മണിക്കൂറുകളോളം നായ ഇവിടെയിരിക്കുന്നത് കണ്ട മൃഗസംരക്ഷകർ അവനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയായിരുന്നു. ഒരാൾ പുലർച്ചെ വരെ നായയുടെ അടുത്തിരിക്കുകയും അതിനുവേണ്ടുന്ന ഭക്ഷണവും മറ്റും നൽകുകയും ചെയ്തു.
മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായ കൂട്ടാളികളായി അറിയപ്പെടുന്നവരാണ് നായകൾ. എപ്പോഴും അവ തങ്ങളുടെ ഉടമകളോട് കൂറും വിനയവുമുള്ളവരായിരിക്കും. എന്നാൽ, പലപ്പോഴും ആളുകൾ നായകളെ ക്രൂരമായി ഉപേക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. അതുപോലെ, ദയനീയമായ ഒരു സംഭവം കഴിഞ്ഞ ദിവസം ദില്ലിയിലും നടന്നു. ഉടമ ഉപേക്ഷിച്ചുപോയ ഒരു ജർമ്മൻ ഷെപ്പേർഡ് അയാൾക്ക് വേണ്ടി മാർക്കറ്റിൽ കാത്തിരുന്നത് എട്ട് മണിക്കൂറാണ്.
ഒടുവിൽ മൃഗസ്നേഹികളായ ഒരുകൂട്ടം പേരാണ് നായയെ അവിടെ നിന്നും മാറ്റിയതും സംരക്ഷിച്ചതും. പിന്നീട്, സ്വിഗ്ഗി എന്ന് ഈ നായയ്ക്ക് പേര് നൽകുകയും ചെയ്തു. എക്‌സ് യൂസറായ അജയ് ജോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിലൂടെയാണ് സ്വിഗ്ഗിയുടെ കഥ ആളുകളറിഞ്ഞത്. ദില്ലിയിലെ മാർക്കറ്റിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു സ്കൂട്ടറിൽ നായ ഇരിക്കുന്ന വീഡിയോ ജോ ഷെയർ ചെയ്തതിൽ കാണാം.
ദില്ലിയിൽ മാർക്കറ്റിൽ ഉടമ നായയെ ഉപേക്ഷിക്കുകയായിരുന്നു എന്നും നായ അവിടെ മണിക്കൂറുകളോളം ഉടമയെ കാത്തിരുന്നു എന്നും പോസ്റ്റിൽ പറയുന്നു. “ഇന്ന് വൈകുന്നേരം, ഒരാൾ ഒരു നായയെ സ്കൂട്ടറിൽ ദില്ലിയിലെ മാർക്കറ്റിൽ കൊണ്ടുവന്ന് സൗകര്യപൂർവ്വം ഉപേക്ഷിക്കുകയായിരുന്നു. പാവം നായ മറ്റൊരു സ്കൂട്ടറിൽ കയറി കഴിഞ്ഞ 8 മണിക്കൂറായി അവിടെ തൻ്റെ ഉടമയെ കാത്തിരിക്കുകയാണ്. തന്നെ ഉപേക്ഷിച്ച് പോയ അയാളെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന അവന്റെ കണ്ണുകളിൽ പ്രതീക്ഷിയും നിരാശയും നിറഞ്ഞിരിക്കുന്നു” എന്നാണ് ജോ എക്സിൽ കുറിച്ചത്.
മണിക്കൂറുകളോളം നായ ഇവിടെയിരിക്കുന്നത് കണ്ട മൃഗസംരക്ഷകർ അവനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയായിരുന്നു. ഒരാൾ പുലർച്ചെ വരെ നായയുടെ അടുത്തിരിക്കുകയും അതിനുവേണ്ടുന്ന ഭക്ഷണവും മറ്റും നൽകുകയും ചെയ്തു. ഒടുവിൽ, രേണു ഖിഞ്ചി എന്നൊരാൾ നായയെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റാനുള്ള ആംബുലൻസും മറ്റ് ക്രമീകരണങ്ങളും നടത്തി.
ഒടുവിൽ, സോഫി മെമ്മോറിയൽ അനിമൽ റിലീഫ് ട്രസ്റ്റിൻ്റെ സ്ഥാപകയും മൃഗ രക്ഷാപ്രവർത്തകയുമായ കാവേരി റാണയാണ് ജർമ്മൻ ഷെപ്പേർഡിനെ ഏറ്റെടുത്തത്. അതൊരു പെൺനായയാണ് എന്നും അവർ വെളിപ്പെടുത്തി. സ്വിഗ്ഗിയുടെ മൃഗസംരക്ഷണപ്രവർത്തനങ്ങളോടുള്ള ബഹുമാനാർത്ഥമാണ് നായയ്ക്ക് സ്വിഗ്ഗി എന്ന് പേരിട്ടത്.
അതേസമയം, നായയെ കരുണയില്ലാതെ ഉപേക്ഷിച്ചുപോയ ഉടമയെ കാവേരിയും നെറ്റിസൺസും രൂക്ഷമായി വിമർശിച്ചു. ഇങ്ങനെ ചെയ്യുന്നവരാണ് ഏറ്റവും വലിയ ക്രൂരന്മാർ എന്നാണവർ പ്രതികരിച്ചത്.
സമയം രാത്രി 10.30, അപരിചിതമായ നഗരം, ഫോൺ ഓഫായി, പിന്നെ സംഭവിച്ചത്, വൈറലായി കുറിപ്പ്
