ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ജീവനക്കാരിയായ അനുസ്മിത മൊഹാപത്ര, തന്‍റെ വിദ്യാഭ്യാസത്തിനായി അമ്മ സ്വർണ്ണ വളകൾ പണയം വെച്ചതുൾപ്പെടെ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ വീഡിയോ വൈറലായി. അമ്മയുടെ കഷ്ടപ്പാടുകൾക്ക് അർത്ഥമുണ്ടെന്ന് തെളിയിക്കാനാണ് താൻ ജോലി ചെയ്യുന്നതെന്നും, തന്‍റെ ജീവിതം തന്നെ അമ്മയ്ക്ക് വേണ്ടിയുള്ളതാണെന്നും അനുസ്മിത പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വന്തം ജീവിതത്തിലെ ആഴമേറിയ അനുഭവങ്ങൾ മറക്കുക അത്ര പെട്ടെന്ന് സാധ്യമായ ഒന്നല്ല, ആർക്കും. സ്വന്തം അമ്മ, തനിക്ക് വേണ്ടി കഷ്ടപ്പെട്ടതിനെ കുറിച്ച് മകൾ ഓർത്തെടുത്ത് പങ്കുവച്ചപ്പോൾ, പല സമൂഹ മാധ്യമ ഉപയോക്താക്കളും തങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗമെന്നവണ്ണമാണ് അതിനെ കണ്ടത്. ബെംഗളൂരുവിലെ ഫ്ലിപ് കാർട്ട് ജീവനക്കാരിയായ അനുസ്മിത മൊഹാപത്രയാണ് തന്‍റെ അമ്മ തനിക്ക് വേണ്ടി നടത്തിയ ത്യാഗങ്ങളെ കുറിച്ചും അത് തന്‍റെ പ്രൊഫഷണൽ യാത്രയെ എങ്ങനെ പ്രചോദിപ്പിക്കുന്നു എന്നതിനെക്കുറിച്ചും വൈകാരികമായ ഒരു വീഡിയോ പങ്കുവച്ചത്. ആ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

'ഇത് വെറുമൊരു ജോലിയല്ല'

തന്‍റെ വിദ്യാഭ്യാസത്തിനായി അമ്മ നടത്തിയ ത്യാഗങ്ങളെ കുറിച്ച് അനുസ്മിത തന്‍റെ വീഡിയോയിൽ പറയുന്നു. വീഡിയോയിൽ അവൾ ഇങ്ങനെ എഴുതി: "അഡ്മിഷൻ ഫീസ് അടയ്ക്കാൻ അമ്മ സ്വർണ്ണ വളകൾ പണയം വച്ച പെൺകുട്ടി. അമ്മയ്ക്ക് വേണ്ടതെല്ലാം നേടാൻ അവൾ ജോലി നേടി." അനുസ്മിത കൂട്ടിച്ചേർക്കുന്നു. 'എന്‍റെ കോളേജ് പ്രവേശന ഫീസ് അടയ്ക്കാൻ അമ്മ തന്‍റെ സ്വർണ്ണ വളകൾ പണയം വച്ചു. അവർ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവർ അത് ചെയ്തു. കാരണം അവർ അങ്ങനെയാണ് ചെയ്യുന്നത്. ഞാൻ ഫ്ലിപ്കാർട്ടിൽ വരുന്ന എല്ലാ ദിവസവും - ഞാൻ അവർക്ക് വേണ്ടിയാണ് എത്തുന്നത്. ഈ ജോലി വെറുമൊരു ജോലിയല്ല. അവരുടെ ത്യാഗത്തിന് അർത്ഥമുണ്ട് എന്നതിന്‍റെ തെളിവാണിത്. കോളേജിൽ അയയ്ക്കാൻ അമ്മ സ്വർണ്ണം പണയം വച്ച പെൺകുട്ടി പോകാൻ അർഹതയുള്ള ഒരു സ്ഥലത്തേക്ക് എത്തിച്ചു. ഞാൻ ഇതിനെക്കുറിച്ച് വേണ്ടത്ര സംസാരിക്കുന്നില്ല. പക്ഷേ, ഇന്ന് അത് ഉറക്കെ പറയാൻ ശരിയായ ദിവസമാണെന്ന് തോന്നി. അമ്മേ - ഇത് നിനക്കുള്ളതാണ്. എല്ലാം നിനക്കുള്ളതാണ്. എപ്പോഴും. എല്ലാറ്റിനുമുപരി നിന്നെ ‌ഞാൻ സ്നേഹിക്കുന്നു”

