ഇത് ആരും കൊതിച്ചുപോകുന്ന സ്വപ്നനിമിഷം; യുവതിയെ ഞെട്ടിച്ച് കാമുകൻ, കോൾഡ് പ്ലേ കൺസേർട്ടിനിടെ വിവാഹാഭ്യർത്ഥന
ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ വച്ച് യുവതിയെ കാമുകൻ പ്രൊപ്പോസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ബ്രിട്ടിഷ് റോക്ക് ബാൻഡ് കോൾഡ് പ്ലേയുടെ ലൈവ് സംഗീതപരിപാടി കഴിഞ്ഞ ദിവസങ്ങളിലാണ് മുംബൈയിൽ നടന്നത്. എല്ലാവരും ഏറെ ആവേശത്തോടെയാണ് ഈ അപൂർവ നിമിഷങ്ങൾക്കായി കാത്തിരുന്നത്. ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ഓർമ്മയായി ലൈവ് കൺസേർട്ടിൽ പങ്കെടുത്തതിനെ മാറ്റാനാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ, ഈ യുവതിയെ സംബന്ധിച്ച് ആ ദിനം ഇരട്ടി മധുരമായിരുന്നു. ഇതിന്റെ മനോഹരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ വച്ച് യുവതിയെ കാമുകൻ പ്രൊപ്പോസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അദിതി ബർദിയ ആണ് ഈ മനോഹരവും ഹൃദയഹാരിയുമായ വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഇതൊരു മികച്ച പ്രൊപ്പോസൽ ആയരുന്നേനെ, പക്ഷേ ക്രിസ് മാർട്ടിൻ ആ നേരത്ത് ബുംമ്രയെ കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചു, എന്തുകൊണ്ട്' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
കോൾഡ്പ്ലേയുടെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് ഗായകനും ഗാനരചയിതാവും സംവിധായകനുമാണ് ക്രിസ്റ്റഫർ ആന്റണി ജോൺ എന്ന ക്രിസ് മാർട്ടിൻ. മുംബൈയിൽ നടക്കുന്ന ലൈവ് സംഗീതപരിപാടിക്കിടെ ക്രിസ് മാർട്ടിൻ ബുംമ്രയെ പ്രശംസിച്ചിരുന്നു, എന്തായാലും, അതേ സമയത്താണ് അദിതിയെ കാമുകൻ പ്രൊപ്പോസ് ചെയ്യുന്നതും.
അദിതി പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത്, കാമുകൻ അവളോട് വിവാഹാഭ്യർത്ഥന നടത്തുന്നതാണ്. അവൾ വളരെ ആഹ്ലാദത്തോടെ അതിനോട് പ്രതികരിക്കുന്നതും കാണാം. അങ്ങനെ കാമുകൻ അവളുടെ കയ്യിൽ മോതിരം അണിയിക്കുകയാണ്. ഇരുവരും വളരെ അധികം ആഹ്ലാദത്തിൽ ആണ് എന്നും വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഒരാൾ പറഞ്ഞത്, 'ഒരേസമയം മനോഹരവും തമാശയുമുള്ള വീഡിയോ' എന്നാണ്.