മറ്റ് ജീവികളുടെ പെരുമാറ്റത്തിൽ നിന്നുതന്നെ അടുത്തെവിടെയോ ഒരു കടുവയുണ്ട് എന്ന് ഇവർക്ക് ബോധ്യപ്പെട്ടിരുന്നു. അതോടെ ഇരുവരും സമീപത്തെ രണ്ട് മരങ്ങളിലായി കയറി ഇരിക്കുകയായിരുന്നു.
വളരെ അപകടം പിടിച്ച പല ജോലികളും നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് ഫോറസ്റ്റ് ഗാർഡിന്റെ ജോലി. ജോലിക്കിടയിൽ എപ്പോഴാണ് വന്യമൃഗങ്ങൾ അടുത്തെത്തുക എന്ന് പറയാനാവില്ല. അങ്ങനെ ഒരു ഫോറസ്റ്റ് ഗാർഡിനുണ്ടായ അനുഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്.
മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ സത്പുര ടൈഗർ റിസർവിലെ ഒരു ഫോറസ്റ്റ് ഗാർഡിനാണ് കടുവയെ മുഖാമുഖം കാണേണ്ടിവന്നത്. ഇന്ത്യൻ_വൈൽഡ് ലൈഫ്സ് ആണ് ഈ സംഭവത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ഫോറസ്റ്റ് ഗാർഡ് കടുവയുടെ കണ്ണിൽ പെടാതിരിക്കാനായി ഒരു മരത്തിൽ മറഞ്ഞിരിക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, കടുവ അദ്ദേഹത്തെ കണ്ടുപിടിക്കുന്നുണ്ട്.
ഫോറസ്റ്റ് ഗാർഡുമാരായ അന്നുലാൽ ഭുസാരെയും സഹപ്രവർത്തകനായ ദഹൽ സിംഗും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇത് സംഭവിച്ചത്. മറ്റ് ജീവികളുടെ പെരുമാറ്റത്തിൽ നിന്നുതന്നെ അടുത്തെവിടെയോ ഒരു കടുവയുണ്ട് എന്ന് ഇവർക്ക് ബോധ്യപ്പെട്ടിരുന്നു. അതോടെ ഇരുവരും സമീപത്തെ രണ്ട് മരങ്ങളിലായി കയറി ഇരിക്കുകയായിരുന്നു. അധികം വൈകാതെ കടുവയുടെ മുരൾച്ചയും മറ്റും കേൾക്കുകയായിരുന്നു. പിന്നാലെ, കടുവ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.
അന്നുലാലാണ് വീഡിയോ പകർത്തിയത്. അപ്പോഴേക്കും കടുവ അടുത്തെത്തിയിരുന്നു. അത് അധികം വൈകാതെ തന്നെ മരത്തിലിരിക്കുന്നവരെ കണ്ടെത്തുകയും ചെയ്തു. അത് അവരെ തന്നെ നോക്കുന്നത് കാണാം. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥ.
എന്നാൽ, കുറച്ചുനേരം അവിടെ നിന്നപ്പോഴേക്കും കടുവ താല്പര്യം നഷ്ടപ്പെട്ടതുപോലെ അവിടെ നിന്നും തിരിഞ്ഞു നടക്കുകയായിരുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വളരെ അപകടം പിടിച്ച ജോലിയാണ് ഇത് എന്നാണ് മിക്കവരും വീഡിയോയുടെ കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടത്.
