ഫ്രാൻസിലേക്ക് താമസം മാറിയ യൂട്യൂബർ സലോനി ശ്രീവാസ്തവ, ബ്ലിങ്കിറ്റ് പോലുള്ള ക്വിക്ക് കൊമേഴ്‌സ് ആപ്പുകളില്ലാത്ത ജീവിതം നൽകിയ പാഠങ്ങൾ പങ്കുവെക്കുന്നു. ഈ ആപ്പുകൾ അനാവശ്യ ചെലവുകൾക്കും അനാരോഗ്യകരമായ ശീലങ്ങൾക്കും കാരണമാകുന്നുവെന്ന് തിരിച്ചറിഞ്ഞതായും യൂട്യൂബർ

മിനിറ്റുകൾക്കുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തുന്ന ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ആപ്പുകൾ ഇല്ലാതെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഇന്ന് ജീവിതം അസാധ്യമാണെന്ന് പലരും കരുതുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് ഫ്രാൻസിലേക്ക് താമസം മാറിയ പ്രമുഖ യൂട്യൂബറും ഹസിൽപോസ്റ്റ് അക്കാദമിയിലെ മാർക്കറ്ററുമായ സലോനി ശ്രീവാസ്തവ പങ്കുവെച്ച അനുഭവം ഈ ചിന്താഗതിയെ മാറ്റുന്നതാണ്. കഴിഞ്ഞ അഞ്ച് മാസമായി ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ ഉപയോഗിക്കാതെ ജീവിച്ചപ്പോൾ താൻ പഠിച്ച പാഠങ്ങളെക്കുറിച്ച് അവർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയാകുകയാണ്. നമ്മുടെ അത്യാവശ്യങ്ങൾക്കല്ല, മറിച്ച് പെട്ടെന്നുണ്ടാകുന്ന ആഗ്രഹങ്ങൾക്കും പ്രലോഭനങ്ങൾക്കും പിന്നാലെയാണ് ഇത്തരം കമ്പനികൾ ഓടുന്നതെന്ന് അവർ തന്‍റെ സമൂഹ മാധ്യമ കുറിപ്പിലെഴുതി.

കൂടുതൽ അടുക്കും ചിട്ടയും

സലോനി പങ്കുവെച്ച പ്രധാന കാര്യങ്ങൾ എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലായിരുന്നപ്പോൾ ഏത് സാധനം തീർന്നാലും ആ നിമിഷം തന്നെ ആപ്പ് വഴി ഓർഡർ താൻ ചെയ്യുമായിരുന്നുവെന്ന് സലോനി പറയുന്നു. എന്നാൽ, അത്തരം സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഫ്രാൻസിൽ എത്തിയപ്പോൾ, എന്ത് പാകം ചെയ്യണം, എന്തൊക്കെ സാധനങ്ങൾ വേണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യാൻ താൻ നിർബന്ധിതയായെന്ന് സലോനി കൂട്ടിച്ചേർക്കുന്നു. ഈ പ്ലാനിംഗ് ജീവിതത്തിൽ കൂടുതൽ അടുക്കും ചിട്ടയും കൊണ്ടുവന്നതായും അവർ ചൂണ്ടിക്കാട്ടി.

അനാവശ്യ വാങ്ങലുകൾ

10 മിനിറ്റിൽ സാധനം കിട്ടും എന്നതുകൊണ്ട് മാത്രം ഓർഡർ ചെയ്തിരുന്ന പല കാര്യങ്ങളും സത്യത്തിൽ ആവശ്യമില്ലാത്തവ ആയിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. ആപ്പുകൾ ഇല്ലാതായതോടെ അനാവശ്യമായ വാങ്ങലുകൾ കുറയുകയും ഇതിലൂടെ പണം ലാഭിക്കാൻ സാധിച്ചു. നമുക്ക് ലഭിക്കുന്ന 10 മിനിറ്റ് ഡെലിവറിക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഡെലിവറി പങ്കാളികളുടെ കഠിനാധ്വാനത്തെക്കുറിച്ച് അവർ ഓർമ്മിപ്പിക്കുന്നു. അതിവേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ അവർ നേരിടുന്ന സമ്മർദ്ദവും ട്രാഫിക് റിസ്കുകളും നാം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്നും അവർ കുറിച്ചു. ക്വിക്ക് കൊമേഴ്സ് ആപ്പുകൾ നമ്മുടെ ആഗ്രഹങ്ങളെ പരിപോഷിപ്പിക്കുന്നവയാണ്. പാചകം ചെയ്യുന്നതിനിടയിൽ ഒരു തക്കാളി തീർന്നുപോയാൽ പോലും അത് ഉടൻ എത്തിക്കാൻ നമ്മൾ ആപ്പിനെ ആശ്രയിക്കുന്നു. ഈ അമിതമായ സൗകര്യം നമ്മുടെ സ്വാഭാവികമായ സർഗ്ഗാത്മകതയെയും പ്രശ്നപരിഹാര ശേഷിയെയും ഇല്ലാതാക്കുന്നുണ്ടെന്ന് സലോനി ചൂണ്ടിക്കാട്ടി. പെട്ടെന്ന് വിശക്കുമ്പോഴോ മധുരം കഴിക്കാൻ തോന്നുമ്പോഴോ മിനിറ്റുകൾക്കുള്ളിൽ സ്നാക്സുകളും ജങ്ക് ഫുഡും ഓർഡർ ചെയ്യുന്ന രീതി അവസാനിച്ചു. ഇത് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ തന്നെ സഹായിച്ചുവെന്നും അവർ പറയുന്നു.

