കയ്യടിക്കണം ഈ മനസിന്; വൈറലായി വീഡിയോ, മഞ്ഞിൽ കുടുങ്ങി മാൻ, രക്ഷപ്പെടാൻ വഴികാട്ടി ഒരു ഹീറോ
പാടുപെട്ട് മാനിന് അരികിലെത്തിയ ആ മനുഷ്യൻ അതിനെ എഴുന്നേൽപ്പിച്ച് മുൻപോട്ട് നടത്താൻ ശ്രമിക്കുന്നു. പക്ഷേ, മഞ്ഞുമൂടിക്കിടക്കുന്ന ആ സ്ഥലത്ത് എങ്ങോട്ട് പോകണമെന്ന് അറിയാതെ മാൻ നിസ്സഹായനായി തന്നെ നിൽക്കുന്നു.

സഹാനുഭൂതി, ദയ എന്നിവയൊക്കെയാണ് മനുഷ്യരെ മൃഗങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്ന ചില ഗുണങ്ങൾ. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വളരെ വേഗത്തിൽ വൈറലായി. ഒരു മനുഷ്യൻറെ സഹാനുഭൂതിയും ദയയും ഒക്കെ തുറന്നുകാട്ടിയ ഒരു വീഡിയോ ആയിരുന്നു ഇത്.
മഞ്ഞുകൂമ്പാരത്തിനുള്ളിൽ കുടുങ്ങിപ്പോയ ഒരു മാനിന് സുരക്ഷിതമായി കാട്ടിലേക്ക് പോകുന്നതിനായി സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു മനുഷ്യൻ വഴി കാണിച്ചു കൊടുക്കുകയായിരുന്നു. ഏറെ ഹൃദയസ്പർശിയായ ഈ വീഡിയോ നന്മയുള്ള നിരവധി മനുഷ്യർ നമുക്ക് ചുറ്റും ഉണ്ടെന്ന് തെളിയിച്ചു തരുന്നതാണ്.
നേച്ചർ ഈസ് അമേസിങ് എന്ന ജനപ്രിയ എക്‌സ് (ട്വിറ്റർ) പേജ് പങ്കിട്ട ക്ലിപ്പ് ഇതിനകം 400k -യിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ആളുകളെ ആഴത്തിൽ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഈ വീഡിയോ ഒരു തവണയെങ്കിലും കാണേണ്ടതു തന്നെയാണ്.
ഹൃദയത്തിൽ തൊടുന്ന ഒരു കഥ പോലെ മനോഹരമാണ് ഈ വീഡിയോ. കനത്ത മഞ്ഞുവീഴ്ചയുള്ള ഒരു മേഖലയിലൂടെ കാറിൽ യാത്ര ചെയ്തുവരുന്ന ഒരു വ്യക്തി മഞ്ഞു വീഴ്ചയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് അവിചാരിതമായി മഞ്ഞു കൂമ്പാരത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു മാനിനെ കാണുന്നത്. അല്പം ദൂരം മുന്നോട്ടു പോയെങ്കിലും വാഹനം പെട്ടെന്ന് തന്നെ നിർത്തി ഒരാൾ അതിൽ നിന്നും ഇറങ്ങുന്നു. ശേഷം മാൻ കിടന്ന സ്ഥലം ലക്ഷ്യമാക്കി അദ്ദേഹം മഞ്ഞുപാളികൾക്കിടയിലൂടെ നടന്നു തുടങ്ങുന്നു. അപ്പോൾ മാത്രമാണ് ആ മഞ്ഞ് വീഴ്ചയുടെ കാഠിന്യം നമുക്ക് മനസ്സിലാകുക. കാരണം അദ്ദേഹത്തിൻറെ അരയോളം ഭാഗം മഞ്ഞുമൂടി കിടക്കുകയാണ്.
പാടുപെട്ട് മാനിന് അരികിലെത്തിയ ആ മനുഷ്യൻ അതിനെ എഴുന്നേൽപ്പിച്ച് മുൻപോട്ട് നടത്താൻ ശ്രമിക്കുന്നു. പക്ഷേ, മഞ്ഞുമൂടിക്കിടക്കുന്ന ആ സ്ഥലത്ത് എങ്ങോട്ട് പോകണമെന്ന് അറിയാതെ മാൻ നിസ്സഹായനായി തന്നെ നിൽക്കുന്നു. ഉടനെ ആ മനുഷ്യൻ മാനിന്റെ മുൻപിലൂടെ നടന്ന് അതിന് സുരക്ഷിതമായി മഞ്ഞു കൂമ്പാരത്തിൽ നിന്നും പുറത്തു കടക്കാനുള്ള വഴി കാണിച്ചു കൊടുക്കുന്നു. അതു മനസ്സിലാക്കിയ ആ മാൻ ആ മനുഷ്യൻ നടന്ന അതേ പാതയിലൂടെ തന്നെ നടന്ന് സുരക്ഷിതമായി പുറത്തു കടക്കുന്നു. മാൻ സുരക്ഷിതമായി പുറത്തെത്തി എന്ന് ഉറപ്പാക്കുന്നത് വരെ ആ മനുഷ്യൻ മഞ്ഞുകൂമ്പാരത്തിനുള്ളിൽ അതിനെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.
ഹൃദയസ്പർശിയായ ഈ രക്ഷാപ്രവർത്തനത്തിന് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും വലിയ അഭിനന്ദനങ്ങൾ ആണ് ലഭിച്ചത്. എത്ര മനോഹരമായ കാഴ്ചയെന്നും യഥാർത്ഥ മനുഷ്യനെന്നും നിരവധിപേർ കുറിച്ചു. നന്മയുള്ള നിരവധി മനുഷ്യർ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. ഒരുപാടു കാര്യങ്ങൾ ലോകത്തോട് വിളിച്ചു പറയുന്ന ഒരു ലളിതമായ പ്രവൃത്തി എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. എത്ര സത്യസന്ധമായാണ് ആ മാൻ തനിക്ക് വഴികാട്ടിയായ മനുഷ്യനെ വിശ്വസിച്ചതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.