ഇന്ന് സോളോ ട്രാവൽ ഇഷ്ടപ്പെടുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്.
കാലം മാറുന്നതിനനുസരിച്ച് ആളുകളുടെ യാത്രാ രീതികളിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ചിലർക്ക് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്യാനാകും താത്പ്പര്യം. എന്നാൽ, ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. ഇവരെ സോളോ ട്രാവലർ എന്നാണ് പൊതുവേ വിശേഷിപ്പിക്കാറുള്ളത്.
സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യവും അപരിചിതരായ ആളുകളെ പരിചയപ്പെടാനുള്ള അവസരങ്ങളുമാണ് സോളോ ട്രാവലർമാരെ ഓരോ യാത്രയിലും ആവേശഭരിതരാക്കുന്നത്. ഇപ്പോൾ മൺസൂൺ എത്തിയതോടെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും അതിമനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. അതിനാൽ, സോളോ ട്രാവലർമാർ ജൂലൈയിൽ യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ പരിഗണിക്കേണ്ട 5 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. പോണ്ടിച്ചേരി

ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് സന്ദർശിക്കാൻ ഏറെ അനുയോജ്യമായ സ്ഥലമാണ് പോണ്ടിച്ചേരി. ജൂലൈയിൽ നേരിയ മഴയും ശാന്തമായ ബീച്ചുകളും പോണ്ടിച്ചേരിയുടെ സൗന്ദര്യം വർധിപ്പിക്കുന്നു. ഫ്രഞ്ച് ക്വാർട്ടറിലൂടെയുള്ള നടത്തവും ആർട്ട് കഫേകളിലെ വൈകുന്നേരങ്ങളും യോഗ സെഷനുകളും നിങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കി മാറ്റും.
2. ചിക്കമഗളൂരു

ജൂലൈയിൽ ഏറെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിക്കമഗളൂർ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. പച്ചപ്പു നിറഞ്ഞ കുന്നുകൾ, മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ, തണുത്ത കാറ്റ് എന്നിവ ചിക്കമഗളൂരുവിനെ സോളോ ട്രാവലർമാർക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഒരു സ്കൂട്ടർ വാടകയ്‌ക്കെടുത്ത് ചിക്കമഗളൂരുവിൽ ചുറ്റിക്കറങ്ങാം. അല്ലെങ്കിൽ ഒരു പ്ലാന്റേഷൻ ടൂറിൽ പങ്കാളിയാകാം. കൂടാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഹോംസ്റ്റേകളും ഇവിടെ ലഭ്യമാണ്. തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടെയുണ്ട്.
3. വയനാട്

മഴക്കാലത്ത് വയനാടിന് ഒരു പ്രത്യേക ഭംഗിയാണ്. സുഗന്ധവ്യഞ്ജന തോട്ടങ്ങളിലൂടെ നടന്ന് പുരാതന ഗുഹകൾ കണ്ട് ഒരു ട്രീ ഹട്ടിൽ താമസിച്ച് വയനാട്ടിൽ അടിച്ചുപൊളിക്കാം. ഏകാന്തത ആഗ്രഹിക്കുന്നവർക്ക് ഏറെ അനുയോജ്യമായ ഒരു സ്ഥലമാണിത്. പച്ചപ്പും കോടമഞ്ഞും ചാറ്റൽമഴയുമെല്ലാം ആസ്വദിച്ച് മികച്ച രീതിയിൽ സമയം ചെലവഴിക്കാൻ വയനാട്ടിലേയ്ക്ക് ധൈര്യമായി പോകാം.
4. വാലി ഓഫ് ഫ്ലവേഴ്സ്

ജൂലൈ മാസം വാലി ഓഫ് ഫ്ലവേഴ്സ് സന്ദർശിക്കാൻ അനുയോജ്യമായ സമയമാണ്. കാരണം, മൺസൂണിൽ 500-ലധികം ഇനം ആൽപൈൻ പുഷ്പങ്ങളെ ഇവിടെ കാണാൻ സാധിക്കും. നിങ്ങൾക്ക് ഒറ്റയ്ക്ക് ട്രെക്ക് ചെയ്യാനും ഇവിടെ നിരവധി അവസരങ്ങളുണ്ട്. പച്ച പുതച്ച പർവതങ്ങൾ, മിന്നിത്തിളങ്ങുന്ന അരുവികൾ, പുൽമേടുകൾ എന്നിവയാണ് വാലി ഓഫ് ഫ്ലവേഴ്സ് സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.
5. സ്പിതി വാലി

ധൈര്യശാലികളായ സോളോ ട്രാവലർമാർക്ക് ജൂലൈ മാസം സന്ദർശിക്കാൻ ഏറെ അനുയോജ്യമായ ഒരു സ്ഥലമാണ് സ്പിതി വാലി. മഞ്ഞ് ഉരുകിയതിനുശേഷം റോഡുകൾ പൂർണ്ണമായും തെളിഞ്ഞുവരുന്ന കാഴ്ചയുടെ സൗന്ദര്യം പറഞ്ഞറിയിക്കാനാകില്ല. പുരാതന ആശ്രമങ്ങൾ, നീല തടാകങ്ങൾ, ഉയർന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങൾ എന്നിവ സന്ദർശിക്കാൻ സ്പിതി വാലിയിൽ അവസരമുണ്ട്. ആശ്രമത്തിൽ ധ്യാനിച്ചും യോഗ ചെയ്തുമെല്ലാം സ്പിതി വാലിയിലേയ്ക്കുള്ള യാത്ര അവിസ്മരണീയമാക്കാൻ സാധിക്കും.


