കോൺക്ലേവിൻറെ ഉദ്ഘാടന സമ്മേളനം ഓഗസ്റ്റ് 14 ന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ബി 2 ബി നെറ്റ് വർക്കിംഗ് പ്ലാറ്റ് ഫോമായി ഓഗസ്റ്റ് 14-16 വരെ കൊച്ചിയിൽ നടക്കുന്ന വെഡിംഗ് ആൻറ് മൈസ് കോൺക്ലേവ് പ്രവർത്തിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്ന വെഡിംഗ്-മൈസ് കോൺക്ലേവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം (മീറ്റിംഗ്, ഇൻസെൻറീവ്സ്, കോഫറൻസസ് ആൻഡ് എക്സിബിഷൻസ് -എംഐസിഇ) ഹബ്ബാക്കി കേരളത്തെ മാറ്റാൻ ലക്ഷ്യമിട്ടുള്ള കോൺക്ലേവിൻറെ ഉദ്ഘാടന സമ്മേളനം ഓഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനത്തിന് തുടർച്ചയായി 15, 16 തീയതികളിൽ കൊച്ചിയിലെ ലെ മെറഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദർശനങ്ങളും നടക്കുന്നത്.
അതിവേഗം വളരുന്ന ടൂറിസം മേഖലയുടെ സമഗ്ര വികസന നയവുമായിട്ടാണ് ടൂറിസം വകുപ്പ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡിന് ശേഷം ആഭ്യന്തര - അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വളർച്ചയുടെ ഗ്രാഫ് പരിശോധിച്ചാൽ ലോക ശരാശരിയേക്കാളും രാജ്യത്തെ ശരാശരിയേക്കാളും മുകളിൽ കേരളം എത്തുന്നുണ്ട്. ദീർഘവീക്ഷണത്തോടു കൂടി ടൂറിസം മേഖലയിൽ നടപ്പിലാക്കിയ ആസൂത്രിത നീക്കത്തിൻറെ ഭാഗമാണ് ഈ മുന്നേറ്റം. ടൂറിസം വ്യവസായത്തിൻറെ ഉന്നമനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുപ്രധാന പരിപാടിയാണ് വെഡിംഗ് ആൻഡ് മൈസ് കോൺക്ലേവ്.
ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാർ തന്നെ വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ സെൻറർ ആരംഭിച്ചത് കേരളത്തിലാണ്. കേരള ടൂറിസത്തിൻറെ വെഡിംഗ് ഡെസ്റ്റിനേഷൻ സാദ്ധ്യതകളെ മുന്നിൽക്കണ്ടുള്ള ഇടപെടലാണ് ടൂറിസം വകുപ്പ് നടത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ആഗോളതലത്തിലും കേരളത്തിലെ വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിന് സർക്കാർ വലിയ പ്രചരണം നടത്തുന്നു. ഇതിൻറെ ഫലമായി കഴിഞ്ഞ വർഷം ആയിരത്തോളം ഡെസ്റ്റിനേഷൻ വിവാഹങ്ങൾ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്നു. വിവാഹാഘോഷങ്ങൾക്ക് എത്തുന്ന നൂറുകണക്കിന് ആളുകളെ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടുത്താനും അവിടേക്ക് എത്തിക്കാനും സാധിക്കും.
വെഡിംഗ് ഡെസ്റ്റിനേഷൻറെ ഭാഗമായി കേരളത്തിലേക്ക് വരുന്നവരെ കെ.ടി.എം ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും സ്വീകരിക്കുന്നു. മൈസ് ടൂറിസം ആൻറ് വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ട്രെൻറിനെ സജീവമാക്കുന്നതിന് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ കെടിഎം മാതൃകാപരമായി പങ്കാളികളാകുന്നതായും അദ്ദേഹം പറഞ്ഞു.