ഫ്രാൻസിലേക്ക്

താൻ ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ ഉപേക്ഷിച്ചത് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായോ അല്ലെങ്കിൽ വലിയ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനോ വേണ്ടിയല്ലെന്ന് സലോനി പോസ്റ്റിന്‍റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന്‍റെ കാരണം ലളിതമായിരുന്നു, സലോനി ഫ്രാൻസിലേക്ക് താമസം മാറി. അവിടെ ഇത്തരത്തിൽ 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന സേവനങ്ങൾ ലഭ്യമല്ലായിരുന്നു. ഇന്ത്യയിലായിരുന്നപ്പോൾ ബ്ലിങ്കിറ്റ് തന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് അവർ ഓർക്കുന്നു.

തൊഴിൽദാതാക്കൾ, പക്ഷേ....

ക്വിക്ക് കൊമേഴ്‌സ് കമ്പനികൾ ഇന്ത്യയിൽ വലിയൊരു വിഭാഗത്തിന് തൊഴിൽ നൽകുന്നുണ്ടെന്ന യാഥാർത്ഥ്യം സലോനി അംഗീകരിക്കുന്നു. ഗവൺമെന്‍റിന് നൽകാൻ കഴിയാത്ത തൊഴിലവസരങ്ങൾ ഈ കമ്പനികൾ നൽകുന്നുണ്ടെങ്കിലും, അതിന് പിന്നിലെ ക്രൂരമായ വശങ്ങളെ അവർ തുറന്നുകാട്ടുന്നു. വികസിത രാജ്യങ്ങളിൽ വിദ്യാർത്ഥികളോ മറ്റ് ജോലിയുള്ളവരോ അധിക വരുമാനത്തിനായാണ് ഡെലിവറി ജോലി ചെയ്യുന്നത്. എന്നാൽ, ഇന്ത്യയിൽ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഏക ഉപജീവന മാർഗ്ഗമാണിത്. സുരക്ഷിതമായ റോഡുകളോ മെച്ചപ്പെട്ട തൊഴിലവസരങ്ങളോ നൽകുന്നതിൽ ഗവൺമെന്‍റ് പരാജയപ്പെട്ടപ്പോൾ, ആ വിടവ് ഇത്തരം കമ്പനികൾ നികത്തിയെന്ന് സലോനി ചൂണ്ടിക്കാട്ടുന്നു. അതേസമയം ഡെലിവറി കമ്പനികൾ ജോലിക്കാരിൽ നിന്ന് യൂണിഫോമിനും മറ്റും മുൻകൂട്ടി പണം ഈടാക്കുന്നതിനെ സലോനി വിമർശിച്ചു. ഏതെങ്കിലും വൈറ്റ് കോളർ ജോലിയിൽ ചേരുന്നതിന് മുൻപ് പണം ആവശ്യപ്പെട്ടാൽ നമ്മൾ അതിനെ 'തട്ടിപ്പ്' എന്ന് വിളിക്കുമായിരുന്നുവെന്നും അവർ പറയുന്നു. 10 മിനിറ്റിനുള്ളിൽ എത്തേണ്ടത് ആംബുലൻസും പോലീസും മാത്രമാണ്, അല്ലാതെ പലചരക്ക് സാധനങ്ങളല്ലെന്നും സലോനി പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നു.