നടന്ന് പോകവെ പൊട്ടിത്തെറി, പിന്നാലെ നടപ്പാത തകർന്ന് യുവതി താഴേയ്ക്ക്; വീഡിയോ കണ്ടവർ ഞെട്ടി
റോഡ് വശത്ത് കൂടി നടന്ന് പോകവെ, നടപ്പാതയിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ കാല്‍നടയാത്രക്കാരി ഭൂമിക്കടിയിലേക്ക് വീഴുന്ന കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

നഗര സൌന്ദര്യവത്ക്കരണത്തിന്‍റെ ഭാഗമായി പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഇലക്ട്രിക്, കേബിള്‍ ലൈനുകള്‍ ഭൂമിക്കടിയിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍, ഇത് അത്രമാത്രം സുരക്ഷിതമാണോ? കാഴ്ചക്കാരില്‍ അത്തരമൊരു സംശയം ഉയർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡിസംബര്‍ അഞ്ചാം തിയതി പെറുവിലെ തിരക്കേറിയ ഒരു റോഡില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു അത്.
പവര്‍ഗ്രിഡിലുണ്ടായ സാങ്കേതിക തകരാർ മൂലം പെറുവിലെ ഒരു ഇലക്ട്രിക്കല്‍ മെയില്‍ ബോക്സ് പെട്ടിത്തെറിക്കുന്ന കാഴ്ച എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടർന്ന് തെരുവിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഒരു സൈനികൻ അവരെ രക്ഷപ്പെടുത്തി എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.
'കിയ, ഫോക്സ് വാഗണ്‍, ഹോണ്ട....'; കാർ ബ്രാന്‍ഡുകള്‍ തിരിച്ചറിയുന്ന രണ്ട് വയസുകാരന്‍ വീഡിയോ വൈറല്‍
വീഡിയോ ദൃശ്യങ്ങളില്‍ തെരുവിലൂടെ ഒരു സ്ത്രീ നടന്ന് വരുന്നത് കാണാം. സ്ത്രീ മുന്നോട്ട് നടക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടാവുകയും ഈ സമയം സ്ത്രീ നിന്നിരുന്ന നടപ്പാതയില്‍ ഉറപ്പിച്ച ഇരുമ്പ് ലോഹം മുകളിലേക്ക് ഉയരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ അവിടെയുണ്ടായ കുഴിയിലേയ്ക്ക് ഇവർ വീഴുന്നു. കൈകള്‍ വശങ്ങളിലിടിച്ച് വഴിയാത്രക്കാരി വീഴുന്നതിനിടെ, പട്രോളിംഗ് നടത്തുകയായിരുന്ന ഒരു സൈനികന്‍ ഓടിയെത്തുകയും അവരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
പൊതുനിരത്തിലൂടെ നടന്ന് പോകുമ്പോള്‍ ഉണ്ടായ പെട്ടിത്തെറിയുടെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഭയം നിറച്ചു. പലരും കാല്‍നടയാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കേബിളിലുണ്ടായ വൈദ്യുതി തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. അതേസമയം വൈദ്യുതി വിതരണ കമ്പനിയായ പ്ലസ് എനർജിയ നഷ്ടപരിഹാര സാധ്യത തള്ളിക്കളഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.