റവന്യു, ഫയർ ഫോഴ്സ്, പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റിയത്.
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. ചുരം ഒമ്പതാം വളവിന് സമീപത്തെ മരമാണ് റവന്യു, ഫയർ ഫോഴ്സ്, പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്. അടിഭാഗത്തെ കല്ലും മണ്ണും നീങ്ങി ഏത് സമയവും റോഡിലേക്ക് നിലംപൊത്താവുന്ന നിലയിലായിരുന്ന മരം ഒരു മണിക്കൂറിനകം പൂർണമായി മുറിച്ചുമാറ്റി. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് റവന്യു, വനം വകുപ്പ് അധികൃതർക്ക് താമരശ്ശേരി പൊലീസ് കത്ത് നൽകിയിരുന്നു.
കനത്ത മഴ തുടരുന്നതിനിടെ താമരശ്ശേരി ചുരത്തിലെ റോഡരികിൽ മണ്ണിളകി വീഴാറായ നിലയിൽ മരം കണ്ടെത്തിയതോടെ ചുരത്തിൽ വാഹന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 8, 9 വളവുകൾക്കിടയിലാണ് ഏത് നിമിഷവും നിലംപൊത്താറായ നിലയിൽ മരം കണ്ടെത്തിയത്. റോഡിന് സമീപത്ത് നിന്നിരുന്ന മരത്തിന്റെ അടിഭാഗത്ത് നിന്നും മണ്ണ് ഇളകി വീഴുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇതോടെ ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ആശങ്കയോടെയാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോയിരുന്നത്. മരം മുറിച്ചുമാറ്റിയതോടെ യാത്രക്കാരുടെ ആശങ്ക നീങ്ങിയിരിക്കുകയാണ്.