View post on Instagram

'അവൾ ഞങ്ങൾക്ക് എല്ലാം തന്നു'

അവർക്ക് രണ്ട് കുട്ടികളെ വളർത്തേണ്ടിയിരുന്നു. അത് വെറുതെ സംഭവിക്കില്ലെന്ന് അവർക്ക് അറിയാം. അത്ര സാമ്പത്തിക സുരക്ഷയില്ലാതിരുന്നതിനാൽ അവർ വെറും 3,000 രൂപയുള്ള ഒരു സർക്കാർ താത്ക്കാലിക അധ്യാപക ജോലിക്ക് അവർ അപേക്ഷിച്ചു. ആറ് വർഷം കഴിഞ്ഞാൽ സ്ഥിരമാകുന്ന ജോലി. അന്ന് ഞാൻ അഞ്ചിലും അനിയൻ മൂന്നിലുമായിരുന്നു. എന്നിട്ടും ഞങ്ങളെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം നിർത്തി അമ്മ, ഒഡീഷയിലെ റായഗഡ ജില്ലയിലെ അംബോഡലയിൽ ജോലിക്ക് പോയി. ഓരോ തവണ വീട്ടിലേക്ക് വന്ന് തിരികെ പോകുമ്പോഴും അമ്മ കരഞ്ഞ് കൊണ്ടേയിരുന്നു. പക്ഷേ, തങ്ങളുടെ വിദ്യാഭ്യാസത്തിന് പണം വേണമായിരുന്നു. അവർക്ക് അത് കണ്ടെത്തേണ്ടിയുമിരുന്നുനെന്ന് അനുസ്മിത എച്ച്.ടി. ഡോട്ട് കോമിനോട് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എൻഐടി ട്രിച്ചിയിൽ പഠിക്കാനായി പോകുമ്പോൾ പ്രവേശനത്തിനും ഹോസ്റ്റൽ ഫീസിനുമായി 1.25 ലക്ഷം രൂപ വേണമായിരുന്നു. അത്രയും പണം ഒന്നിച്ച് കണ്ടെത്താൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അവർ തന്‍റെ സ്വർണവളകൾ പണയം വച്ചു. അങ്ങനെ ഞാൻ എൻഐടിയിൽ പഠിച്ചു. പഠനം കഴിഞ്ഞ് ഇന്‍റേൺഷിപ്പ് ചെയ്യുമ്പോഴും അമ്മ ഓരോതവണയും പണം അയച്ചുകൊണ്ടിരുന്നു. ഒപ്പം അനിയന്‍റെ വിദ്യാഭ്യാസത്തിനും അവർ പണം കണ്ടെത്തി. ഇത്രയേറെ കഷ്ടപാടുകൾ സഹിച്ച അമ്മയ്ക്ക് വേണ്ടിയാണ് ഇന്ന് താൻ ചെയ്യുന്ന ഒരോ കാര്യവുമെന്നും അനുസ്മിത കൂട്ടിചേർക്കുന്നു. തന്‍റെ ജീവിതം തന്നെ അമ്മയ്ക്ക് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്നും അവൾ കൂട്ടിച്ചേർക്കുന്നു.

അഭിമാനമെന്ന് നെറ്റിസെൺസ്

അനുസ്മിതയുടെ വൈകാരിക വീഡിയോ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി. ഒരു അപരിചിതനെ കുറിച്ച് ഓർത്ത് ഞാൻ ഇത്രയധികം അഭിമാനിച്ചിട്ടില്ലെന്നായിരുന്നു ഒരാൾ കുറിച്ചത്. പലരും അനുസ്മിതയ്ക്ക് വലിയ വിജയങ്ങൾ നേടാൻ കഴിയട്ടെയെന്ന് ആശംസിച്ചു. അമ്മ മകൾക്കും മകൾ അമ്മയ്ക്കും കിട്ടിയ വരദാനമെന്നായിരുന്നു മറ്റൊരു കുറിപ്പ്.