ജാർഖണ്ഡിലെ റാഞ്ചിയിലുള്ള ബിർസ മുണ്ട സെൻട്രൽ ജയിലിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അഴിമതിക്കേസുകളിൽ പ്രതികളായ രണ്ട് തടവുകാർ പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതും മറ്റൊരാൾ മൊബൈലിൽ പകർത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കേരളത്തിലെ അടക്കം ഇന്ത്യയിലെ പല ജയിലുകളിലും ജയിൽ ഉദ്യോഗസ്ഥരും കുറ്റവാളികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി തവണ പല റിപ്പോര്‍ട്ടുകൾ വന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ ഒന്നും ചെയ്യാന്‍ ഇതുവരെ ഒരു സംസ്ഥാന സര്ക്കാറുകൾക്കും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിലിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇത് സംസ്ഥാനത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
17 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ക്ലിപ്പിൽ രണ്ട് തടവുകാർ പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്നതും അത് മറ്റൊരു തടവുകാരന്‍ മൊബൈലില്‍ ചിത്രീകരിക്കുന്നതും കാണാം. ജയിലിലെ മറ്റ് അന്തേവാസികൾ ഇരുവരുടെയും നൃത്തം നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്ന ഒന്നാണ് മൊബൈല്‍. അത് വച്ച് ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
അഴിമതി കുറ്റം
വീഡിയോയിലെ നൃത്തം ചെയ്യുന്ന തടവുകാർ കോടിക്കണക്കിന് രൂപയുടെ മദ്യ അഴിമതിക്കേസിലെ പ്രതിയായ വിധു ഗുപ്തയും ജിഎസ്ടി അഴിമതിക്കേസിലെ പ്രതിയായ വിക്കി ഭലോട്ടിയയുമാണെന്ന് തിരിച്ചറിഞ്ഞു. സാധാരണ തടവുകാർക്ക് ലഭ്യമല്ലാത്ത സൗകര്യങ്ങളുള്ള ഒരു പ്രത്യേക ഹാളിലാണ് ഇരുവരും നൃത്തം ചെയ്തത്. ഇത് ജയിലിനുള്ളിൽ ഇരുവർക്കുമുള്ള വിഐപി പരിഗണയിലേക്ക് വിരൽചൂണ്ടുന്നു.
നടപടി
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവദമാവുകയും പിന്നാലെ ജയിൽ ഭരണകൂടം വിഷയത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തിൽ ജയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തിയതായും അസിസ്റ്റന്‍റ് ജയിലർ ദേവ്‌നാഥ് റാം, ജമാദാർ വിനോദ് കുമാർ യാദവ് എന്നിവരെ സസ്‌പെൻഡ് ചെയ്തതായും സംസ്ഥാന ജയിൽ വകുപ്പ് അറിയിച്ചു. തടവുകാർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്താൻ എങ്ങനെ കഴിഞ്ഞുവെന്നതും അന്വേഷണ പരിധിയില്‍പ്പെടുന്നു.
രാഷ്ട്രീയ വിവാദം
വീഡിയോ ജാർഖണ്ഡിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. സംസ്ഥാന സർക്കാർ അഴിമതി വളർത്തുന്നുവെന്നും ശക്തരായ തടവുകാർക്ക് വിഐപി പ്രത്യേകാവകാശങ്ങൾ നൽകുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് മറുപടിയായി, ജാർഖണ്ഡ് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചു.


