ഫ്ലോറിഡ, ബഹാമസ്, കരീബിയൻ എന്നിവിടങ്ങളിലുടനീളമുള്ള എല്ലാ വിമാനങ്ങളും തിരിച്ചുവിളിച്ചു.

ഫ്ലോറിഡ: അപ്രതീക്ഷിതമായി സർവീസുകൾ അവസാനിപ്പിച്ച് വിമാനക്കമ്പനി. ഫ്ലോറിഡ ആസ്ഥാനമായുള്ള പ്രാദേശിക വിമാനക്കമ്പനിയായ സിൽവർ എയർവേയ്‌സാണ് ജൂൺ 11ന് എല്ലാ പ്രവർത്തനങ്ങളും പെട്ടെന്ന് നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്. ബുക്ക് ചെയ്ത യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് പോകരുതെന്നും കമ്പനി അഭ്യര്‍ത്ഥിച്ചു.

പാപ്പരത്ത നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സിൽവര്‍ എയര്‍വേയ്സ് സര്‍വീസുകൾ അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. ബാക്കപ്പ് പ്ലാനിലെ പരാജയവും പെട്ടെന്നുള്ള അടച്ചുപൂട്ടലിന് കാരണമായി. ഫ്ലോറിഡ, ബഹാമസ്, കരീബിയൻ എന്നിവിടങ്ങളിലുടനീളമുള്ള എല്ലാ വിമാനങ്ങളും കമ്പനി തിരിച്ചുവിളിച്ചു. ആസ്തികൾ ഒരു ഹോൾഡിംഗ് കമ്പനിക്ക് വിറ്റെന്നും അവർ ഫ്ലൈറ്റ് ഓപ്പറേഷൻസ് തുടരാൻ തയ്യാറായില്ലെന്നും സിൽവര്‍ എയര്‍വേയ്സ് അറിയിച്ചു.

അപ്രതീക്ഷിതമായ പ്രഖ്യാപനം നൂറുകണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. ജൂൺ 11ന് ഏകദേശം 52 വിമാനങ്ങൾ റദ്ദാക്കപ്പെട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്അവെയറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ യാത്രക്കാർ ബദൽ മാർ​ഗങ്ങൾ കണ്ടെത്താനായി നെട്ടോട്ടമോടുകയാണ്. പലരും ജെറ്റ്ബ്ലൂ, യുണൈറ്റഡ്, സ്പിരിറ്റ് പോലെയുള്ള വിമാനക്കമ്പനികൾക്ക് ബദൽ റൂട്ടുകൾ വാഗ്ദാനം ചെയ്യാൻ കഴിയുമെങ്കിലും പലപ്പോഴും യാത്രക്കാർക്ക് വലിയ ചെലവ് ഉണ്ടാകാറുണ്ട്.

അതേസമയം, 2011-ൽ സ്ഥാപിതമായ സിൽവർ എയർവേയ്‌സിന് സമീപകാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ജീവനക്കാരുടെ എണ്ണം 600-ൽ അധികം ആയിരുന്നത് ഏകദേശം 350 ആയി കുറച്ചു. ആസ്തികളുടെ വിൽപ്പന പ്രവർത്തനങ്ങൾ തുടരുന്നതിന് തടസ്സമായെന്നും ഇത് മേഖലയിലെ സേവനങ്ങളുടെ അവസാനമാണെന്നും സിഇഒ പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, സിൽവർ എയര്‍വേയ്സ് അടച്ചുപൂട്ടുമെന്ന കാര്യം ഉറപ്പായിരുന്നുവെന്നും അത് എപ്പോൾ എന്നത് മാത്രമായിരുന്നു ചോദ്യമെന്നും പ്രാദേശിക എയർലൈനുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മറ്റ് പ്രതികൂല സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ഇൻഡസ്ട്രി അനലിസ്റ്റുകൾ പറഞ്ഞു.