നിറയെ വള്ളികളും പുല്ലുകളും ചെടികളും പൂക്കളും ഒക്കെ ഇവിടെ കാണാം. കൂടാതെ 60 ദശലക്ഷം വർഷം പഴക്കമുള്ള ഒരു ഫോസിലും ഇവിടെ കാണാം, കൈകൊണ്ട് നിർമ്മിച്ച അക്വേറിയങ്ങളും ടെറേറിയങ്ങളും വീട്ടിൽ കാണാവുന്നതാണ്.
ബെംഗളൂരു നഗരത്തിലെ കുതിച്ചുയരുന്ന വാടകയെ കുറിച്ച് എപ്പോഴും പരാതിയാണ്. എന്നാൽ, ഇതേ നഗരത്തിൽ നിന്നുള്ള അതിമനോഹരമായ ഒരു വീടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ആളുകളുടെ ഹൃദയം കവരുന്നത്. 12,000 രൂപ വാടകയുള്ള ഈ ഒറ്റമുറിയും അതിന്റെ ചുറ്റുപാടും കണ്ടാൽ ആരായാലും അമ്പരന്ന് പോകും.
കസ്തൂരി നഗറിലാണ് 12,000 രൂപ വാടക നൽകി ഈ യുവാവ് താമസിക്കുന്നത്. നാലാമത്തെ നിലയിലുള്ള ഈ പെന്റ്‍ഹൗസിൽ യുവാവ് നട്ടുപിടിപ്പിച്ചിരിക്കുന്നത് 500 ചെടികളാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതേ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. നഗരത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും മാറി വേറെ എവിടെയോ ആണ് നമ്മളുള്ളത് എന്നാണ് വീഡിയോ കാണുമ്പോൾ നമുക്ക് തോന്നുക.
ബെംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ വീടുകളും വാടകവീടുകളുമെല്ലാം പരിചയപ്പെടുത്തുന്ന @whatsuptenant_rentomojo എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീടിനെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ, വാടകക്കാരനായ യുവാവ് ആളുകൾക്ക് തന്റെ 1BHK വാടക വീട് കാണിച്ചു കൊടുക്കുന്നതാണ് കാണുന്നത്. നിറയെ വള്ളികളും പുല്ലുകളും ചെടികളും പൂക്കളും ഒക്കെ ഇവിടെ കാണാം. കൂടാതെ 60 ദശലക്ഷം വർഷം പഴക്കമുള്ള ഒരു ഫോസിലും ഇവിടെ കാണാം, കൈകൊണ്ട് നിർമ്മിച്ച അക്വേറിയങ്ങളും ടെറേറിയങ്ങളും വീട്ടിൽ കാണാവുന്നതാണ്.
ഒപ്പം ഡോറും മറ്റും താൻ തന്നെ പെയിന്റ് ചെയ്താണ് ഭംഗിയാക്കിയിരിക്കുന്നത് എന്നും യുവാവ് പറയുന്നുണ്ട്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. 12,000 രൂപ വാടകവരുന്ന ഈ ഒറ്റമുറി വീട്ടിൽ ഇത്രയേറെ പച്ചപ്പ് എന്നത് ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്.


