യൂറോപ്യൻ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് തിരയുകയാണ് ട്രാവൽ പ്ലാറ്റ്ഫോമുകൾ. 

ദില്ലി: യൂറോപ്യൻ സഞ്ചാരികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേനൽ അവധിക്കാലം എത്തുകയായി. ഇതോടെ യൂറോപ്യൻ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള തിരക്കിലാണ് ട്രാവൽ പ്ലാറ്റ്ഫോമുകൾ. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ട്രാവൽ പ്ലാറ്റ്ഫോമായ അ​ഗോഡ പുറത്തുവിട്ടു കഴിഞ്ഞു.

അ​ഗോഡ പുറത്തുവിട്ട ‘യൂറോപ്പ് ടു ഏഷ്യ സമ്മർ ട്രാവൽ ട്രെൻഡ്‌സ്’ റിപ്പോർട്ടും ഫലങ്ങളും ഏഷ്യൻ രാജ്യങ്ങളോടുള്ള യൂറോപ്യൻ സഞ്ചാരികളുടെ താത്പ്പര്യമാണ് വ്യക്തമാക്കുന്നത്. തുടർച്ചയായ രണ്ടാം വർഷവും യൂറോപ്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യൻ ഡെസ്റ്റിനേഷനായി തായ്ലൻഡ് മാറി. തൊട്ടുപിന്നിൽ ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ എന്നിവയുണ്ട്. ഈ വർഷം വിയറ്റ്നാം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയെന്നതാണ് ശ്രദ്ധേയം.

യൂറോപ്യൻ സഞ്ചാരികൾക്കിടയിൽ തെക്കുകിഴക്കൻ ഏഷ്യ മാത്രമല്ല ശ്രദ്ധാകേന്ദ്രമാകുന്നത് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇന്ത്യയോടുള്ള താത്പ്പര്യവും വലിയ രീതിയിൽ വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ താമസ സൗകര്യം തേടുന്നവരിൽ യുണൈറ്റഡ് കിംഗ്ഡവും നെതർലാൻഡ്‌സും ഉൾപ്പെടുന്നുവെന്നാണ് അ​ഗോഡയുടെ കണ്ടെത്തൽ. ഇത് യൂറോപ്യൻ സഞ്ചാരികളുടെ യാത്രാ സമീപനത്തിലുണ്ടായ വിശാലമായ മാറ്റത്തിന്റെ സൂചനയാണ് കാണിക്കുന്നത്.

യൂറോപ്യൻ സഞ്ചാരികൾ മലേഷ്യയെ കുറിച്ച് വലിയ രീതിയിൽ അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നാണ് അ​ഗോഡ പറയുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വർധനവ്. നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് വിസ ഇളവ് നൽകിയതിന്റെ പ്രയോജനം ലഭിച്ച ചൈന 14% വർദ്ധനവ് രേഖപ്പെടുത്തി. ശ്രീലങ്കയും മികച്ച പ്രകടനമാണ് (13%) കാഴ്ചവെച്ചത്.

യുകെ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് ഏഷ്യയ്ക്ക് മുൻ​ഗണന നൽകുന്നത്. ഗ്രീസ് (+23%), തുർക്കി (+21%), പോളണ്ട് (+17%) എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകളും ഏഷ്യയെ കുറിച്ചുള്ള അന്താരാഷ്ട്ര കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. അതേസമയം, മുംബൈ, ദില്ലി, ഗോവ എന്നിവയാണ് യൂറോപ്യൻ സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രധാന ഇന്ത്യൻ ​ന​ഗരങ്ങൾ. യുകെ, നെതർലാൻഡ്‌സ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ ഡെസ്റ്റിനേഷനുകളിൽ താത്പ്പര്യം പ്രകടിപ്പിക്കുന്നത്.