അതിരപ്പിള്ളി - വാഴച്ചാൽ യാത്രയിൽ മിസ്സാക്കാൻ പാടില്ലാത്ത മനോഹരമായ സ്പോട്ടാണ് ചാര്‍പ്പ. 

തൃശൂര്‍: കേരളത്തിന്റെ നയാഗ്ര എന്നാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മഴക്കാലത്ത് രൗദ്രഭാവം പുറത്തെടുക്കുന്ന അതിരപ്പിള്ളി അതിമനോഹരമായ കാഴ്ചയാണ്. തൊട്ടടുത്തുള്ള വാഴച്ചാൽ വെള്ളച്ചാട്ടം കാണാനും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. എന്നാൽ, അതിരപ്പിള്ളി - വാഴച്ചാൽ യാത്രയിൽ മിസ്സാക്കാൻ പാടില്ലാത്ത മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ട്. അതാണ് ചാര്‍പ്പ വെള്ളച്ചാട്ടം.

വേനൽക്കാലത്ത് വെള്ളം നന്നേ കുറവായിരിക്കുമെങ്കിലും മഴയെത്തിയാൽ ചാര്‍പ്പ നിറഞ്ഞൊഴുകും. അതിരപ്പിള്ളി - വാഴച്ചാൽ റൂട്ടിൽ സഞ്ചരിക്കുന്നവര്‍ക്ക് അതിമനോഹരമായ കാഴ്ചകളാണ് ചാര്‍പ്പ കാത്തുവെച്ചിരിക്കുന്നത്. റോഡിൽ നിന്നാൽ ഈ വെള്ളച്ചാട്ടം കാണാം. തൃശൂർ നഗരമധ്യത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ചാര്‍പ്പ സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്നേഹികൾക്കും നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി ശാന്തത ആഗ്രഹിക്കുന്നവർക്കും അനുയോജ്യമാണിവിടം. വെള്ളച്ചാട്ടത്തിന് തൊട്ടുമുന്നിലായാണ് ചാർപ്പ പാലം സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിലെ വെള്ളം റോഡിലേക്കുവരെ എത്താറുണ്ട്.

വിവിധ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ചാർപ്പ വെള്ളച്ചാട്ടത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (45.7 കിലോമീറ്റർ). വിമാനത്താവളത്തിൽ നിന്ന് ടാക്സി വാടകയ്‌ക്കെടുക്കുകയോ ബസ് പിടിക്കുകയോ ചെയ്യാം. നിങ്ങൾ ട്രെയിനിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഏകദേശം 36 കിലോമീറ്റർ അകലെയുള്ള ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങണം. റോഡ് മാർഗമാണെങ്കിൽ ചാര്‍പ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിലുമെത്താം. ചാർപ്പ വെള്ളച്ചാട്ടം കാണാൻ എത്തുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നതാണ് ഒരു പോരായ്മ.