ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ സണ്ണി കെ. സിംഗ് ആണ് ശനിയാഴ്ച ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മനോഹരമായ ഭൂമിയെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്.

സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ചില വീഡിയോകൾ അക്ഷരാർത്ഥത്തിൽ നമ്മളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. വീഡിയോ കണ്ട് ആകൃഷ്ടരായി നിരവധി ആളുകളാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അതിമനോഹരമാണ്. സാഹസികത ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് ഈ സംസ്ഥാനങ്ങൾ. എന്നാൽ, അവയിൽ ചിലത് ഇപ്പോഴും നാം സ്പർശിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട അത്തരത്തിലുള്ള ഒരു വീഡിയോ അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയുടെ അതിമനോഹരമായ ദൃശ്യങ്ങൾ കാണിക്കുന്നതാണ്.

Scroll to load tweet…

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ സണ്ണി കെ. സിംഗ് ആണ് ശനിയാഴ്ച ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മനോഹരമായ ഭൂമിയെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്. തന്റെ ട്വീറ്റിൽ മുഗാഫിയുടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. "4050 മീ (13288 അടി) ഉയരം, വിജയനഗറിൽ നിന്ന് 30 കി.മീ ട്രെക്കിംഗ്, ആൽപൈൻ മെഡോസ്, ഓർക്കിഡ് പാതകൾ, ബൊട്ടാണിക്കൽ പറുദീസ, പക്ഷികളുടെ സ്വർഗ്ഗം." എന്നിങ്ങനെയാണ് മുഗാഫിയെ വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, നഗരവികസന മന്ത്രി കംലുങ് മൊസാങ്, അരുണാചൽ ടൂറിസം മന്ത്രി സോനം ചോംബെ, എന്നിവരെയാണ് സിംഗ് തന്റെ പോസ്റ്റിൽ ടാഗ് ചെയ്തത്.

രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ മനോഹരമായ ആൽപൈൻ പുൽമേടുകൾ, വർണ്ണാഭമായ ഓർക്കിഡ് പാതകൾ, നംദാഫ നാഷണൽ പാർക്കിന്റെ അവിശ്വസനീയമായ ജൈവവൈവിധ്യം, ചാങ്‌ലാങ് ജില്ലയിലെ വിജയനഗർ എന്ന ഗ്രാമം എന്നിവ കാണാം. ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ വീഡിയോ ഹിറ്റായിരിക്കുകയാണ്.

അടുത്തിടെ, യാമെംഗ് വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ സൗന്ദര്യം കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.