ഉത്തർപ്രദേശിലെ ഹാപൂരിൽ പക്കോഡയ്ക്കൊപ്പം നൽകിയ ചട്ണിയെച്ചൊല്ലിയുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിച്ചു. പച്ച ചട്ണിക്ക് പകരം മധുരമുള്ള ചട്ണി നൽകിയതാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിലേക്ക് നയിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ചട്ണിയെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചതോടെ ഉത്തർപ്രദേശിലെ ഹാപൂരിലെ ഒരു പക്കോഡക്കട വാർത്തകളിൽ ഇടം നേടി. ഹാപൂരിലെ ദെഹ്റ ഗ്രാമത്തിലെ തിരക്കേറിയ മാർക്കറ്റിലായിരുന്നു സംഭവം. പക്കോഡയ്ക്കൊപ്പം ആവശ്യപ്പെട്ട പച്ച ചട്ണിക്ക് പകരം മധുരമുള്ള പുളി ചട്ണി നൽകിയതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. പിന്നീട് ഇത് കടയുടമയെ ആക്രമിക്കുന്നതിലേക്കും രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കും വഴി തുറന്നു.

കൈയിൽ കിട്ടിയതെടുത്ത് അടി

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. വീഡിയോയിൽ രണ്ട് സംഘങ്ങൾ പരസ്പരം കല്ലുകളും ബെൽറ്റുകളും ഉപയോഗിച്ച് ആക്രമിക്കുന്നതായി കാണാം. അടിപിടിക്കിടെ ഒരാൾ കടയിലെ വലിയ മെറ്റൽ അരിപ്പ കൈയിലെടുത്ത് മറ്റൊരാളുടെ തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Scroll to load tweet…

സംഘർഷത്തിനിടെ ഒരാളുടെ ഷർട്ട് വലിച്ചുകീറുകയും മറ്റൊരാൾക്ക് കല്ലേറ് ഏൽക്കുകയും ചെയ്തു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റെന്നാണ് പൊലീസ് അറിയിക്കുന്നത്. സംഘർഷം നടക്കുമ്പോൾ ഭക്ഷണം കഴിക്കാനായി കടയിലെത്തിയവർ ഭയന്ന് മാറിനിൽക്കുന്നതും പ്രശ്നം പരിഹരിക്കാൻ ഒരു സ്ത്രീ ഇടപെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കടയുടമയെ ചിലർ ചേർന്ന് സംരക്ഷിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം കൂടുതൽ രൂക്ഷമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

'ബാഗ്പത് യുദ്ധം' പുതിയ വേർഷനെന്ന്

വീഡിയോ വൈറലായതിന് പിന്നാലെ ധൗലാന പൊലീസ് സ്റ്റേഷൻ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഘർഷത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരുടെ വൈദ്യപരിശോധനയും നടത്തിയെന്നും ആർക്കും ഗുരുതര പരിക്കില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും സർക്കിൾ ഓഫീസർ മുനീഷ് ചന്ദ്ര പറഞ്ഞു. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങിയ സംഭവം 2021-ലെ ബാഗ്പത് ‘യുദ്ധത്തെ’ ഓർമിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. 2021 -ൽ ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലുള്ള ബറൗട്ട് എന്ന സ്ഥലത്തെ രണ്ട് ചാറ്റ് കച്ചവടക്കാർ തമ്മിൽ തെരുവിൽ നടന്ന ഒരു തല്ലിനെയാണ് ട്രോളന്മാർ തമാശയായി ബാഗ്പത് യുദ്ധമെന്ന് വിശേഷിപ്പിക്കുന്നത്.