റെയിൽവൺ എത്തിയതോടെ ഒന്നിലധികം ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും ആവശ്യകത ഇല്ലാതായിരിക്കുകയാണ്. 

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ഒരു ആപ്പ്. അതാണ് സ്വ ആപ്പ്. വിജയകരമായ ട്രയലിന് ശേഷം സ്വ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്‌. പക്ഷേ, ഇത്തവണ കുറെ ഏറെ മാറ്റങ്ങളുമായാണ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പേരിൽ തന്നെയാണ് ആദ്യത്തെ മാറ്റം. സ്വ ആപ്പ് ഇനി മുതൽ റെയിൽ വൺ ആയിരിക്കും. ഇന്ത്യൻ റെയിൽവേയുടെ റെയിൽവൺ ആപ്പിനെ 'സൂപ്പർ ആപ്പ്'എന്നാണ് പറയുന്നത്.

റെയിൽവേയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ, പ്ലാറ്റ്ഫോം ടിക്കറ്റ്, പിഎൻആർ ട്രാക്കിങ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ തുടങ്ങിയ വിവിധ സേവനങ്ങൾ റെയിൽവൺ ആപ്പിൽ ലഭ്യമാണ്. ഡിജിറ്റൽ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഈ ആപ്പ്. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നിലവിൽ വിവിധ സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കേണ്ടി വരാറുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐആര്‍സിടിസി റെയിൽ കണക്റ്റ്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആര്‍സിടിസി ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്ക് നൽകുന്നതിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങുന്നതിനുള്ള യുടിഎസ്, ട്രെയിൻ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം അങ്ങനെ ആപ്പുകളുടെ എണ്ണം കൂടി കൊണ്ടേ ഇരിക്കുന്നു. ഇതിനു ഒരു പരിഹാരമായാണ് ഒറ്റ ആപ്പ് എന്ന ആശയം ഇപ്പോൾ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഐആർസിടിസിയും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസും ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ. എല്ലാ റെയിൽ യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്ന ഒരു ഔദ്യോഗിക പ്ലാറ്റ്‌ഫോമാണിത്.

ലളിതവും സുഗമവുമായ ഇന്റർഫേസിലൂടെ മികച്ച സേവനം നൽകുക എന്നതാണ് റെയിൽവൺ ആപ്പിന്റെ പ്രാഥമിക ലക്ഷ്യം. ഒറ്റ പാസ്സ്‌വേർഡ് എന്ന ഒറ്റ-സൈൻ-ഓൺ ശേഷിയാണ് മറ്റൊരു സവിശേഷത. ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കിൽ UTSonMobile ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ആപ്പ് വഴി നിങ്ങൾക്ക് ട്രെയിൻ ലിസ്റ്റിംഗുകൾ ബ്രൗസ് ചെയ്യാനും റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കഴിയും. "മൈ ബുക്കിംഗ്സ്" വിഭാഗത്തിലൂടെ നിങ്ങളുടെ മുൻകാല യാത്രകളുടെ ലിസ്റ്റും സൂക്ഷിക്കാൻ കഴിയും. ഐആര്‍സിടിസിയിൽ ഉള്ള പോലെ തന്നെ ആപ്പിൽ സംയോജിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ വാലറ്റായ ആർ-വാലറ്റ് ഉപയോഗിച്ച് പണമടയ്ക്കാം. ക്യാൻസൽ ആയ യാത്രകൾക്ക് ആപ്പ് വഴി റീഫണ്ട് അഭ്യർത്ഥിക്കാനും കഴിയും.

ആപ്പിൻ്റെ ഹോം പേജിലെ ആദ്യ നിരയിൽ റിസർവ്ഡ്, അൺറിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഉള്ളത്. തൊട്ടുതാഴെ സേ‍ർച്ച് ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ, ട്രാക്ക് യുവ‍ർ ട്രെയിൻ, ഓർഡർ ഫുഡ്, ഫയൽ റീഫണ്ട്, റെയിൽ മദദ്, ട്രാവൽ ഫീഡ്ബാക്ക് എന്നീ ഐക്കണുകളുമുണ്ട്. ഓപ്പൺ ചെയ്യുമ്പോൾ തന്നെ ആപ്പിൻ്റെ ഹോം പേജിൽ ഇന്ത്യൻ റെയിൽവേയുടെ ചരിത്രവും നേട്ടങ്ങളും പറയുന്ന ചിത്രങ്ങളോട് കൂടിയ വിവരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിന്റെ ഇന്റർഫേസ് ഒന്നിലധികം ഭാഷകളിൽ ലഭ്യമാണ്.