മൂടൽമഞ്ഞില്ലെങ്കിൽ വാഗമൺ മലനിരകളുടെ അതിമനോഹരമായ കാഴ്ചചകൾ ഇവിടെ നിന്നാൽ കാണാം.

വിനോദയാത്ര, വേനൽക്കാല യാത്ര, മഴക്കാല യാത്ര എന്നെല്ലാം കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസിലേയ്ക്ക് ഓടിയെത്തുന്ന സ്ഥിരമായ ചില പേരുകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ഊട്ടിയും മൂന്നാറും. ഊട്ടിയ്ക്ക് പോകാൻ പറ്റാത്തവര്‍ മൂന്നാറിലും മൂന്നാറിലേയ്ക്ക് പോകാൻ പറ്റാത്തവര്‍ ഊട്ടിയിലുമൊക്കെ പോകാറുള്ള കാഴ്ചകൾ പതിവായി നാം കാണാറുള്ളതാണ്. എന്നാൽ, പലര്‍ക്കും ഊട്ടിയും മൂന്നാറുമൊക്കെ പോയി മടുത്തിട്ടുണ്ടാകും. ഇനി കാണാൻ എന്താ ബാക്കിയുള്ളത് എന്ന തോന്നലാകും ഇവര്‍ക്ക്. അത്തരക്കാരെ സംതൃപ്തരാക്കാൻ പോകുന്ന ഒരു കിടിലൻ സ്പോട്ട് നമ്മുടെ കേരളത്തിലുണ്ട്.

മൂന്നാറില്‍ കാണുന്ന കാഴ്ചകള്‍ക്ക് സമാനമായ വ്യൂപോയിന്റുകളും തണുപ്പും കുളിര്‍കാറ്റുമെല്ലാം സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്ന ഒരിടമാണ് ഇടുക്കി ജില്ലയിലെ കല്യാണത്തണ്ട്. നീലാകാശവും പഞ്ഞിക്കെട്ട് പോലെയുള്ള മേഘങ്ങളും ചുറ്റോടുചുറ്റും തലയുയര്‍ത്തി നിൽക്കുന്ന മലനിരകളുമൊക്കെയായി ആകെ മൊത്തം കളറാണ് കല്യാണത്തണ്ട് വ്യൂ പോയിന്റ്. അഞ്ചുരുളി തടാകത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാം എന്നതാണ് പ്രധാന സവിശേഷത. 12 വര്‍ഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും കല്യണത്തണ്ടിലുണ്ട്.

വേനൽക്കാലത്ത് കട്ടപ്പന ഉൾപ്പെടെ ചുട്ടുപൊള്ളുമ്പോഴും കല്യാണത്തണ്ട് കൂളായിരിക്കും. വെള്ളം കുറവാണെങ്കിൽ ജലാശയത്തിൽ അവിടെയുമിവിടെയുമൊക്കെയായി ചെറിയ ദ്വീപുകൾ തെളിഞ്ഞുകാണാം. മൺസൂൺ വന്നെത്തിയതോടെ പച്ച പുതച്ച കല്യാണത്തണ്ട് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. മൂടൽ മഞ്ഞില്ലെങ്കിൽ വാഗമൺ മലനിരകളും ഇവിടെ നിന്നാൽ കാണാൻ സാധിക്കും. കട്ടപ്പന - ചെറുതോണി റൂട്ടിൽ നിര്‍മലാ സിറ്റിയിൽ നിന്ന് രണ്ട് കിലോ മീറ്ററോളും ഉള്ളിലേയ്ക്ക് യാത്ര ചെയ്താൽ കല്യാണത്തണ്ടിലെത്താം.