തോക്കുമായി മറഞ്ഞിരിക്കുന്ന രണ്ട് ആണ്‍ കുട്ടികള്‍ അവരോട് കൈയിലെ തോക്ക് താഴെയിടാന്‍ നിരന്തരം ആവശ്യപ്പെട്ട് പോലീസും. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 

'80 കളിലെയും '90 കളിലെയും തലമുറ ഏറെ ആവേശത്തോടെയാണ് കിരീടം എന്ന സിനിമയിലെ, 'കത്തി താഴെയിടടാ... നിന്‍റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ...' എന്ന കോണ്‍സ്റ്റബിൾ അച്ചുതന്‍ നായരായി മാറിയ തിലകന്‍റെ സിനിമാ രംഗങ്ങൾ കണ്ടിട്ടുള്ളത്. അതൊരു സിനിമാ രംഗം മാത്രമായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പകർത്തിയ രംഗങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഒരു സിനിമ. എന്നാല്‍, സമാനമായ ഒരു രംഗം കഴിഞ്ഞ ദിവസം ന്യൂ മെക്സിക്കോയില്‍ സംഭവിച്ചു. പക്ഷേ, അവിടെ പോലീസ് പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന സേതു മാധവന് പകരം 7- ഉം 9 -ഉം വയസുള്ള രണ്ട് കൊച്ചു കുട്ടികൾ. അവുടെ കൈയില്‍ കത്തിയായിരുന്നില്ല. നിറത്തോക്കായിരുന്നു. 

ന്യൂ മെക്സിക്കോയിലെ ബെർണാലില്ലോ കൗണ്ടി ഷെരീഫ് ഓഫീസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിന്‍റെ വീഡിയോ പുറത്ത് വിട്ടത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. മൈൻക്രാഫ്റ്റ്, സ്റ്റാർ വാർസ് തുടങ്ങിയ ചിത്രങ്ങൾ പതിച്ച ബനിയന്‍ ധരിച്ച രണ്ട് ആണ്‍ കുട്ടകൾ ബ്രൌണ്‍ നിറത്തിലുള്ള പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച എയർ കണ്ടീഷനിംഗ് യൂണിറ്റിന് പിന്നിൽ മറഞ്ഞ് നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ദൃശ്യങ്ങൾ തുടങ്ങുമ്പോൾ തന്നെ കുട്ടികളില്‍ ഒരാളുടെ കൈയിൽ തോക്കുള്ളത് കാണാം. പശ്ചാത്തലത്തില്‍ ഒരു സ്ത്രീയും പുരുഷനും തോക്ക് താഴെയിടാനായി കുട്ടികളോട്  നിരന്തരം ആവശ്യപ്പെടുന്നു. എന്നാല്‍, കുട്ടികൾ തോക്ക് താഴെയിടാന്‍ കൂട്ടാക്കുന്നില്ല. മാത്രമല്ല, രണ്ടാമത്തെ കുട്ടി ഇടയ്ക്ക്, മറ്റേയാളില്‍ നിന്നും തോക്ക് പിടിച്ച് വാങ്ങുന്നതും വീഡിയോയില്‍ കാണാം. 

 

View post on Instagram
 

എഡിറ്റ് ചെയ്ത തൊട്ടടുത്ത ദൃശ്യത്തില്‍ ആദ്യ കുട്ടിയുടെ കൈയില്‍ തോക്ക് കാണാം. കാഞ്ചിയില്‍ വിരലമര്‍ത്തി കുട്ടി നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി അവന്‍റെ സമീപത്ത് ഒരു തോക്ക് പൊട്ടുന്നു. ഭയന്ന് പോയ കുട്ടി വെടിയുണ്ട വന്ന ഭാഗത്തേക്ക് തോക്കി ചൂണ്ടിപ്പിടിക്കുന്നു. ഇതിനിടെ രണ്ടാമത്തെ കുട്ടി എയർ കണ്ടീഷനിംഗ് യൂണിറ്റിനും മതിലും ഇടയില്‍ ഒളിക്കുന്നു. സമാനമായ രീതിയില്‍ രണ്ടാമത്തെ തോക്ക് പൊട്ടിയതും തോക്ക് കൈയിലുള്ള കുട്ടിയും ഒളിക്കുന്നു. കുട്ടികളുടെ നീക്കം ഡ്രോണ്‍ ക്യാമറയില്‍ കണ്ട് കൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർ മറുവശത്ത് കൂടിയെത്തി പെട്ടെന്ന് കുട്ടിയുടെ കൈയില്‍ നിന്നും തോക്ക് തട്ടിയെടുത്ത് അവനെ വലിച്ച് പൊക്കി പുറത്തേക്ക് കൊണ്ടു പോകുന്നു. ഇതിനിടെ മറ്റേകുട്ടിയെ മറ്റൊരു പോലീസുകാരനും കൂട്ടിക്കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം. പങ്കിട്ട ആറ് മിനിറ്റോളമുള്ള ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്താന്‍ പോകുന്നതാണ്. 

ഫെബ്രുവരി 16 -നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡെപ്യൂട്ടി സംഭവത്തിന്‍റെ വീഡിയോ പുറത്ത് വിട്ടത്. ഒപ്പം, കുട്ടികൾക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് വ്യക്തമല്ലെന്നും കുട്ടികളും വീട്ടുകാരുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നും പോലീസ് അറിയിച്ചു. തോക്ക് പിടിച്ചെടുത്തെങ്കിലും കുട്ടികൾക്കെതിരെ കുറ്റങ്ങൾ ഒന്നും ചുമത്തിയിട്ടില്ല. കുട്ടികൾ അവരുടെ വീടുകളില്‍ തന്നെയാണ് താമസിക്കുന്നത്. പോലീസിന്‍റെ ബിഹേവിയറൽ ഹെൽത്ത് യൂണിറ്റിലെ അംഗങ്ങൾ കുട്ടികളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.