3 കിടപ്പുമുറികളുള്ള ഈ വില്ലയിൽ ഒരു സ്വകാര്യ ഷെഫ് ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കോയമ്പത്തൂർ: നടൻ മോഹൻലാലിന്റെ വീട്ടിൽ താമസിക്കാൻ അവസരം. വിനോദസഞ്ചാരികൾക്കും ആരാധകർക്കും വേണ്ടി അദ്ദേഹം തൻറെ ഊട്ടിയിലുള്ള വീട് തുറന്നുകൊടുത്തിരിക്കുകയാണ്. ലക്സൻലോക്കിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 3 കിടപ്പുമുറികളുള്ള ഈ വില്ലയിൽ ഒരു സ്വകാര്യ ഷെഫ് ഉൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ട്. ‘ഹൈഡ്‌എവേ’ എന്ന് പേരിട്ടിരിക്കുന്ന ഈ വില്ല ഒരു ദശാബ്ദത്തിലേറെയായി മോഹൻലാലിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു.

“ഒരു ദശാബ്ദത്തിലേറെ മുമ്പ് നിർമ്മിച്ച ഹൈഡ്‌എവേ, കുട്ടികൾ ഊട്ടിയിൽ പഠിക്കുമ്പോൾ ഒരു അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു. പ്രകൃതിഭം​ഗിയാൽ ചുറ്റപ്പെട്ട ഈ സ്ഥലത്തായിരുന്നു വാരാന്ത്യങ്ങളിൽ കുടുംബം വീണ്ടും ഒന്നിച്ചിരുന്നത്. കാലക്രമേണ, അവരുടെ ആ​ഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു വീടായി ഇത് വളർന്നു. പേര് പോലെ തന്നെ ഹൈഡ്‌എവേ ഇപ്പോൾ ഒരു സെലിബ്രിറ്റി കേന്ദ്രമാണ്. ഇവിടെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വകാര്യത നിലനിർത്താനും സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ആസ്വദിക്കാനും കഴിയും.” മോഹൻലാലിന്റെ വെക്കേഷൻ വില്ലയെ കുറിച്ച് വെബ്‌സൈറ്റ് വിശദീകരിച്ചു.

Lal's Bedroom (Image Credit : Luxunlock)

ഊട്ടിയിലെ ലവ്‌ഡെയ്‌ലിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്‌എവേ, 3 കിടപ്പുമുറികളുള്ള ഒരു വില്ലയാണ്. മോഹൻലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും താമസിക്കുന്ന ഒരു സ്വകാര്യ വിശ്രമ കേന്ദ്രമായിരുന്നു ഇത്. വെബ്‌സൈറ്റിൽ ഒരു രാത്രിക്ക് 37,000 രൂപ നിരക്കിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകർക്ക് വില്ലയിലെ 'ലാലിന്റെ കിടപ്പുമുറി'യിലോ പ്രണവിന്റെയോ വിസ്മയയുടെയോ മുറികളിലോ താമസിക്കാം. 25 വർഷത്തിലേറെയായി മോഹൻലാലിന്റെ കുടുംബത്തോടൊപ്പമുള്ള ഒരു ഷെഫാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്. കേരളീയ ഭക്ഷണം ഇവിടെ ലഭിക്കും.

സീസണൽ പൂക്കളുള്ള ഒരു പൂന്തോട്ടം ഹൈഡ്‌എവേയിലുണ്ട്. അവിടെ അതിഥികൾക്ക് ബാർബിക്യൂ ആസ്വദിക്കാം. 300 മോഹൻലാൽ കാരിക്കേച്ചറുകൾ ഉള്ള ഒരു ഫാമിലി റൂം, മരക്കാർ: ലയൺ ഓഫ് ദി അറേബ്യൻ സീ, ബറോസ് 3ഡി എന്നിവയിൽ അദ്ദേഹം ഉപയോഗിച്ച റെപ്ലിക്ക തോക്കുകൾ ഉള്ള ഒരു ഗൺ ഹൗസ് തുടങ്ങിയവയും വില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ, നടൻ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുള്ള ആഡംബര വസതിയും സഞ്ചാരികൾക്കും ആരാധകര്‍ക്കുമായി തുറന്നുകൊടുത്തിരുന്നു. 

മോഹൻലാലിന്റെ ബെഡ്റൂമിലെ സൗകര്യങ്ങൾ

  • കിംഗ് സൈസ് ബെഡ്
  • ഹീറ്റിംഗ്
  • ഹൈ-സ്പീഡ് ഇന്റർനെറ്റ് ആക്‌സസ്, വൈ-ഫൈ കണക്റ്റിവിറ്റി
  • ചൂടുവെള്ളം
  • സൗജന്യ സോപ്പ്/ഷാംപൂ/കണ്ടീഷണർ
  • മേശ, കസേര