ഹൈദരാബാദിലെ ഐടി കമ്പനിക്ക് സമീപത്ത് നിന്ന് പിടികൂടിയ കൂറ്റൻ പെരുമ്പാമ്പുമായി സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിൻ്റെ വീഡിയോ വൈറലാകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാമ്പിനെ കൈകാര്യം ചെയ്ത യുവാവിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഇയാൾക്കെതിരെ നടപടി വേണമെന്നും നെറ്റിസെൺസ് ആവശ്യപ്പെടുന്നു.

ഹൈദരാബാദിൽ കൂറ്റൻ പെരുമ്പാമ്പ് കൈയിൽ ചുറ്റിയ നിലയിലുള്ള യുവാവിന്‍റെ വീഡ‍ിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ ഇയാൾ കൈയിൽ ചുറ്റിയ പാമ്പുമായി സ്കൂട്ടറിന് പിന്നിൽ തിരിഞ്ഞ് ഇരുന്ന് പോകുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിന്‍റെ ഹീറോയിസത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഇതേസമയം ഹൈദരാബാദിലെ ഐടി കമ്പനിയ്ക്ക് സമീപത്ത് കണ്ട പാമ്പിനെ യുവാവ് പിടികൂടുയായിരുന്നെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.

യുവാവിന് രൂക്ഷ വിമ‍ർശനം

യുവാവ് പാമ്പിനെ പിടികൂടിയതിന് പിന്നാലെ പാമ്പ് ഇയാളുടെ കൈയിൽ ചുറ്റിവരിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം പാമ്പുമായി ഇയാൾ എന്തിനാണ് സ്കൂട്ടിറിന്‍റെ പിന്നിൽ തിരിഞ്ഞ് ഇരുന്നതെന്ന് വ്യക്തമല്ല. അതേസമയം യുവാവ് പാമ്പിനെ അനായാസമായി കൈകാര്യം ചെയ്ത രീതിയെ നിരവധി പേർ അഭിനന്ദിച്ചു. എന്നാൽ, സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയതിനെ വിമർശിച്ച് ചിലരും രംഗത്തെത്തി. യുവാവ് ഔദ്യോഗിക പാമ്പുപിടിത്ത സംഘത്തിന്‍റെ ഭാഗമായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

നടപടി ആവശ്യപ്പെട്ട് നെറ്റിസെൺസ്

ഐടി ക്യാമ്പസിന് സമീപം പെരുമ്പാമ്പിനെ കണ്ടത്തിയപ്പോൾ, പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരെയോ വന്യജീവി ഉദ്യോഗസ്ഥരെയോ ബന്ധപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. അതുപോലെ തന്നെ പെരുമ്പാമ്പിനെ ഇയാൾ എവിടെയാണ് വിട്ടയച്ചതെന്ന കാര്യത്തിലും യാതൊരു വിവരവും ലഭ്യമല്ല. പാമ്പുമായ സ്കൂട്ടറിൽ ഇയാൾ തിരഞ്ഞിരുന്നതിനെതിരെയും നിരവധി പേർ രംഗത്തെത്തി. പരിശീലനമില്ലാതെ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് മനുഷ്യർക്കും പാമ്പിനും അപകടകരമാണെന്ന വനം വകുപ്പിന്‍റെ നിർദ്ദേശം ഇയാൾ പാലിച്ചില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. മറ്റ് ചിലർ പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്ത ഇയാൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.