ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ രണ്ട് തലകളും നാല് കണ്ണുകളുമുള്ള അപൂർവ വുൾഫ് സ്നേക്കിനെ കണ്ടെത്തി. 'ബൈസെഫലി' എന്ന അവസ്ഥയുള്ള ഈ വിഷമില്ലാത്ത പാമ്പിനെ സംസ്ഥാനത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. രണ്ട് തലകൾ ഉള്ളതിനാൽ ഇവയുടെ അതിജീവനം വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ പറയുന്നു.

ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ നിന്ന് പുറത്തുവന്ന അപൂർവ കാഴ്ച സമൂഹ മാധ്യമങ്ങളിടക്കം വലിയ ശ്രദ്ധ നേടി. രണ്ട് തലകളും നാല് കണ്ണുകളുമുള്ള ഒരു വുൾഫ് സ്നേക്കിനെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഒരേ ശരീരത്തിൽ രണ്ട് തലകളുള്ള ഈ അപൂർവ പാമ്പിനെ സംസ്ഥാനത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആറ് ഇഞ്ച് നീളം, രണ്ട് തല, നാല് കണ്ണ്

ദാഹോദിലെ ധൻപൂർ താലൂക്കിലെ അഗസ്വാനി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഏകദേശം ആറ് ഇഞ്ച് നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ദാഹോദ് പ്രകൃതി മിത്ര മണ്ഡൽ പ്രവർത്തകർ സ്ഥലത്തെത്തി സുരക്ഷിതമായി രക്ഷപ്പെടുത്തി. തുടർന്ന് ചിത്രങ്ങൾ വിദഗ്ധർക്ക് അയച്ച് ഇനം സ്ഥിരീകരിച്ചു. വിഷമില്ലാത്ത വുൾഫ് സ്നേക്കാണ് (വെള്ളിവരയൻ) ഇതെന്ന് വിദഗ്ധർ തിരിച്ചറിഞ്ഞു.

‘ബൈസെഫലി’

പാമ്പിന്‍റെ ശരീരഘടനയാണ് ഏറ്റവും കൗതുകകരം. രണ്ട് തലകൾക്കും പ്രത്യേകം കണ്ണുകളുണ്ട്. ഇരു തലകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നതായി തോന്നുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭ്രൂണവളർച്ചയ്ക്കിടെ ശരീരം പൂർണമായി വേർപെടാതെ പോകുന്നതിനെ തുടർന്ന് രണ്ട് തലകൾ രൂപപ്പെടുന്ന അപൂർവ വികസന വൈകല്യമായ ‘ബൈസെഫലി’ ആണ് ഇതിന് കാരണം.

Scroll to load tweet…

ഇത്തരം സംഭവങ്ങൾ അത്യന്തം അപൂർവമാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇന്ത്യയിൽ ഇതിന് മുമ്പ് രണ്ട് മൂർഖൻ പാമ്പുകളിലും രണ്ട് വുൾഫ് സ്നേക്കുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. ഇതോടെ ഇന്ത്യയിലെ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാമത്തെ കേസും ഗുജറാത്തിലെ ആദ്യ കേസുമാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ജീവന് വെല്ലുവിളി

എന്നാൽ, അപൂർവമായ ഈ ശാരീരിക ഘടന പാമ്പിന്‍റെ അതിജീവനത്തിന് വെല്ലുവിളിയാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു. രണ്ട് തലകൾക്ക് സ്വതന്ത്രമായി പ്രതികരിക്കാനുള്ള സാധ്യതയുള്ളതിനാൽ സഞ്ചാരം, ഭക്ഷണം കണ്ടെത്തൽ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൽ എന്നിവയിൽ ഏകോപനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാമ്പ് ഇപ്പോൾ വനംവകുപ്പിന്‍റെ പരിചരണത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.