. സമീപത്തുള്ള കാളിമാത മന്ദിർ, ഋഷി വ്യാസ് കേവ്, പാർവതി കുണ്ഡ്, ഗൗരി കുണ്ഡ് എന്നിവയും സന്ദർശിക്കാവുന്നതാണ്.
ഒരുകാലത്ത് സമ്പന്നമായ ഒരു വ്യാപാര കേന്ദ്രമായിരുന്നു ഗാർബ്യാങ്. ഭോട്ടിയാസ് എന്നും അറിയപ്പെടുന്ന ഷൗക്ക, രംഗ്-ഷൗക്ക സമൂഹങ്ങളുടെ തനതായ സംസ്കാരം ഇപ്പോഴും ഇവിടെ കാണാം. പ്രദേശത്തെ ചില പഴയ വീടുകൾ മണ്ണിടിച്ചിൽ കാരണം തകർന്നെങ്കിലും മനോഹരമായ കൊത്തുപണികളുള്ള തടി വാതിലുകളും ജനാലകളും ഉള്ള കെട്ടിടങ്ങൾ ഇപ്പോഴും കാണാൻ കഴിയും.
ഗാർബ്യാങ്ങിലെത്തുന്നവർക്ക് അടുത്തുള്ള കാളിമാത മന്ദിറിൽ കാളി നദിയുടെ ഉത്ഭവസ്ഥാനം കാണാം, ഗുഞ്ചിയിലെ കമ്മ്യൂണിറ്റി മ്യൂസിയം സന്ദർശിക്കാം, മഞ്ഞുമൂടിയ പാതകൾ ആസ്വദിക്കാം, പ്രാദേശിക കുടുംബങ്ങളുമായി ഇടപഴകാം, ഹിമാലയൻ പ്രദേശത്തിന്റെ പരമ്പരാഗത ഗ്രാമീണ ജീവിതം നേരിട്ടറിയാം, തെളിഞ്ഞ ആകാശത്തിനു കീഴിൽ ക്യാമ്പ് ചെയ്യാം...അങ്ങനെ ഒന്നല്ല, ഒരുപാട് മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഗാർബ്യാങ് സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.
ഗാർബ്യാങ്ങിൽ എങ്ങനെ എത്തിച്ചേരാം
റോഡ് മാർഗം: കാളി നദിയുടെ കരയിലുള്ള ധാർച്ചുലയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഗാർബ്യാങ്. സ്വന്തമായി വാഹനമോടിക്കുകയോ ധാർച്ചുലയിൽ നിന്ന് ഒരു സ്വകാര്യ ക്യാബ് ബുക്ക് ചെയ്യുകയോ ചെയ്യാം.
വിമാനമാർഗ്ഗം: ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളം പന്ത്നഗർ വിമാനത്താവളമാണ്. അവിടെ നിന്ന് റോഡ് മാർഗം യാത്ര ചെയ്യാം.
റെയിൽ മാർഗം: ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ കാത്ഗോഡമാണ്. അവിടെ നിന്ന് ഒരു ടാക്സിയിലോ ബസിലോ ഇവിടേയ്ക്ക് എത്താം.
ഗാർബ്യാങ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് ഗാർബ്യാങ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് കാലാവസ്ഥ പൊതുവെ സുഖകരമായിരിക്കും. മഴക്കാലത്തിന് ശേഷം, സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലും നിങ്ങൾക്ക് ഇവിടം സന്ദർശിക്കാം.