പ്രകൃതി രമണീയ സ്ഥലങ്ങൾ, സമ്പന്നമായ സാംസ്ക്കാരിക പൈതൃകം, ലോകോത്തര ഹോസ്പിറ്റാലിറ്റി ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ ഘടകങ്ങൾ ഈ മേഖലയിൽ കേരളത്തിന് അനുകൂലമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പശ്ചാത്തല വികസനത്തിനും സർക്കാർ മുൻകൈ എടുക്കുന്നു. ഇന്ത്യയിൽ ഏറ്റവും അധികം ഫൈവ്സ്റ്റാർ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറി. ഇതിലും സർക്കാരിന് വലിയ പങ്കുണ്ട്. റിസോർട്ടുകൾ, ഹോം സ്റ്റേകൾ, പൊതുമരാമത്ത് വകുപ്പിൻറെ റസ്റ്റ് ഹൗസുകൾ, ടൂറിസം വകുപ്പിൻറെ ഗസ്റ്റ് ഹൗസുകൾ മറ്റു സംവിധാനങ്ങൾ ഇവയൊക്കെ കൂടുതൽ വിപൂലീകരിക്കാനും സാദ്ധ്യതകൾ വർദ്ധിപ്പിക്കാനും പറ്റിയാൽ കേരളത്തിലേക്ക് ഇനിയും ഏറെ സഞ്ചാരികൾ വരും. ഇത്തരത്തിലുള്ള കേരളത്തിൻറെ നേട്ടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സേവന മികവ് എന്നിവ കോൺക്ലേവിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെടിഎം- 2024 ൻറെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ച വെഡിംഗ് ആൻഡ് മൈസ് ടൂറിസം സംബന്ധിച്ച ആശയത്തിൻറെ തുടർച്ചയായാണ് ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനം കേരളത്തിൽ നടത്തുന്നതെന്ന് കെടിഎം പ്രസിഡൻറ് ജോസ് പ്രദീപ് പറഞ്ഞു. പ്രകൃതിഭംഗി, സാങ്കേതിക-അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള കേരളത്തിൽ മൈസ് പരിപാടികളുടെ ഭാഗമായി ധാരാളം പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ആൻറ് മൈസ് ടൂറിസം മേഖലയിലെ വിദഗ്ധരെ ഒന്നിച്ചു കൊണ്ടുവരുന്ന ഇത്തരം ബിടുബി മീറ്റിംഗുകൾ കേരള ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 400 ലേറെ ബയർ രജിസ്ട്രേഷൻ പൂർത്തിയായി. വരും ദിവസങ്ങളിൽ കൂടുതൽ രജിസ്ട്രേഷൻ ഉണ്ടാകും. രാജ്യത്തിനകത്തു നിന്ന് 360 ബയർമാരും വിദേശത്ത് നിന്ന് 40 ബയർമാരുമാണ് ഇതു വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെല്ലർമാർക്കായി 65 പ്രദർശന സ്റ്റാളുകൾ ഉണ്ടാകും. ഈ മേഖലയുടെ സമഗ്രവികസനത്തിനും ഭാവിദർശനവും വ്യക്തമാക്കുന്ന രണ്ട് ദേശീയ സെമിനാറുകളും കോൺക്ലേവിൻറെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
സെൻറർ സ്റ്റേജ് കേരള എന്നതാണ് പ്രഥമ കോൺക്ലേവിൻറെ പ്രമേയം. കേരള ടൂറിസത്തിൻറെ വിവിധ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനും കോൺക്ലേവ് ലക്ഷ്യമിടുന്നു.വൻകിട മൈസ്-വെഡിംഗ് കമ്പനികളുമായി ചേർന്ന് പരിശീലന കളരികൾ, നൂതന വിപണന തന്ത്രങ്ങൾ, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിക്കും. പ്രാദേശികമായ സപ്ലൈ ശൃംഖലയെ പൂർണമായും ഉപയോഗപ്പെടുത്തിയാകും മുന്നോട്ടു പോവുക.
മൈസ് രംഗത്തെ മികച്ച പരിചയമുള്ളവരും ഈ രംഗത്തെ ഗൗരവത്തോടെ കാണുന്ന വ്യവസായികൾക്കുമായി പ്രദർശനവേദി നിജപ്പെടുത്തിയിട്ടുണ്ട്. വിവാഹ സംഘാടകർ, ആഡംബര റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് സ്ഥലങ്ങൾ, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, ബ്രൈഡൽ സർവീസുകൾ എന്നിവർക്കാകും വെഡിംഗ് മേഖലയിലെ പ്രദർശനത്തിൽ അവസരം ലഭിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ബയർമാർക്ക് കേരള ടൂറിസത്തിൻറെ ആകർഷണങ്ങൾ കോർത്തിണക്കിയ ടൂർ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി, മൂന്നാർ, കുമരകം, കൊല്ലം, കോവളം, തൃശൂർ, കോഴിക്കോട്, വയനാട്, ബേക്കൽ എന്നീ സ്ഥലങ്ങളിലാണ് സന്ദർശനം സംഘടിപ്പിക്കുന്നത്. ബീച്ചുകൾ, കായലുകൾ, മലനിരകൾ എന്നിവ കോർത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പിക്കും. സാംസ്ക്കാരിക പൈതൃകം, പുരാതന വാസ്തുകല, രുചിയൂറുന്ന ഭക്ഷണ രീതികൾ എന്നിവയെല്ലാം സമ്മേളനത്തിൻറെ ആശയവുമായി കോർത്തിണക്കും.
വാണിജ്യ കൂടിക്കാഴ്ചകളെല്ലാം മുൻനിശ്ചയിച്ച പ്രകാരം ക്രമപ്പെടുത്തും. വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറുകൾ, വിദഗ്ധർ നയിക്കുന്ന പരിശീലന കളരികൾ, എന്നിവയ്ക്കു പുറമെ വെഡിംഗ് മൈസ് രംഗത്ത് കേരളത്തിന് മുന്നോട്ടു വയ്ക്കാനുള്ള എല്ലാ ആകർഷണങ്ങളുടെയും പ്രദർശനങ്ങളും കോൺക്ലേവിനെ മികവുറ്റതാക്കും.
വിവാഹ പ്ലാനിംഗ്, കോർപറേറ്റ് സമ്മേളനങ്ങൾ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർ, വൻകിട കൺവെൻഷൻ സെൻററുകൾ, ടൂർ ഓപ്പറേറ്റർമാർ, എന്നിവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാൻ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്രസമ്മേളനത്തിൽ ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, കെടിഎം സൊസൈറ്റി സെക്രട്ടറി എസ്. സ്വാമിനാഥൻ, മുൻ പ്രസിഡൻറുമാരായ ഇ എം നജീബ്, എബ്രഹാം ജോർജ്, ബേബി മാത്യു സോമതീരം എന്നിവരും പങ്കെടുത്തു.


