രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നീളുന്ന ജോലിയുടെ മടുപ്പ് മാറ്റാന്‍, ജോലി രാജി വച്ച് വളര്‍ത്തു പൂച്ചയുമായി പസഫിക് കടല്‍ ചുറ്റാനിറങ്ങി യുവാവ്.
ജോലി ചെയ്തു മടുത്തതിനെ തുടർന്ന് വളർത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാൻ ഇറങ്ങിയ ഒറിഗൻ നിവാസി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധാ കേന്ദ്രമാകുന്നു. ഒലിവർ വിഡ്ജർ എന്ന വ്യക്തിയാണ് 9 മുതൽ 5 വരെയുള്ള തന്‍റെ ജോലി മടുത്തെന്നും ബോറടി മാറ്റാൻ വളർത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റിക്കറങ്ങാൻ പോവുകയാണെന്നും സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഇപ്പോൾ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒലിവർ വിഡ്ജർ തന്‍റെ വളർത്ത് പൂച്ച ഫീനിക്സിനൊപ്പം ഹവായിയിലേക്കുള്ള യാത്ര ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ജോലി ഉപേക്ഷിച്ച ഇദ്ദേഹം സ്വന്തമായി ഒരു ബോട്ട് വാങ്ങിയാണ് ഈ സാഹസിക യാത്രയ്ക്ക് ഇറങ്ങിയത്. ജോലിയിൽ തനിക്ക് മടുപ്പും ശൂന്യതയും അനുഭവപ്പെട്ടുവെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തുമാണ് ഇദ്ദേഹം പറയുന്നത്. തനിക്ക് മാത്രമല്ല തന്നെപ്പോലെ നിരവധി പേർക്ക് സമാനമായ ശൂന്യതയും മടുപ്പും അനുഭവപ്പെടുന്നുണ്ടാകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിട്ടുന്ന ശമ്പളം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഠിനാധ്വാനത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരേ രീതിയിലുള്ള ഈ ജീവിതം എത്രമാത്രം അർത്ഥശൂന്യമാണെന്ന് തനിക്ക് അനുഭവപ്പെട്ടു പോവുകയാണെന്നും ഇദ്ദേഹം പറയുന്നു. തന്‍റെ പാത സ്വീകരിക്കാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ടെന്നതിന്‍റെ തെളിവാണ് സമൂഹ മാധ്യമത്തിലെ തൻറെ വീഡിയോകളെന്നും ഈ 29 -കാരൻ അവകാശപ്പെട്ടു. വലിയ സ്വീകാര്യതയാണ് തൻറെ കഥയ്ക്ക് ലഭിക്കുന്നതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഉണ്ടായ ഒരു രോഗാവസ്ഥയാണ് മാറി ചിന്തിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഒലിവർ പറയുന്നത്. പക്ഷാഘാത സാധ്യതയുണ്ടെന്ന് കണ്ടെത്തിയപ്പോൾ മുതലാണ് ജീവിതത്തെ കൂടുതൽ ആസ്വാദ്യകരമാക്കണം എന്ന തോന്നൽ തന്നിൽ ഉണ്ടായതെന്നും ഇദ്ദേഹം പറയുന്നു. ജോലി രാജിവെക്കുമ്പോൾ തനിക്ക് പ്രത്യേക സമ്പാദ്യങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും യൂട്യൂബ് വീഡിയോയിലൂടെയാണ് സെയിലിംഗ് പഠിച്ചതെന്നും ഒലിവർ വ്യക്തമാക്കി. തൻറെ സ്വപ്നങ്ങൾക്കായി താൻ ഒറിഗോൺ തീരത്തേക്ക് താമസം മാറിയതായും 50,000 ഡോളർ ചെലവഴിച്ച ഒരു ബോട്ട് വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ, ഒലിവർ സെയിലിംഗ് നടത്തിയും തന്‍റെ യാത്ര വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുമാണ് ജീവിതം ആസ്വാദ്യകരമാക്കുന്നത്. 'സെയിലിംഗ് വിത്ത് ഫീനിക്സ്' എന്ന പേരിലാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വീഡിയോകൾ പങ്കുവെക്കുന്നത്.