ജൂലൈ മാസത്തിൽ കേരളത്തിലെ പ്രശസ്തമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. 

നിലമ്പൂര്‍: ജൂലൈ മാസത്തിലെ ഉല്ലാസ യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ട് കെഎസ്ആര്‍ടിസി. നിലമ്പൂര്‍ ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. ജൂലൈ 5ന് മാമലക്കണ്ടം വഴി മൂന്നാറിലേയ്ക്കും 6ന് നെല്ലിയാമ്പതിയിലേയ്ക്കും വയനാട്ടിലേയ്ക്കും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.

ജൂലൈ 5ന് രാവിലെ 4 മണിയ്ക്കാണ് മാമലക്കണ്ടം - മൂന്നാര്‍ ഉല്ലാസ യാത്ര പുറപ്പെടുക. ഇതിനായി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ഉപയോഗിക്കുക. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 1,780 രൂപയാണ് ഈടാക്കുക. ഇതിൽ ബസ് ചാര്‍ജ്, താമസം, ഒരു ദിവസത്തെ ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടും. ജൂലൈ 6ന് രാവിലെ 5 മണിയ്ക്ക് നെല്ലിയാമ്പതിയിലേയ്ക്ക് ഓര്‍ഡിനറി ബസിൽ യാത്ര പുറപ്പെടും. ഒരു ദിവസത്തെ യാത്രയ്ക്ക് 840 രൂപയാണ് നിരക്ക്. ഇതിൽ ബസ് ചാര്‍ജ് മാത്രമാണ് ഉൾപ്പെടുക.

ഇതേ ദിവസം തന്നെ രാവിലെ 5 മണിയ്ക്ക് വയനാട്ടിലേയ്ക്കുള്ള ഏകദിന യാത്രയും പുറപ്പെടും. ഫാസ്റ്റ് പാസഞ്ചര്‍ ബസിലുള്ള യാത്രയ്ക്ക് 690 രൂപയാണ് ഈടാക്കുക. ബസ് ചാര്‍ജും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസും ഉൾപ്പെടെയാണിത്. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ മലക്കപ്പാറ, അതിരപ്പിള്ളി, ഇല്ലിക്കൽക്കല്ല്, ഇലവീഴാ പൂഞ്ചിറ, മലങ്കര ഡാം, അടവി, ഗവി തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക് 9447436967, 7012968595 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.