ബ്രിട്ടനിലെ ഒരു മൃഗശാലയിൽ ജനിച്ച ഏഷ്യൻ ആനക്കുട്ടി ഫുട്ബോൾ കളിച്ച് സമൂഹ മാധ്യമങ്ങളിൽ താരമായി. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള ഈ ആനക്കുട്ടി പന്ത് തട്ടാൻ ശ്രമിക്കുന്ന വീഡിയോ വൈറലായതോടെ ഫുട്ബോൾ ആരാധകരും മൃഗസ്നേഹികളും അവനെ ഏറ്റെടുക്കുകയായിരുന്നു.
ലോകമെങ്ങും ഫുട്ബോൾ ലഹരിയാണ്. 226 -ലെ ലോകകപ്പ് വേദിയായ മെക്സിക്കോയിലാണ് ഇനി ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ മുഴുവനും. ഇതിനിടെ പുതിയൊരു ഫുട്ബോൾ താരം സമൂഹ മാധ്യമങ്ങളിൽ ഉദയം കൊണ്ട് കഴിഞ്ഞു. പക്ഷേ, അതൊരു മനുഷ്യനല്ല. മറിച്ച് ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ ഒരു ഏഷ്യൻ ആനക്കുട്ടിയാണ്. അവൻ ജനിച്ചത് ജൂൺ 9 -ാം തിയതി. ജൂൺ 11 ന് ആയപ്പോഴേക്കും അവനെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.
പന്ത് തട്ടുന്ന ആനക്കുട്ടി
ബ്രിട്ടനിലെ ഒരു മൃഗശാലയിൽ ജനിച്ച ഏഷ്യൻ ആനക്കുട്ടിയാണ് താരം. എപി തങ്ങളുടെ എക്സ് ഹാന്‍റിലിൽ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ പങ്കുവച്ച് കൊണ്ട് അസോസിയേറ്റ് പ്രസ് ഇങ്ങനെ കുറിച്ചു,'ബുധനാഴ്ച യുകെയിലെ ഒരു മൃഗശാലയിൽ വെറും രണ്ട് ദിവസം പ്രായമുള്ള ഒരു കുഞ്ഞ് ഏഷ്യൻ ആന അരങ്ങേറ്റം കുറിച്ചു. ഫിഫ ലോകകപ്പിന്‍റെ തലേന്ന്, കുഞ്ഞിന് കളിക്കാൻ ഒരു പന്ത് നൽകി. അവൻ ആ പന്ത് ഡ്രിബിൾ ചെയ്യാൻ ശ്രമിക്കുന്നതും തുമ്പിക്കൈ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും കാണാം.' വീഡിയോ ഫുട്ബോൾ ആരാധകരുടെയും മൃഗസ്നേഹികളുടെയും ശ്രദ്ധ പെട്ടെന്ന് തന്നെ പിടിച്ചുപറ്റി. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടത് ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ്. നിരവധി പേർ രസകരമായ കുറിപ്പുകളുമായെത്തി.
ഇവനാണ് താരം
2026 ലോകകപ്പിലേക്ക് പോകുന്ന ചില ടീമുകളേക്കാൾ മികച്ച കൈയടക്കം ഈ കുഞ്ഞൻ ആന ഇതിനകം കാണിക്കുന്നുണ്ടെന്നായിരുന്നു ഒരാൾ തമാശയായി കുറിച്ചത്. അവനെ ചെറുപ്പത്തിലേ പരിശീലിപ്പിക്കൂ. ഭാവി ലോകകപ്പ് താരത്തിന്‍റെ സൃഷ്ടി ഇപ്പോഴേ തുടങ്ങൂവെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. മറ്റ് ചിലർ അവന്‍റെ കുഞ്ഞ് തുമ്പിക്കൈയെ കുറിച്ച് കുറിച്ചു, വേണ്ട കുഞ്ഞേ, നിനക്ക് തുമ്പിക്കൈ ഉപയോഗിക്കാൻ കഴിയില്ല. ഫുട്ബോൾ ആയതിനാൽ ബ്രിട്ടീഷുകാർ വിറയ്ക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലർ ഈ ലോകകപ്പ് സ്വന്തമാക്കുന്ന രാജ്യത്ത് നിന്നുള്ള അർത്ഥമുള്ള ഒരു പേര് അവന് നൽകണമെന്ന് മറ്റ് ചിലർ നിർദ്ദേശിച്ചു. ഭാവിയിലെ ഗോൾഡൻ ബൂട്ട് താരമെന്നായിരുന്നു മറ്റൊരു കുറിപ്പ്.


